
ഡല്‍ഹിക്കായി ഇഷാന്ത് ശര്‍മ അവസാന ഓവര്‍ ബാറ്റു ചെയ്യാന്‍ എത്തുന്നു. ആ ഓവറില്‍ ധോണി പന്തേല്‍പ്പിച്ചതാകട്ടെ വിശ്വസ്തന്‍ രവീന്ദ്ര ജഡേജയെയും. ഒരു ബൗണ്ടറിയും ഒരു സിക്‌സും - നിസാരനെന്ന് കരുതിയ ഇഷാന്ത് ശര്‍മ ജഡേജയെ തലങ്ങും വിലങ്ങും പ്രഹരിച്ചു. ഇതോടെ ധോണിക്ക് നിയന്ത്രണം നഷ്ടപ്പെട്ടതായി ഇഷാന്ത് ശര്‍മ വ്യക്തമാക്കി. പിന്നാലെ ജഡേജയ്ക്ക് എതിരെ ഇതിഹാസ നായകന്‍ രോഷംകൊള്ളുകയും ചെയ്തു.

'കഴിഞ്ഞ വര്‍ഷം ഐപിഎല്ലിനിടെ മഹീ ഭായി (ധോണി) എന്നെ കളിയാക്കുമായിരുന്നു സിക്‌സറടിക്കുന്ന കാര്യത്തില്‍. എന്നും പറയും എനിക്ക് സിക്‌സടിക്കാന്‍ കഴിയില്ല. സിക്‌സടിക്കാന്‍ കൈക്കരുത്ത് വേണം. അതെനിക്കില്ല. എന്നാല്‍ അന്നത്തെ മത്സരത്തില്‍ ജഡേജയ്്ക്ക് എതിരെ ഞാന്‍ തിളങ്ങി. ഒരു സിക്സും ഒരു ഫോറും ജഡേജയുടെ ഓവറില്‍ ഞാനടിച്ചു. ഇതിന് ശേഷം ഞാന്‍ മഹീ ഭായിയെ തിരിഞ്ഞുനോക്കി, അദ്ദേഹത്തിന്റെ പ്രതികരണമറിയാന്‍. ഈ സമയം മഹീ ഭായി ജഡേജയോട് രോഷംകൊള്ളുകയായിരുന്നു', യൂട്യൂബ് ഷോയായ ഐസോലേഷന്‍ പ്രീമിയര്‍ ലീഗില്‍ ഇഷാന്ത് ശര്‍മ പറഞ്ഞു.

നേരത്തെ, ടെസ്റ്റ് കരിയറിലെ ഏറ്റവും അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളെ കുറിച്ചും ഇഷാന്ത് ശര്‍മ ഓര്‍ത്തെടുത്തിരുന്നു. 2014 -ല്‍ ലോര്‍ഡ്‌സിലെ ഏഴു വിക്കറ്റ് പ്രകടനവും 2019 -ല്‍ ബംഗ്ലാദേശിന് എതിരായ ആദ്യ പിങ്ക് ബോള്‍ ടെസ്റ്റിലെ അഞ്ചു വിക്കറ്റ് നേട്ടവും ഇഷാന്തിന് ഒരുപോലെ പ്രിയപ്പെട്ടതാണ്. 'ലോര്‍ഡ്‌സിലെ ഏഴു വിക്കറ്റ് പ്രകടനം ഒരുകാലത്തും ഞാന്‍ മറക്കില്ല. അതേപോലെയാണ് പിങ്ക് ബോള്‍ ടെസ്റ്റിലെ അഞ്ചു വിക്കറ്റ് നേട്ടവും. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അഞ്ചു വിക്കറ്റു നേട്ടം ഞാന്‍ ആവര്‍ത്തിക്കുന്നത്', ഇഷാന്ത് ശര്‍മ അറിയിക്കുകയുണ്ടായി.

2014 -ലെ ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇഷാന്തായിരുന്നു പ്ലേയര്‍ ഓഫ് ദി മാച്ച്. അന്ന് ഇന്ത്യ ഇംഗ്ലീഷ് മണ്ണില്‍ 95 റണ്‍സിന്റെ ഐതിഹാസിക ജയം കുറിച്ചു. രണ്ടാം ഇന്നിങ്‌സില്‍ 74 റണ്‍സ്് വിട്ടുനല്‍കി ഏഴു വിക്കറ്റെടുത്ത ഇഷാന്ത് ശര്‍മയാണ് ഇംഗ്ലീഷ് പടയുടെ നടുവൊടിച്ചത്. ബംഗ്ലാദേശിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഒന്‍പതു വിക്കറ്റുകളാണ് രണ്ടിന്നിങ്‌സുകളിലുമായി (5/22, 4/56) ഇഷാന്ത് കുറിച്ചത്.


Click it and Unblock the Notifications