റാഞ്ചി: ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണി ഇനി സ്‌കൂള്‍ പാഠപുസ്തകത്തിലും. സംസ്ഥാനത്തെ സ്‌പോര്‍ട്‌സ് ഐക്കണുകളുടെ ജീവചരിത്രം പഠിപ്പിക്കാന്‍ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് ധോണി പാഠപുസ്തകത്തിലും ഇടംപിടിച്ചത്. ധോണിയെക്കൂടാതെ അമ്പെയ്ത്ത് താരം ദീപിക കുമാരി, ഹോക്കി താരങ്ങളായ ജയ്പാല്‍ സിങ്, അസുന്ദ ലക്ര എന്നിവരും പാഠഭാഗങ്ങളാകും.
ഏപ്രില്‍ മുതലാണ് പുതിയ പുസ്തകങ്ങള്‍ എത്തുക. സര്‍ക്കാര്‍ സ്‌കൂളുകളിലാണ് പുതിയ സിലബസിലുള്ള പുസ്തകങ്ങള്‍ പഠിപ്പിക്കുന്നത്. എം എസ് ധോണി, ദീപിക കുമാരി എന്നിവരെക്കുറിച്ച് സംസ്ഥാനത്തെ കുട്ടികള്‍ക്ക് ഇപ്പോള്‍ത്തന്നെ നല്ലവണ്ണം അറിയാം. ജാര്‍ഖണ്ഡില്‍ അത്രയും പോപ്പുലറാണ് ഇരുവരും. ജാര്‍ഖണ്ഡില്‍ നിന്നും ഇന്ത്യന്‍ ടീമിന്റെ നായകനാകുന്ന ആദ്യത്തെ ക്രിക്കറ്റ് താരമാണ് ക്യാപ്റ്റന്‍ കൂള്‍ എം എസ് ധോണി.

ജാര്‍ഖണ്ഡിന്റെ ജനകീയ കായിക ഇനമായ ഹോക്കിയിലെ സൂപ്പര്‍ താരമാണ് അസുന്ദ ലക്ര. ദേശീയ വനിതാ ടീമിന്റെ ക്യാപ്റ്റനായിരുന്നു. അസുന്ദ ലക്രയുടെ കീഴില്‍ ഒട്ടേറെ പ്രശസ്ത വിജയങ്ങള്‍ നേടാന്‍ ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് സാധിച്ചു. പ്രോമിസിങ് താരത്തിന് ഇന്ത്യന്‍ ഹോക്കി ഏര്‍പ്പെടുത്തിയ 10 ലക്ഷം രൂപയുടെ ദേശീയ അവാര്‍ഡ് അസുന്ദ ലക്രയുടെ പേരിലാണ്.
1926 ആംസ്റ്റര്‍ഡാം ഒളിംപിക്‌സില്‍ സ്വര്‍ണമെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന്റെ നായകനായിരുന്നു തേജ്പാല്‍ സിങ്. സാക്ഷാല്‍ ധ്യാന്‍ചന്ദിന്റെ വരെ ക്യാപ്റ്റനായിരുന്നു ഇദ്ദേഹം. സംസ്ഥാനത്തിന്റെ അഭിമാനമായ സ്‌പോര്‍ട്‌സ് താരങ്ങള്‍ എന്ന നിലയ്ക്കാണ് ധോണി, ദീപിക കുമാരി, ജയ്പാല്‍ സിങ്, അസുന്ദ ലക്ര എന്നിവരെ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി നീര യാദവ് പറഞ്ഞു.