മുംബൈ: എട്ട് ടെസ്റ്റുകളില്‍ തുടര്‍ച്ചയായി ഇന്ത്യന്‍ ടീം തോറ്റപ്പോഴും ക്യാപ്റ്റന്‍ എം എസ് ധോണിക്ക് ഇത്രയധികം ദേഷ്യം വന്ന് കണ്ടിട്ടില്ല ആരും. ഉത്തരവാദിത്തം സഹ കളിക്കാരുടെ തലയില്‍ വെക്കുമെങ്കിലും രൂക്ഷമായ ഭാഷാപ്രയോഗങ്ങള്‍ ധോണി നടത്താറില്ല. എന്നാല്‍ ഐ പി എല്‍ ക്വാളിഫയറില്‍ പഞ്ചാബിനെതിരെ തോറ്റതോടെ ക്യാപ്റ്റന്‍ കൂളിന്റെ എല്ലാ നിയന്ത്രണവും പോയി.
പരിചയസമ്പത്തുള്ള അന്താരാഷ്ട്ര താരങ്ങള്‍ ഉത്തരവാദിത്തത്തോടെ കളിക്കണം എന്നാണ് കളിക്ക് ശേഷം ധോണി പറഞ്ഞത്. അന്താരാഷ്ട്ര താരങ്ങളുടെ ഉത്തരവാദിത്തമില്ലായ്മയാണ് കളി നശിപ്പിച്ചത്. സുരേഷ് റെയ്‌ന ആറോവറില്‍ 100 റണ്‍സ് എന്ന സ്ഥിതി വരെ എത്തിച്ച ശേഷമാണ് ചെന്നൈ പഞ്ചാബിനോട് 24 റണ്‍സിന് തോറ്റത്.

ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കുല്ലമായിരുന്നു ധോണിയുടെ ആദ്യത്തെ ലക്ഷ്യം എന്നത് വ്യക്തം. 227 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടരുമ്പോള്‍ 15 പന്തില്‍ വെറും പത്ത് റണ്‍സായിരുന്നു മക്കുല്ലത്തിന്റെ സമ്പാദ്യം. മികച്ച ഫോമില്‍ കളിച്ചുവരികയായിരുന്ന സുരേഷ് റെയ്‌നയെ റണ്ണൗട്ടാക്കിയ മക്കുല്ലം സ്വയം റണ്ണൗട്ടാകുകയും ചെയ്തു.
ഫാഫ് ഡുപ്ലിസി പൂജ്യം, സ്മിത്ത് ഏഴ്, ഡേവിഡ് ഹസി 1 എന്നിങ്ങനെയായിരുന്നു ചെന്നൈയുടെ മറ്റ് വിദേശി കളിക്കാരുടെ സ്‌കോറുകള്‍. ധോണിക്ക് ദേഷ്യം വരാതിരിക്കുന്നതെങ്ങനെ. 227 റണ്‍സിന്റെ പടുകൂറ്റന്‍ ടോട്ടല്‍ പിന്തുടരുമ്പോഴാണ് ബാറ്റ്്‌സ്മാന്‍ ഈ കൊടുംചതി ചെയ്തത്. ആറോവറില്‍ രണ്ടിന് 100 എന്ന നിലയില്‍ നിന്നും 13 ഓവറില്‍ ആറിന് 142 എന്ന നിലയിലേക്ക് വീണു ചെന്നൈ.
തുടര്‍ച്ചയായി മൂന്നാം തവണയും പഞ്ചാബിനെതിരെ 200 റണ്‍സിന് മുകളില്‍ വഴങ്ങിയ ബൗളര്‍മാരെയും ധോണി കളിയാക്കി. 200 ല്‍ കൂടുതല്‍ റണ്‍സ് കൊടുക്കുമെന്ന് എനിക്ക് ബൗളര്‍മാരില്‍ വിശ്വാസമുണ്ടായിരുന്നു എന്നാണ് ധോണിയുടെ പരിഹാസം. എന്നാല്‍ ഫാസ്റ്റ് ബൗളര്‍ ഹില്‍ഫനാസിനെ കളിപ്പിക്കാതെ ബാറ്റിംഗ് നിരയെ മാത്രം വിശ്വസിച്ചാണ് ധോണി കളിക്കാനിറങ്ങിയത്. പഞ്ചാബ് ബാറ്റ്‌സ്മാന്‍മാര്‍ അടിച്ച് തകര്‍ക്കുമ്പോഴും റെയ്‌ന, ഹസി, സ്മിത്ത് എന്നീ പാര്‍ട് ടൈം ബൗളര്‍മാരെ ധോണി പരിക്ഷിച്ചില്ല.