വീണ്ടും ബാറ്റിംഗ് ദുരന്തം, 148 ന് ഓളൗട്ട്
ഓവല്‍: മാഞ്ചസ്റ്ററില്‍ നിന്നും കളി ഓവലില്‍ എത്തിയെങ്കിലും ഇന്ത്യന്‍ ബാറ്റിംഗിന് മാറ്റമൊന്നും ഇല്ല. പേരുകേട്ട മുന്‍നിര ബാറ്റിംഗ് പുലികള്‍ വരുന്നു, വന്ന പോലെ പോകുന്നു. 82 റണ്‍സെടുത്ത ക്യാപ്റ്റന്‍ എം എസ് ധോണി ഉണ്ടായത് കൊണ്ട് ടീം ടോട്ടല്‍ 100 കടന്നു.
90 ന് 9 എന്ന നിലയില്‍ നിന്നും ഇഷാന്ത് ശര്‍മയെ കൂട്ടുപിടിച്ചാണ് ധോണി ഇന്ത്യയെ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. 58 റണ്‍സാണ് പത്താം വിക്കറ്റില്‍ ഇന്ത്യയ്ക്ക് കിട്ടിയത്. നാലിന് 28 ക്രീസിലെത്തിയ ധോണി ഏറ്റവും അവസാനമാണ് പുറത്തായത്. 140 പന്തില്‍ 15 ഫോറും ഒരു സിക്‌സും ധോണി പറത്തി.
ധോണിയെക്കൂടാതെ രണ്ടക്കം കടന്നത് ഓപ്പണര്‍ വിജയും ഓള്‍റൗണ്ടര്‍ അശ്വിനും മാത്രം. ഇന്ത്യന്‍ ബാറ്റിംഗിന്റെ ദയനീയ ചിത്രങ്ങള്‍ കാണൂ.

തുടക്കം ഗംഭീറിലൂടെ
ഓപ്പണര്‍ ഗൗതം ഗംഭീര്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി ബാറ്റിംഗ് കൂട്ടത്തകര്‍ച്ചയ്ക്ക് തുടക്കമിട്ടു. ഗംഭീറിനെ പൂജ്യനായി മടക്കിയത് ആന്‍ഡേഴ്‌സണ്‍. കീപ്പര്‍ ബട്‌ലര്‍ര്‍ക്ക് ക്യാച്ച്. ഇന്ത്യ ഒരു വിക്കറ്റിന് മൂന്ന് റണ്‍സ്.

പൂജാര ക്ലീന്‍ ബൗള്‍ഡ്
4 റണ്‍സ് മാത്രമെടുത്ത ചേതേശ്വര്‍ പൂജാരയുടെ ഊഴമായിരുന്നു അടുത്തത്. സ്റ്റുവര്‍ട്ട് ബ്രോഡ് പൂജാരയെ ക്ലീന്‍ ബൗള്‍ ചെയ്ത് വിട്ടു. സ്‌കോര്‍ രണ്ട് വിക്കറ്റിന് 10 റണ്‍സ്

പതിവ് തെറ്റിക്കാതെ കോലി
വിരാട് കോലി വന്നതും പോയതും എല്ലാം വേഗത്തിലായിരുന്നു. ആറ് റണ്‍സില്‍ കോലി മടങ്ങി. ജോര്‍ദാനായിരുന്നു വിക്കറ്റ്. സ്‌കോര്‍ മൂന്ന് വിക്കറ്റിന് 26.

രഹാനെയ്ക്ക് ഭയങ്കര തിരക്ക്
താരതമ്യേന മികച്ച ഫോമില്‍ കളിച്ചിരുന്ന രഹാനെ ഇത്തവണ അക്കൗണ്ട് തുറക്കാനേ നിന്നില്ല. രഹാനെ ജോര്‍ദാന് റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ നാലിന് 28.

വിജയ് കാത്തുനിന്ന് മടുത്തു
ഒരറ്റത്ത് ക്ഷമയോടെ കാത്ത് നിന്ന മുരളി വിജയുടെ ഊഴമായിരുന്നു അടുത്തത്. 18 റണ്‍സെടുത്ത വിജയ് ആറാമനായി പുറത്താകുമ്പോള്‍ സ്‌കോര്‍ 36.

ബിന്നിയും പരാജയം
രണ്ട് ടെസ്റ്റിന് ശേഷം ടീമില്‍ തിരിച്ചെത്തിയ സ്റ്റുവര്‍ട്ട് ബിന്നിയും സ്‌കോര്‍ എഴുതന്നവരെ അധികം ബുദ്ധിമുട്ടിച്ചില്ല. ആന്‍ഡേഴ്‌സന് മുന്നില്‍ ബിന്നി വീഴുമ്പോള്‍ സ്‌കോര്‍ ഏഴിന് 44.

അശ്വിന്‍ കുറച്ച് കളിച്ചു
ഐ സി സിയുടെ ഒന്നാം നമ്പര്‍ ഓള്‍റൗണ്ടര്‍ അശ്വിന്‍ ധോണിക്കൊപ്പം ചെറിയൊരു പാര്‍ട്ണര്‍ഷിപ് ഉണ്ടാക്കി. വോക്‌സിന് വിക്കറ്റ് കൊടുത്ത് അശ്വിന്‍ മടങ്ങുമ്പോള്‍ സ്‌കോര്‍ ഏഴിന് 68.

ഭുവിയുടെ വളര്‍ച്ച താഴോട്ട്
ഈ പരമ്പരയില്‍ ഭുവനേശ്വര്‍ കുമാറിന്റെ ബാറ്റിംഗ് താഴേക്ക് താഴേക്ക് പോകുകയാണ്. ഈ ഇന്നിംഗ്‌സില്‍ വെറും 1 റണ്‍ മാത്രം എടുത്ത് ഭുവി ജോര്‍ദാന് കീഴടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ എട്ടിന് 79.

ആരോണ്‍ പാവം
വോക്‌സിന്റെ ബൗണ്‍സര്‍ കളിക്കാനുള്ള ബാറ്റിംഗൊന്നും വരുണ്‍ ആരോണിന്റെ പക്കലില്ല. ഒമ്പതാമനായി ആരോണ്‍ ഔട്ടാകുമ്പോള്‍ ഇന്ത്യ 90ല്‍ എത്തിയതേ ഉള്ളൂ.

ക്യാപ്റ്റനും വീണു
ഒറ്റയ്ക്ക് പൊരുതിയ ധോണിയും ഒടുവില്‍ വീണു. 82 റണ്‍സെടുത്ത് ഒറ്റയ്ക്ക് പൊരുതിയ ധോണി പത്താമനായി പുറത്താകുമ്പോള്‍ ഏഴ് റണ്‍സോടെ ഇഷാന്ത് മറ്റേയറ്റത്ത്. 71 മിനുട്ടുകളാണ് ഇഷാന്ത് ധോണിക്കൊപ്പം പിടിച്ചുനിന്നത്. ഇന്ത്യ 148 റണ്‍സിന് ഓളൗട്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications