വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

2023 ലോകകപ്പ്: ഇന്ത്യ ഇവരെ കൈവിടരുത്- കോലി പിന്തുണയ്‌ക്കേണ്ട താരങ്ങളെ അറിയാം

മലയാളി താരവും ഇക്കൂട്ടത്തിലുണ്ട്

ഐസിസിയുടെ അടുത്ത ഏകദിന ലോകകപ്പ് അരങ്ങേറുന്നത് 2023ലാണ്. ടി20 ലോകകപ്പിന്റെയും ഐപിഎല്‍ ഉള്‍പ്പെടെയുള്ള ഫ്രാഞ്ചൈസി ലീഗുകളുടെ വരവുമെല്ലാം ഏകദിന ലോകകപ്പിന്റെ ഗ്ലാമര്‍ കുറച്ചിട്ടുണ്ടെന്നത് യാഥാര്‍ഥ്യമാണ്. പക്ഷെ ഒരു ക്രിക്കറ്ററെ സംബന്ധിച്ചിടത്തോളം കരിയറില്‍ ഏറ്റവും നന്നായി പെര്‍ഫോം ചെയ്യാന്‍ ആഗ്രഹിക്കുന്നത് ലോകകപ്പ് വേദി തന്നെയാണെന്നതില്‍ തര്‍ക്കമില്ല.

ഇന്ത്യന്‍ ടീമിലേക്കു വരികയാണെങ്കില്‍ നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലി തന്നെയാവും 23ലെ ലോകകപ്പിലും നായകനാവാനാണ് സാധ്യത. ഒരുപക്ഷെ അദ്ദേഹത്തിന്റെ കരിയറിലെ അവസാനത്തെ ലോകകപ്പും കൂടിയായിരിക്കും ഇത്. ലോകകപ്പ് മുന്നില്‍ കണ്ട് ചില യുവ താരങ്ങള്‍ക്കു കോലിയുടെ പിന്തുണ ആവശ്യമുണ്ട്. എങ്കില്‍ ലോകകപ്പില്‍ ടീമിന്റെ നിര്‍ണായക താരങ്ങളായി അവര്‍ മാറിയേക്കും. ഈ കളിക്കാര്‍ ആരൊക്കെയാണന്നു നമുക്കു പരിശോധിക്കാം.

 ദേവ്ദത്ത് പടിക്കല്‍

ദേവ്ദത്ത് പടിക്കല്‍

നിലവില്‍ ഐപിഎല്ലില്‍ കോലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരവും മറുനാടന്‍ മലയാളി ഓപ്പണറുമായ ദേവ്ദത്ത് പടിക്കലാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. ആഭ്യന്തര ക്രിക്കറ്റില്‍ കഴിഞ്ഞ കുറച്ചു സീസണുകളിലായി റണ്‍സ് വാരിക്കൂട്ടുന്ന താരമാണ് ദേവ്ദത്ത്. ഐപിഎല്ലില്‍ ആര്‍സിബിക്കു വേണ്ടിയും മിന്നുന്ന പ്രകടനമാണ് ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ കാഴ്ചവയ്ക്കുന്നത്.
ഈ വര്‍ഷത്തെ വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ കര്‍ണാടകയ്‌ക്കൊപ്പം പുതിയൊരു റെക്കോര്‍ഡ് താരം കുറിച്ചിരുന്നു. ലിസ്റ്റ് എയില്‍ തുടര്‍ച്ചയായ നാലു സെഞ്ച്വറികളടിച്ച ആദ്യ താരമെന്ന നേട്ടമായിരുന്നു ദേവ്ദത്തിനെ തേടിയെത്തിയത്.
ആര്‍സിബിക്കു വേണ്ടി 21 മല്‍സരങ്ങളില്‍ നിന്നും 668 റണ്‍സാണ് താരം നേടിയത്. 33ന് മുകളില്‍ ശരാശരിയും 130 സ്‌ട്രൈക്ക് റേറ്റും ദേവ്ദത്തിനുണ്ടായിരുന്നു. ഈ സീസണിലെ ഐപിഎല്ലില്‍ സെഞ്ച്വറിയും താരം കുറിച്ചിരുന്നു. അടുത്തിടെ ശിഖര്‍ ധവാനു കീഴില്‍ ഇന്ത്യന്‍ ടീം ശ്രീലങ്കയില്‍ പര്യടനം നടത്തിയപ്പോള്‍ ദേവ്ദത്ത് ടീമിലുണ്ടായിരുന്നു. ടി20 പരമ്പരയിലൂടെ താരം ദേശീയ ടീമിനായി അരങ്ങേറുകയും ചെയ്തിരുന്നു.

 പ്രസിദ്ധ് കൃഷ്ണ

പ്രസിദ്ധ് കൃഷ്ണ

ഐപിഎല്ലിലൂടെ ദേശീയ ടീമിലേക്കു ചുവടുവച്ച മറ്റൊരു താരമാണ് യുവ പേസര്‍ പ്രസിദ്ധ് കൃഷ്ണ. ഈ വര്‍ഷം മാര്‍ച്ചില്‍ ഇംഗ്ലണ്ട് ടീം ഇന്ത്യയില്‍ പര്യടനം നടത്തിപ്പോള്‍ ഏകദിന പരമ്പരയിലൂടെയായിരുന്നു പ്രസിദ്ധ് അരങ്ങേറിയത്. ആദ്യ പരമ്പരയില്‍ തന്നെ ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കാനും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് പേസര്‍ക്കു സാധിച്ചു. അരങ്ങേറ്റ ഏകദിനത്തില്‍ തന്നെ നാലു വിക്കറ്റുകളെടുത്ത ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും പ്രസിദ്ധ് കുറിച്ചിരുന്നു.
2018 മുതല്‍ പ്രസിദ്ധ് കെകെആര്‍ ക്യാംപിലുണ്ട്. ഓരോ സീസണ്‍ കഴിയുന്തോറും താരം കൂടുതല്‍ മെച്ചപ്പെട്ടു കൊണ്ടിരിക്കുന്നതാണ് കണ്ടത്. ഈ സീസണിലെ വിജയ് ഹസാരെ ട്രോഫിയിലും താരം മികച്ച പ്രകടനം കാഴ്ചവച്ചു.

 പൃഥ്വി ഷാ

പൃഥ്വി ഷാ

ഇന്ത്യയുടെ അടുത്ത സൂപ്പര്‍ താരമെന്നും വീരേന്ദര്‍ സെവാഗിന്റെ പിന്‍ഗാമിയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്ന താരമാണ് യുവ ഓപ്പണര്‍ പൃഥ്വി ഷാ. സ്‌കൂള്‍ ക്രിക്കറ്റിലെ റെക്കോര്‍ഡ് പ്രകടനത്തോടെ ആദ്യമായി ശ്രദ്ധിക്കപ്പെട്ട പൃഥ്വി 2018ല്‍ ഇന്ത്യയെ അണ്ടര്‍ 19 ലോകകപ്പില്‍ ജേതാക്കളാക്കിയ ക്യാപ്റ്റനുമായി മാറി. ഇതോടെ ഐപിഎല്ലിലേക്കു വന്ന അദ്ദേഹം ഇന്ത്യക്കു വേണ്ടി ഇതിനകം കളിച്ചു കഴിയുകയും ചെയ്തു.
ആദ്യ ബോള്‍ മുതല്‍ ബൗളര്‍മാര്‍ക്കുമേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ഇഷ്ടപ്പെടുന്ന ബാറ്റ്‌സ്മാനാണ് പൃഥ്വി. പേസ്, സ്പിന്‍ വ്യത്യസമില്ലാതെ ഏതു ബൗളറൈയും അനായാസം നേരിടാനുള്ള പ്രഹരശേഷി താരത്തിനുണ്ട്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പില്‍സിനു വേണ്ടിയും തകര്‍പ്പന്‍ പ്രകടനമാണ് 21കാരന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. 2018ല്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ച്വറി നേടാന്‍ പൃഥ്വിക്കായിരുന്നു.
വലിയൊരു കരിയര്‍ തന്നെയാണ് പൃഥ്വിക്കു മുന്നിലുള്ളത്. മതിയായ അവസരങ്ങളും പിന്തുണയും നല്‍കുകയാണെങ്കില്‍ അദ്ദേഹത്തിനു ഭാവിയില്‍ ലോകത്തിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സാമാന്‍മാരില്‍ ഒരാളാവാനാവും. മാത്രമല്ല ഇന്ത്യയുടെ നായകസ്ഥാനത്തേക്കും വരാന്‍ പൃഥ്വിക്കു സാധിച്ചേക്കും.

 കമലേഷ് നാഗര്‍കോട്ടി

കമലേഷ് നാഗര്‍കോട്ടി

രാജസ്ഥാനില്‍ നിന്നുള്ള പേസര്‍ കമലേഷ് നാഗര്‍കോട്ടിയാണ് ലിസ്റ്റിലെ മറ്റൊരു യുവതാരം. 2018ല്‍ പൃഥ്വി ഷായുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ അണ്ടര്‍ 19 ലോകകപ്പില്‍ ചാംപ്യന്‍മാരായപ്പോള്‍ സംഘത്തിലുണ്ടായിരുന്ന താരമാണ് കമലേഷ്. ടൂര്‍ണമെന്റില്‍ സ്ഥിരമായി 145 കിമിക്കു മുകളില്‍ വേഗതയില്‍ ബൗള്‍ ചെയ്യാന്‍ താരത്തിനായിരുന്നു.
അതിവേഗ ബൗളര്‍ മാത്രമല്ല വാലറ്റത്ത് ബാറ്റിങിലും നിര്‍ണായക സംഭാവന നല്‍കാനും കമലേഷിനു സാധിക്കും. എന്നാല്‍ ലോകകപ്പിനു ശേഷം തുടര്‍ച്ചയായി പരിക്കുകളേറ്റത് പേസറുടെ കരിയറിന്റെ കുതിപ്പിനു വേഗം കുറച്ചിരുന്നു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ താരം കൂടിയാണ് കമലേഷ്. പ്രായം 21 വയസ്സ് മാത്രമായതിനാല്‍ ഫിറ്റ്‌നസ് നിലവാരം മെച്ചപ്പെടുത്തിയാല്‍ പരിക്കുകളെ തോല്‍പ്പിച്ച് ഇന്ത്യന്‍ പേസ് ബൗളിങിന്റെ അമരക്കാരനാവാന്‍ കമലേഷിനു കഴിയും.

 രവി ബിഷ്‌നോയ്

രവി ബിഷ്‌നോയ്

മികച്ച സ്പിന്നര്‍മാരുടെ അഭാവം നേരിടുന്ന ഇന്ത്യക്കു തീര്‍ച്ചയായും പ്രതീക്ഷ വയ്ക്കാവുന്ന താരമാണ് ലെഗ് സ്പിന്നര്‍ രവി ബിഷ്‌നോയ്. അണ്ടര്‍ 19 ലോകകപ്പിന്റെ മറ്റൊരു സംഭാവനയാണ് ബിഷ്‌നോയ്. 2023ലെ ലോകകപ്പില്‍ ഒരുപക്ഷെ ഇന്ത്യന്‍ സ്പിന്‍ ബൗളിങിന്റെ അമരക്കാരന്‍ അദ്ദേഹമായേക്കും.
2021ലെ അണ്ടര്‍ 19 ലോകകപ്പില്‍ റണ്ണറപ്പായ ഇന്ത്യന്‍ ടീമിന്റെ കുന്തമുനയായിരുന്നു ബിഷ്‌നോയ്. ആറു മല്‍സരങ്ങളില്‍ നിന്നും 17 വിക്കറ്റുകളെടുത്തോടെയാണ് സ്പിന്നറെ ലോകമറിയുന്നത്. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ വീഴ്ത്തിയതും ബിഷ്‌നോയ് ആയിരുന്നു. ഈ പ്രകടനം ഐപിഎല്ലിലേക്കും താരത്തിനു വഴി തുറന്നു. നിലവില്‍ ഹോം ഫ്രാഞ്ചൈസിയായ പഞ്ചാബ് കിങ്‌ലിന്റെ താരമാണ് ബിഷ്‌നോയ്. ഈ സീസണിലെ ഐപിഎല്ലിന്റെ ആദ്യ പാദത്തില്‍ ചില ഗംഭീര ബൗളിങ് പ്രകടനങ്ങളും തകര്‍പ്പന്‍ ക്യാച്ചുകളുമായി ബിഷ്‌നോയ് ആരാധകരുടെ പ്രീതി പിടിച്ചുപറ്റിയിരുന്നു.

 രാഹുല്‍ ചാഹര്‍

രാഹുല്‍ ചാഹര്‍

ഇന്ത്യക്കു വളരെയധികം പ്രതീക്ഷയുള്ള മറ്റൊരു യുവ സ്പിന്നറാണ് രാഹുല്‍ ചാഹര്‍. ഐപിഎല്ലില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍ സ്പിന്‍ ബൗളിങിനു ചുക്കാന്‍ പിടിക്കുന്നതും രാഹുലാണ്. അനുഭവസമ്പത്ത് കുറവായിട്ടും മികച്ച പ്രകടനങ്ങളിലൂടെ മുംബൈ നായകന്‍ രോഹിത് ശര്‍മയുടെ വിശ്വസ്തനായി താരം മാറുകയായിരുന്നു.
38 ഐപിഎല്‍ മല്‍സരങ്ങളില്‍ കളിച്ച രാഹുലിന്റെ ഇക്കോണമി റേറ്റ് 7.41 മാത്രമാണ്. ഐപിഎല്‍ പോലെയൊരു ടൂര്‍ണമെന്റില്‍ എട്ടിനു താഴെ ഇക്കോണമി റേറ്റില്‍ പന്തെറിയുന്നത് അഭിനന്ദനീയമാണ്. ഇന്ത്യക്കു വേണ്ടി ടി20, ഏകദിന ഫോര്‍മാറ്റുകളില്‍ 22 കാരനായ രാഹുല്‍ ഇതിനകം കളിച്ചുകഴിഞ്ഞു.

സൂര്യകുമാര്‍ യാദവ്

സൂര്യകുമാര്‍ യാദവ്

ഇന്ത്യന്‍ ടീമില്‍ അല്‍പ്പം വൈകിയെത്തിയ നക്ഷത്രമെന്നു സൂര്യകുമാര്‍ യാദവിനെക്കുറിച്ച് പറയാം. അഗ്രസീവ് ശൈലിയില്‍ ബാറ്റ് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന അദ്ദേഹം സിക്‌സറടിച്ചുകൊണ്ടായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. കന്നി മല്‍സരത്തില്‍ തന്നെ താരം ഫിഫ്റ്റി നേടുകയും ചെയ്തിരുന്നു.
ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലുമെല്ലാം കുറച്ചു വര്‍ഷങ്ങളായി സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന സൂര്യക്കു പക്ഷെ ദേശീയ ടീമിലേക്കു വിളി വന്നത് ഈ വര്‍ഷമായിരുന്നു. കളിച്ച മല്‍സരങ്ങളിലെല്ലാം തന്റെ സാന്നിധ്യമറിയിക്കാന്‍ ഇതിനകം അദ്ദേഹത്തിനു കഴിഞ്ഞു. ഇന്ത്യന്‍ മധ്യനിരയിലെ പുതിയ മിന്നുംതാരം കൂടിയാണ് സൂര്യ.

Story first published: Tuesday, August 10, 2021, 17:58 [IST]
Other articles published on Aug 10, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X