19കാരന്‍ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് 326 പന്തില്‍ 308 (9x6, 42x4)... സഞ്ജു സാംസന്റെ വഴി അടയുന്നു?
മുംബൈ: അണ്ടര്‍ 19 ടീമിലെ സെന്‍സേഷനായിരുന്നു റിഷഭ് പന്ത് എന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍. ആദം ഗില്‍ക്രിസ്റ്റിനെ പോലെ ഒരു തട്ടുപൊളിപ്പന്‍ ബാറ്റ്‌സ്മാന്‍. ഇടങ്കയ്യന്‍. ലോകകപ്പിലെ മിന്നും പ്രകടനം, കോടികളുടെ പ്രതിഫലവുമായി റിഷഭ് പന്തിനെ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് എന്ന ഐ പി എല്‍ ടീമിലെത്തിച്ചു. അവിടെയും പന്ത് മോശമാക്കിയില്ല.
Read Also: ഇത് യുവരാജ് സ്റ്റൈല്‍... ഇന്ത്യന്‍ ടീമില്‍ നിന്നും തഴഞ്ഞ സെലക്ടര്‍മാര്‍ക്ക് 177 റണ്‍സുമായി മറുപടി!
ഇപ്പോഴിതാ രഞ്ജി ട്രോഫിയിലും റിഷഭ് പന്ത് തന്റെ പേര് പതിപ്പിച്ചുകഴിഞ്ഞു. അതും ഒരു റെക്കോര്‍ഡ് ട്രിപ്പിള്‍ സെഞ്ചുറിയോടെ. വെറും 326 പന്തില്‍ 308 റണ്‍സാണ് റിഷഭ് പന്ത് അടിച്ചെടുത്തത്. ആദം ഗില്‍ക്രിസ്റ്റിനെയും വീരേന്ദര്‍ സേവാഗിനെയും പോലും അമ്പരപ്പിക്കുന്ന വേഗം. റിഷഭ് പന്ത് ഈ പോക്ക് പോയാല്‍ ഇന്ത്യന്‍ ടീമിലേക്ക് വിളി കാത്തിരിക്കുന്ന സഞ്ജു സാംസനാകും പണി കിട്ടുക, നല്ല മുട്ടന്‍ പണി.

റെക്കോര്‍ഡ് ട്രിപ്പിള്‍ സെഞ്ചുറി
രഞ്ജി ട്രോഫിയില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് റിഷഭ് പന്ത്. പന്തിന് ഇന്ത്യന്‍ ടീമിലേക്ക് വിളി വന്നാല്‍ എന്തിന് അത്ഭുതപ്പെടണം. പ്രായവും പന്തിന് കൂട്ടാണ്. വെറും 19 വയസ്സ്. ആന്ധ്രയും ശ്രീകാര്‍ ഭരത് ആണ് രഞ്ജിയില്‍ ട്രിപ്പിള്‍ സെഞ്ചുറിയുളള മറ്റൊരു വിക്കറ്റ കീപ്പര്‍.

മിന്നും വേഗത്തില്‍ റണ്‍സ്
കഴിഞ്ഞ വര്‍ഷം അണ്ടര്‍ 19ലോകകപ്പില്‍ അടിച്ച് പറത്തി പേരെടുത്ത താരമാണ് പന്ത്. കൂറ്റന്‍ ഷോട്ടുകള്‍ കളിക്കാന്‍ ഈ പോക്കറ്റ് ഡൈനാമിറ്റിന് എപ്പോഴും ഇഷ്ടമാണ്. വെറും 326 പന്തിലാണ് റിഷഭ് പന്ത് 308 റണ്‍സടിച്ചിരിക്കുന്നത്. അതില്‍ ഒമ്പതെണ്ണം സിക്‌സ്. 42 ഫോറുകള്‍.

സേവാഗ് പറഞ്ഞത് പോലെ
വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സേവാഗിന്റെ കൂടെ ബാറ്റ് ചെയ്യുക എന്നതായിരുന്നു പന്തിന്റെ സ്വപ്നം. അത് സാധിച്ചില്ല. എന്നാല്‍ സേവാഗ് തന്നെ പറഞ്ഞത് പോലെ, സേവാഗിനെപ്പോലെ ബാറ്റ് ചെയ്യാനായിരുന്നു പന്തിന്റെ ശ്രമം. അത് വിജയിച്ചു. എന്നെപ്പോലെ ബാറ്റ് ചെയ്യൂ എന്നായിരുന്നത്രെ സേവാഗ് പന്തിന് നല്‍കിയ ഉപദേശം. ട്വിറ്ററില്‍ സേവാഗ് പന്തിനെ അനുമോദിക്കുകയും ചെയ്തു.

സഞ്ജു സാംസന്റെ ഭാവി?
എം എസ് ധോണി ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതോടെ ഇന്ത്യന്‍ ടീമില്‍ ഇടം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നവരില്‍ മുന്‍പനാണ് സഞ്ജു സാംസണ്‍. ടെസ്റ്റില്‍ ഈ സ്ഥാനം എന്തായാലും വൃദ്ധിമാന്‍ സാഹ ഉറപ്പിച്ചുകഴിഞ്ഞു. റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, കേദാര്‍ ജാദവ്, നമന്‍ ഓജ തുടങ്ങിയവരോട് പൊരുതി സഞ്ജു ഇന്ത്യന്‍ ടീമിലെത്തുക കടുപ്പമായി വരികയാണ്.

ലോക റെക്കാര്‍ഡാണ്
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ വിക്കറ്റ് കീപ്പറാണ് റിഷഭ് പന്ത്. വസിം ജാഫര്‍, അഭിനവ് മുകുന്ദ് എന്നിവര്‍ക്ക് ശേഷം ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന മൂന്നാമത്തെ പ്രായം കുറഞ്ഞ ഇന്ത്യന്‍ താരവും.

മത്സരം സമനിലയില്‍
മഹാരാഷ്ട്രയ്‌ക്കെതിരായ ട്രിപ്പിള്‍ സെഞ്ചുറികൊണ്ട് ടീമിനെ രക്ഷിക്കാന്‍ റിഷഭ് പന്തിന് സാധിച്ചില്ല. 308 റണ്‍സെടുത്ത് പന്ത് പുറത്തായി അധികം വൈകാതെ ദില്ലിയുടെ പോരാട്ടം അവസാനിച്ചു. ഒന്നാം ഇന്നിംഗ്‌സില്‍ ലീഡ് നേടിയ മഹാരാഷ്ട്രയ്ക്ക് പോയിന്റ് കിട്ടി.

മറ്റൊരു റെക്കോര്‍ഡ് പിറന്ന കളി
രഞ്ജി ട്രോഫി ക്രിക്കറ്റിലെ ഈ മത്സരത്തില്‍ മഹാരാഷ്ട്രയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ സ്വപ്നില്‍ ഗഗുലെയും അങ്കിത് ബാവ്നെയും കൂടി അടിച്ചെടുത്ത 594 റണ്‍സ് മറ്റൊരു റെക്കോര്‍ഡായിരുന്നു. രണ്ട് വിക്കറ്റിന് 41 എന്ന നിലയില്‍ ക്രീസില്‍ ഒത്തുചേര്‍ന്ന ഇരുവരും മഹാരാഷ്ട്രയെ രണ്ട് വിക്കറ്റിന് 635 എന്ന നിലയില്‍ വരെ എത്തിച്ചു. സ്വപ്നില്‍ ഗഗുലെ ട്രിപ്പിള്‍ സെഞ്ചുറിയും അങ്കിത് ബാവ്നെ ഡബിള്‍ സെഞ്ചുറിയും അടിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications