ദില്ലി: ഐപിഎല്‍ ടീം ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ കോച്ചിങ് സ്ഥാനത്തുനിന്നും മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഗ്യാരി കേസ്റ്റനെ നീക്കി. രണ്ടു സീസണുകളിലായി ടീമിനെ പരിശീലിപ്പിച്ചുവരുന്ന കേസ്റ്റന് വേണ്ടത്ര മികവ് പ്രകടിപ്പിക്കാന്‍ സാധിക്കാത്ത പശ്ചാത്തലത്തിലാണ് GMR ഗ്രൂപ്പ് ഉടമസ്ഥതയിലുള്ള ടീമിന്റെ മാനേജ്‌മെന്റ് അദ്ദേഹത്തെ പുറത്താക്കിയത്.
മികച്ച താരങ്ങളെ സ്വന്തമാക്കാനോ വേണ്ട താരങ്ങളെ ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്താനോ ഡെയര്‍ ഡെവിള്‍സിന് സാധിച്ചിരുന്നില്ല. യുവരാജ് സിങ്ങിനെ 16 കോടി രൂപയ്ക്ക് ടീമിലെത്തിച്ചതും ഏറെ വിവാദത്തിനിടയാക്കിയിരുന്നു. ഇത്രയും തുക ചെലവഴിച്ചെങ്കിലും യുവരാജിന് തന്റെ ബാറ്റിങ്ങ് മികവിന്റെ നിഴല്‍പോലുമാകാന്‍ സാധിച്ചതുമില്ല.

ഗ്യാരി കേസ്റ്റന്‍ കഴിവും പരിചയവുമുള്ള കോച്ചാണെന്ന് കോച്ചിനെ മാറ്റിക്കൊണ്ടുള്ള തീരുമാനം അറിയിക്കവെ മാനേജ്‌മെന്റ് വ്യക്തമാക്കി. തങ്ങളുടെ ടീമിനുവേണ്ടി ആത്മാര്‍ഥമായാണ് പ്രവര്‍ത്തിച്ചത്. ടീം പുനര്‍നിര്‍മിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കോച്ചിനെ നീക്കിയത്. ഗ്യാരി കേസ്റ്റന് നല്ലൊരു ഭാവി ആശംസിക്കുന്നതായും മാനേജ്‌മെന്റ് അറിയിച്ചു.
കേസ്റ്റന്‍ ഇന്ത്യന്‍ ദേശീയ ടീമിന്റെ കോച്ച് ആയിരുന്ന കാലയളിവില്‍ ഇന്ത്യ മികച്ച വിജയങ്ങള്‍ നേടിയിരുന്നു. ഏകദിന ലോകകപ്പ് ആണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ഇതിനുശേഷം ടീമില്‍ നിന്നും പുറത്തുപോയ കേസ്റ്റന്‍ പിന്നീട് ടി20 കോച്ച് എന്ന നിലയില്‍ ദില്ലി ടീമിനെ പരിശീലിപ്പിക്കാനെത്തുകയായിരുന്നു.