
ആദ്യ ഐപിഎല്‍ കിരീടമെന്ന മോഹവുമായാണ് യുവതാരം ശ്രേയസ് അയ്യറുടെ കീഴില്‍ ഡല്‍ഹി ഈ വര്‍ഷവും ഇറങ്ങുന്നത്. ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവരടങ്ങുന്ന ഇന്ത്യന്‍ താരങ്ങളില്‍ ഫ്രാഞ്ചൈസിക്ക് പ്രതീക്ഷയേറെ. എന്നാല്‍ ഈ ടീമിനെയും വെച്ച് കളിച്ചാല്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ചാംപ്യന്‍മാരാവില്ലെന്നാണ് മുന്‍ ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗിന്റെ അഭിപ്രായം.

ഇത്തവണ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തായിരിക്കും ഡല്‍ഹി ക്യാപിറ്റല്‍സെന്ന പ്രവചനവും താരം നടത്തിയിട്ടുണ്ട്. സ്വന്തം യൂട്യൂബ് ചാനലില്‍ മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലെ സ്‌ക്വാഡുകള്‍ താരതമ്യം ചെയ്തപ്പോഴാണ് ബ്രാഡ് ഹോഗ് പുതിയ നിരീക്ഷണം നടത്തിയത്. ഡല്‍ഹി ഫ്രാഞ്ചൈസിക്ക് മികവുറ്റ പേസ് നിരയില്ല. ഇതാണ് ടീമിന്റെ പ്രധാന പോരായ്മയെന്ന് ഹോഗ് പറയുന്നു.

കഗീസോ റബാദയെ അമിതമായി ആശ്രയിക്കുന്നത് ഡല്‍ഹി ക്യാപിറ്റല്‍സിന് വിനയാകുമെന്ന പക്ഷക്കാരനാണ് ഇദ്ദേഹം. ഡല്‍ഹി ബാറ്റ്‌സ്മാന്മാരുടെ കാര്യത്തില്‍ ഹോഗിന് ആശങ്കയില്ല. ആദ്യ ആറ് സ്ഥാനവും ഭദ്രം. ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിവര്‍ ഏതൊരു ബൗളിങ് സഖ്യത്തിനും ഭീഷണി ഉയര്‍ത്തും. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സ് അടിച്ചുകൂട്ടുന്ന ടീമുകളില്‍ ഒന്നായിരിക്കും ഡല്‍ഹി ക്യാപിറ്റല്‍സ്, മുന്‍ ഓസ്‌ട്രേലിയന്‍ സ്പിന്നറായ ഹോഗ് അറിയിച്ചു.

മുന്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ രവിചന്ദ്രന്‍ അശ്വിനെ സ്വന്തം പാളയത്തില്‍ കൊണ്ടുവന്നത് ഡല്‍ഹിയെടുത്ത മികച്ച തീരുമാനമാണ്. അശ്വിന്റെ സാന്നിധ്യം ഡല്‍ഹിയുടെ സ്പിന്നിന് ആഴം നല്‍കും. ഒപ്പം താഴെത്തട്ടില്‍ പിടിച്ചുനില്‍ക്കാനും ആവശ്യമെങ്കില്‍ റണ്‍സു നേടാനും ഒരാളായി. പക്ഷെ പേസ് വിഭാഗമാണ് പ്രശ്‌നം. കഗീസോ റബാദ മാത്രമേ ടീമില്‍ നിലവാരമുള്ള ഫാസ്റ്റ് ബൗളറായുള്ളൂ, ബ്രാഡ് ഹോഗ് സൂചിപ്പിച്ചു.

പുതിയ സീസണില്‍ റബാദയെ ആശ്രയിച്ചായിരിക്കും ഡല്‍ഹി പേസ് തന്ത്രങ്ങള്‍ മെനയുക. റബാദയ്ക്ക് പരിക്കേറ്റാല്‍ ഡല്‍ഹിയുടെ കണക്കുകൂട്ടലുകള്‍ പാടെ പിഴയ്ക്കും. വിദേശ പിച്ചില്‍ കൃത്യതയോടെ പന്തെറിയുന്ന മറ്റൊരു ഫാസ്റ്റ് ബൗളര്‍ ഡല്‍ഹിക്കില്ല. ഇക്കാര്യം ടീമിന്റെ വലിയ പോരായ്മയാണ്. അതുകൊണ്ട് ഈ സീസണില്‍ ഡല്‍ഹി കപ്പടിക്കാന്‍ സാധ്യത തീരെ കുറവാണ്. പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താകും ഡല്‍ഹി ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കുക, ബ്രാഡ് ഹോഗ് പറഞ്ഞു.


Click it and Unblock the Notifications