ദീപക് ചഹറിനാണ് കൊവിഡ്
ഇന്ത്യയുടെ യുവ പേസറും സിഎസ്കെയില്‍ ധോണിയുടെ തുറുപ്പുചീട്ടുകളിലൊന്നുമായ ദീപക് ചഹറാണ് കൊവിഡ് സ്ഥിരീകരിച്ച താരമെന്നാണ് പുതിയ വിവരം. ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും സിഎസ്കെ പുറത്തുവിട്ടിട്ടില്ല. 14 ദിവസം താരത്തിന് ക്വാറന്റീനില്‍ കഴിയേണ്ടി വരും. അതിനു ശേഷം 24 മണിക്കൂറിനിടെ ചഹറിന് രണ്ടു ടെസ്റ്റുകള്‍ക്കു വിധേയനാക്കും. ഇതിന്റെ ഫലം നെഗറ്റീവാണെങ്കില്‍ മാത്രമേ പരിശീലനത്തിനു അനുവദിക്കുകയുള്ളൂ.
ഇന്ത്യന്‍ പേസര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത് എന്നായിരുന്നു വെള്ളിയാഴ്ചത്തെ റിപ്പോര്‍ട്ടുകള്‍. ഇതോടെ ചഹര്‍, ശര്‍ദ്ദുര്‍ താക്കൂര്‍ എന്നിവരായിരുന്നു സംശയത്തിന്റെ നിഴലിലായത്.
അപ്രതീക്ഷിത തിരിച്ചടി
ഐപിഎല്ലിനായുള്ള മുന്നൊരുക്കങ്ങളെല്ലാം നല്ല രീതിയില്‍ തന്നെ മുന്നോട്ടു പോകവെയാണ് സിഎസ്കെയിലെ കൂട്ട കൊവിഡ് ടൂര്ണമെന്റിന്റെയാകെ നിറം കെടുത്തിയിരിക്കുന്നത്. ആറു ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന് കാലാവധി പൂര്‍ത്തിയാക്കിയ ശേഷം കിങ്സ് ഇലവന് പഞ്ചാബ്, രാജസ്ഥാന് റോയല്‍സ് തുടങ്ങിയ ഫ്രാഞ്ചൈസികള്‍ വ്യാഴാഴ്ച തന്നെ പരിശീലനം പുനരാരംഭിച്ചിരുന്നു.
സിഎസ്കെയൊഴികെ മറ്റു ഫ്രാഞ്ചൈസികളുടെയെല്ലാം താരങ്ങളും ഒഫീഷ്യല്‍സുമെല്ലാം കൊവിഡ് ടെസ്റ്റില്‍ വിജയിക്കുകയും ചെയ്തിരുന്നു. കാര്യങ്ങളെല്ലാം അനുകൂലമായിക്കൊണ്ടിക്കെ ഐപിഎല്‍ ഷെഡ്യൂള്‍ ഇന്ന് പ്രഖ്യാപിക്കുമെന്ന സൂചനയും പുറത്തു വന്നിരുന്നു.
ടൂര്‍ണമെന്റിനു ഭീഷണിയില്ല
ഇപ്പോഴത്തെ സാഹചര്യത്തെ മറികടക്കാനുള്ള എല്ലാ നടപടിക്രമങ്ങളും സ്വീകരിച്ചു കഴിഞ്ഞു. ടൂര്‍ണമെന്റിന് ഇപ്പോള്‍ ഭീഷണിയൊന്നുമില്ലെന്നും ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.
എന്നാല്‍ ഐപിഎല്ലിന്റെ ഫിക്സ്ചര്‍ പ്രഖ്യാപിക്കുന്നത് വൈകിപ്പിച്ചിരിക്കുകയാണ്. പുതിയ സംഭവവികാസങ്ങളെ തുടര്‍ന്നാണിതെന്നും ഒഫീഷ്യല്‍ വ്യക്തമാക്കി.
സിഎസ്കെയുടെ പരിശീലന ക്യാംപ്
ഐപിഎല്ലിനായി യുഎഇയിലേക്കു യാത്ര തിരിക്കും മുമ്പ് ഇന്ത്യയില്‍ പരിശീലന ക്യാംപ് സംഘടിപ്പിച്ച ഏക ഫ്രാഞ്ചൈസി കൂടിയാണ് സിഎസ്കെ. ഇവിടെ വച്ചാവാം കൊവിഡ് ബാധയുണ്ടായതെന്നാണ് സംശയിക്കുന്നത്.
ഇന്ത്യയില്‍ സിഎസ്കെ പരിശീലന ക്യാംപ് സംഘടിപ്പിക്കുന്നതില്‍ ബിസിസിഐ നേരത്തേ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയിലെ നിലവിലെ സാഹചര്യത്തില്‍ ക്യാംപ് സംഘടിപ്പിക്കുന്നത് ഉചിതമാവില്ലെന്നും ക്യാംപ് റദ്ദാക്കണമെന്നും സിഎസ്കെ മാനേജ്മെന്റിന് മുതിര്‍ന്ന ബിസിസിഐ ഒഫീഷ്യലുകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി ബിസിസിഐ വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.
ഉദ്ഘാടന മല്‍സരം മാറിയേക്കും
സപ്തംബര്‍ 19ന് ചെന്നൈ സൂപ്പര്‍ കിങ്സും മുംബൈ ഇന്ത്യന്‍സും തമ്മിലായിരുന്നു ഉദ്ഘാടന മല്‍സരം കളിക്കേണ്ടിയിരുന്നതെന്നായിരുന്നു സൂചനകള്‍. എന്നാല്‍ ഇപ്പോഴത്തെ കൊവിഡ് കേസുകളെ തുടര്‍ന്ന് സിഎസ്കെയ്ക്കു കൂടുതല്‍ ദിവസങ്ങള്‍ ക്വാറന്റീനില്‍ തുടരേണ്ടി വരും. ഇതു കാരണം ഉദ്ഘാടന മല്‍സരത്തിലും മാറ്റം വരുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പരിശീലനം ആരംഭിക്കുന്നതിനു മുമ്പ് സിഎസ്കെ താരങ്ങളെയും സ്റ്റാഫുകളെയും കൂടുതല്‍ പരിശോധനകള്‍ക്കു വിധേയരാക്കും. അവയെല്ലാം നെഗറ്റീവായാല്‍ മാത്രമേ ടീമിനെ പരിശീലനം നടത്താന്‍ അനുവദിക്കുകയുള്ളൂ.