
2021ലെ ഐപിഎല്ലില്‍ മോശം ഫോമിന്റെ പേരില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പാതിവഴിയില്‍ നായകസ്ഥാനത്ത് നിന്ന് ഒഴിവാക്കിയിരുന്നു. പിന്നീട് പ്ലേയിങ് 11ല്‍ നിന്നുപോലും തഴഞ്ഞു. 2016ല്‍ ഹൈദരാബാദിനെ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ച നായകനായിട്ടും പ്രതിസന്ധി സമയത്ത് താരത്തെ പിന്തുണക്കാന്‍ ഹൈദരാബാദ് ടീം മാനേജ്‌മെന്റ് തയ്യാറായില്ല. ടീം ഉടമകളും വാര്‍ണറും തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം.
എന്നാല്‍ ഹൈദരാബാദിനെതിരേ പരസ്യപ്രചാരണങ്ങള്‍ക്ക് വാര്‍ണര്‍ തയ്യാറായിരുന്നില്ല. ഇപ്പോഴിതാ അദ്ദേഹം മൗനം വെടിഞ്ഞിരിക്കുകയാണ്. ഒരു കാരണവുമില്ലാതെയാണ് നായകസ്ഥാനത്ത് നിന്ന് മാറ്റിയതും തന്നെ അപമാനിച്ചുവെന്നുമെല്ലാമാണ് വാര്‍ണര്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. 'നിങ്ങള്‍ വര്‍ഷങ്ങളായി സ്‌നേഹിച്ചിരുന്ന ഒരു ടീമില്‍ നിന്ന് ഒരു കാരണവുമില്ലാതെ ഒഴിവാക്കപ്പെടുകയും നായകസ്ഥാനത്ത് നിന്ന് മാറ്റപ്പെടുകയും ചെയ്യുമ്പോള്‍ തീര്‍ച്ചയായും അത് വേദനിപ്പിക്കും.

നായകസ്ഥാനത്ത് നിന്ന് മാറ്റിയ ശേഷവും കളിക്കാന്‍ തയ്യാറായിരുന്നു. കാരണം ഇന്ത്യയിലെ ആരാധകര്‍ അവിടെ ഉണ്ടായിരുന്നു. അവര്‍ എനിക്ക് വലിയ പിന്തുണയാണ് നല്‍കിയത്. അവര്‍ക്കുവേണ്ടി കളിക്കാന്‍ സന്തോഷമായിരുന്നു. കാണികളെ ആവേശത്തിലാക്കുന്നതിനുവേണ്ടിയാണ് ഐപിഎല്ലില്‍ കളിക്കുന്നത്. ഏറ്റവും കഠിനമായിത്തന്നെ പരിശീലനം നടത്തി. ഒരു ദിവസം പോലും പാഴാക്കിയില്ല. നെറ്റ്‌സില്‍ നന്നായി തന്നെ ബാറ്റ് ചെയ്തു. എന്നാല്‍ അവസരം നല്‍കിയില്ല. ഇത് വേദനിപ്പിച്ചു. എനിക്ക് മറ്റൊരു അവസരം ലഭിക്കുമെന്ന് എനിക്കറിയാം'-ഇക്കണോമിക്‌സ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ വാര്‍ണര്‍ പറഞ്ഞു.
2014ലാണ് വാര്‍ണര്‍ ഹൈദരാബാദിലെത്തിയത്. 2015ല്‍ ക്യാപ്റ്റനാവുകയും ചെയ്തു. തൊട്ടടുത്ത സീസണില്‍ ടീമിനെ കിരീടവും ചൂടിച്ചു. പിന്നീട് കിരീട നേട്ടം ആവര്‍ത്തിക്കാനായില്ല. എന്നാല്‍ ടീമിന്റെ ഏക കിരീടം വാര്‍ണര്‍ എന്ന നായകന് കീഴിലാണ് ലഭിച്ചത്. ടീമിനൊപ്പം മികച്ച ബാറ്റിങ് റെക്കോഡും വാര്‍ണര്‍ക്കുണ്ട്. എന്നിട്ടും ഒന്നോ രണ്ടോ മോശം ഇന്നിങ്‌സിന്റെ പേരില്‍ അദ്ദേഹത്തെ ടീമില്‍ നിന്ന് തഴയുകയായിരുന്നു. വാര്‍ണര്‍ ഹൈദരാബാദിന്റെ വാട്ടര്‍ബോയിയായി പോയതെല്ലാം ആരാധകരെ വളരെ സങ്കടപ്പെടുത്തുകയും ചെയ്തിരുന്നു.

മോശം ഫോമിന്റെ പേരില്‍ വിമര്‍ശിച്ചവര്‍ക്ക് ടി20 ലോകകപ്പിലെ താരമായാണ് വാര്‍ണര്‍ മറുപടി നല്‍കിയത്. ഇപ്പോഴിതാ ടി20 ലോകകപ്പിലൂടെ ഫോമിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് വാര്‍ണര്‍ പ്രതികരിച്ചിരിക്കുകയാണ്. 'ഫൈനലിലടക്കം എന്റെ തുടക്കം പതിയെ ആയിരുന്നു. 25 പന്തില്‍ 25 റണ്‍സ് എന്ന നിലയിലൊക്കെയായതിന് ശേഷമാണ് ഞാന്‍ ആക്രമിക്കാന്‍ തുടങ്ങിയത്. നിലയുറപ്പിച്ച് കളിക്കാനാണ് ശ്രമിച്ചത്. മിച്ചല്‍ അതിവേഗം ബാറ്റുവീശിയതോടെ സമ്മര്‍ദ്ദമില്ലാതെ എനിക്ക് കളിക്കാനായി. എന്റെ എന്റെ ഷോട്ടുകള്‍ എപ്പോഴും കളിക്കാനാവും.'-വാര്‍ണര്‍ പറഞ്ഞു.
അതേ സമയം വാര്‍ണറും ടീം ഉടമകളുമായുള്ള പ്രശ്‌നത്തെത്തുടര്‍ന്നാണ് അവനെ ക്യാപ്റ്റന്‍സ്ഥാനത്ത് നിന്നും മാറ്റിയതെന്ന് വെളിപ്പെടുത്തി ഹൈദരാബാദ് സഹ പരിശീലകനായ ബ്രാഡ് ഹാഡിന്‍ രംഗത്തെത്തിയിരുന്നു. പരിശീലകര്‍ക്ക് ഒന്നും ചെയ്യാനില്ലെന്നും സ്‌റ്റേഡിയത്തില്‍ പോലും പ്രവേശിപ്പിക്കേണ്ടന്ന നിലപാടായിരുന്നു ടീം ഉടമകള്‍ക്ക് ഉണ്ടായിരുന്നതെന്നും ഹാഡില്‍ വെളിപ്പെടുത്തി. എന്തായാലും പുതിയ സീസണില്‍ വാര്‍ണര്‍ പുതിയ തട്ടകത്തിലുണ്ടാവുമെന്നുറപ്പ്. സിഎസ്‌കെ, ആര്‍സിബി, അഹമ്മദാബാദ് ടീമുകളെല്ലാം വാര്‍ണറെ പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.


Click it and Unblock the Notifications











