സിഡ്‌നി: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഉള്‍പ്പെട്ട ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍ വിവാദത്തിന് ശേഷം ആദ്യമായി ഓസ്‌ട്രേലിയയില്‍ ക്രിക്കറ്റ് കളിക്കാനിറങ്ങി. ഡാര്‍വിനില്‍ നടന്ന സ്‌ട്രൈക്ക് ലീഗിലാണ് വാര്‍ണര്‍ പാഡണിഞ്ഞത്. മരാര ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ഏകദിന മത്സരത്തില്‍ വാര്‍ണര്‍ 36 റണ്‍സെടുത്തു. സിറ്റി സൈക്ലോണിനുവേണ്ടിയാണ് താരം കളിച്ചത്.
വാര്‍ണര്‍ക്കൊപ്പം പന്ത് ചുരണ്ടലിനെ തുടര്‍ന്ന് വിലക്ക് ലഭിച്ച ഓസീസ് താരം കാമറോണ്‍ ബാന്‍ക്രോഫ്റ്റും ഇതേ മത്സരത്തില്‍ കളിക്കാനുണ്ടായിരുന്നു. 12 മാസമാണ് വാര്‍ണര്‍ക്കും മുന്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനും വിലക്ക് ലഭിച്ചത്. ബാന്‍ക്രോഫ്റ്റിന് 9 മാസവും സസ്‌പെന്‍ഷന്‍ ലഭിച്ചു. സസ്‌പെന്‍ഷന്‍ കാലയളവില്‍ അന്താരാഷ്ട്ര മത്സരങ്ങളും ഓസ്‌ട്രേലിയയിലെ പ്രധാന ആഭ്യന്തര മത്സരങ്ങളും കളിക്കാനാകില്ല.

അതേസമയം, കളിക്കാരുടെ ശാരീരിക ക്ഷമത നിലനിര്‍ത്താനായി അവരെ സ്‌ട്രൈക്ക് ലീഗ് പോലുള്ള ടൂര്‍ണമെന്റുകളില്‍ കളിക്കാന്‍ അനുവദിച്ചിരുന്നു. ഇതേതുടര്‍ന്ന് കാനഡയില്‍ നടന്ന ടി20 ടൂര്‍ണമെന്റില്‍ സ്മിത്തും വാര്‍ണറും കളിക്കുകയും ചെയ്തു. സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ കേപ് ടൗണില്‍ നടന്ന ടെസ്റ്റ് മത്സരത്തിനിടെയായിരുന്നു കളിക്കാര്‍ ആസൂത്രിതമായി പന്തു ചുരണ്ടല്‍ വിവാദത്തില്‍ ഉള്‍പ്പെട്ടത്. ഐസിസി കാര്യമായ അച്ചടക്ക നടപടി എടുത്തില്ലെങ്കിലും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് കളിക്കാരെ വിലക്കാന്‍ തീരുമാനിക്കുകയായിരുന്നു.