ദില്ലി: ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്റെ മുന്നില്‍ മിക്കപ്പോഴും ഔട്ടാകുന്നതിന്റെ വിഷമത്തിലാണ് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. അശ്വിന്‍ മികച്ച ബൗളറാണെന്ന കാര്യത്തില്‍ വാര്‍ണര്‍ക്ക് സംശയമില്ല. എന്നാല്‍, അശ്വിന്റെ പന്തുകള്‍ നേരിടാന്‍ താന്‍ പുതിയ അടവുകള്‍ പ്രയോഗിക്കേണ്ടിവരുമെന്ന് വാര്‍ണര്‍ പറയുന്നു.
23 ഇന്നിങ്‌സുകളില്‍ ഒമ്പതുതവണ അശ്വിന് മുന്നില്‍ വിക്കറ്റ് നഷ്ടപ്പെടുത്തേണ്ടിവന്നിട്ടുണ്ട് വാര്‍ണര്‍ക്ക്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റിലെ നാല് ഇന്നിങ്‌സുകളില്‍ മൂന്നുതവണയും അശ്വിന്‍ വാര്‍ണറെ വീഴ്ത്തി. അതുകൊണ്ടുതന്നെ റാഞ്ചി ടെസ്റ്റ് തുടങ്ങുന്നതിന് മുമ്പായി അശ്വിനെ എങ്ങിനെ മെരുക്കാമെന്നാണ് ഇപ്പോള്‍ വാര്‍ണറുടെ ചിന്ത.

അശ്വിനെ നേരിടാന്‍ താന്‍ നെറ്റ്‌സില്‍ ചില പരീക്ഷണങ്ങള്‍ നടത്തുകയാണെന്ന് വാര്‍ണര്‍ പറയുന്നു. സ്വീപ്പ് ഷോട്ട് ചെയ്യുമ്പോള്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുന്നതാണ് വാര്‍ണറുടെ പ്രധാന പ്രശ്‌നം. റിവേഴ്‌സ് സ്വീപ്പ് റിസ്‌കി ഷോട്ട് ആണെങ്കിലും ഇത് പരീക്ഷിക്കും. എന്നാല്‍, പന്തിന്റെ ബൗണ്‍സ് മാറിയാന്‍ കണക്കുകൂട്ടലുകള്‍ തെറ്റുമെന്നും വാര്‍ണര്‍ പറയുന്നു.
താന്‍ ചിന്തിക്കുന്നത് അശ്വിന് കാണാന്‍ കഴിയും. ബാറ്റ്‌സ്മാന്റെ ചിന്തയ്ക്കനുസരിച്ച് അവസാന നിമിഷം പന്തില്‍ മാറ്റം വരുത്താനുള്ള കഴിവ് അശ്വിനുണ്ട്. അത് അദ്ദേഹത്തെ മികച്ച ബൗളറാക്കുന്നു. അശ്വിന്റെ കഴിവിനെ പൂര്‍ണമായും ബഹുമാനിക്കുന്നുണ്ട്. വാര്‍ണര്‍ പറഞ്ഞു. ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റ് സീരീസില്‍ നാല് ഇന്നിങ്‌സുകളിലായി 98 റണ്‍സാണ് വാര്‍ണറുടെ സമ്പാദ്യം.