പെര്‍ത്ത്: ഓസ്‌ട്രേലിയയ്ക്കുവേണ്ടി മിന്നുന്ന ഫോമില്‍ കളിക്കുന്ന തന്റെ വിജയരഹസ്യം ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ വെളിപ്പെടുത്തി. കഴിഞ്ഞകുറച്ചുകാലമായി മദ്യപാനം പൂര്‍ണമായും ഒഴിവാക്കിയതാണ് കളിയില്‍ ഏകാഗ്രത ലഭിക്കാന്‍ ഇടയായതെന്ന് വാര്‍ണര്‍ പറയുന്നു. ന്യൂസിലന്റിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വാര്‍ണര്‍ 253 റണ്‍സാണെടുത്തത്.
ഈ വര്‍ഷം ആദ്യം താന്‍ മദ്യം തത്കാലത്തേക്ക് ഒഴിവാക്കുകയാണെന്ന് വാര്‍ണര്‍ അറിയിച്ചിരുന്നു. 18 മാസത്തോളം നീളുന്ന ഓസ്‌ട്രേലിയയുടെ തിരക്കേറിയ സീസണുവേണ്ടിയായിരുന്നു മദ്യവര്‍ജനം. മദ്യപാനം ഒഴിവാക്കിയതോടെ വാര്‍ണറുടെ ബാറ്റിങ് മികവും വര്‍ധിച്ചു. ന്യൂസിലന്റിനെതിരെ ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി നേടിയ വാര്‍ണര്‍ രണ്ടാം ടെസ്റ്റില്‍ ആദ്യദിനം തന്നെ ഡബിള്‍ സെഞ്ച്വറി അടിക്കുകയും ചെയ്തു.

മദ്യം ഒഴിവാക്കുള്ള തീരുമനം ഏറെ ആലോചനയോടെയായിരുന്നെന്ന് വാര്‍ണര്‍ പറയുന്നു. ആദ്യം കുറച്ചുമാസങ്ങള്‍ മദ്യം ഒഴിവാക്കാനായിരുന്നു തീരുമാനമെങ്കിലും ഭാര്യ ഗര്‍ഭിണിയായതോടെ പ്രസവം കഴിയുന്നതുവരെ മദ്യനിരോധനം തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ആഷസ് ടെസ്റ്റിനിടെ മദ്യം ഒഴിവാക്കിയത് ഗുണകരമായെന്നും വാര്‍ണര്‍ പറഞ്ഞു.
മദ്യം ഒഴിവാക്കുന്നത് എത്രവരെ തുടരാന്‍ ആകുമെന്ന് അറിയില്ലെങ്കിലും തന്നാല്‍ ആകുന്നവിധം മദ്യത്തെ അകറ്റി നിര്‍ത്താനാണ് ശ്രമം. മദ്യപാനം ഒഴിവാക്കിയതില്‍ ഭാര്യയും സന്തോഷവതിയാണ്. ഇപ്പോള്‍ ഭാര്യയ്‌ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിയുന്നു. അത് തനിക്കുതരുന്ന മാനസികോല്ലാസം കളിയില്‍ പ്രതിഫലിക്കുന്നുണ്ടെന്നും വാര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.