രാജ്‌കോട്ട്: ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ നടക്കുന്ന ടി20 പരമ്പരയിലെ രണ്ടാം മത്സരം നടന്നേക്കില്ലെന്ന് ആശങ്ക. ഇരു ടീമുകളും തമ്മില്‍ വ്യാഴാഴ്ച രാജ്‌കോട്ടില്‍ ഏറ്റുമുട്ടാനിരിക്കെ ചുഴലിക്കാറ്റാണ് മത്സരത്തിന് ഭീഷണിയാകുന്നത്. ഡല്‍ഹിയിലെ ആദ്യ മത്സരത്തില്‍ അന്തരീക്ഷ മലിനീകരണമാണ് ഭീഷണിയായതെങ്കില്‍ രണ്ടാം മത്സരത്തിലും പ്രകൃതിയുടെ കനിവിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.
മഹ ചുഴലിക്കാറ്റ് രാജ്‌കോട്ടില്‍ വീശിയടിച്ചാല്‍ കളി റദ്ദാക്കേണ്ടിവന്നേക്കും. ചുഴലിക്കാറ്റ് നവംബര്‍ 6ന് ഗുജറാത്ത് തീരത്തെത്തുമെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിക്കുന്നത്. ഇതിന്റെ ഭാഗമായി മൂന്നു ദിവസം കനത്ത മഴയും കാറ്റും പ്രവചിക്കുന്നുണ്ട്. മത്സരം നടക്കാതിരുന്നാല്‍ അത് ബംഗ്ലാദേശിന് നേട്ടമാകും. 1-0 എന്ന നിലയില്‍ പരമ്പരയില്‍ മുന്നിട്ടുനില്‍ക്കുന്ന സന്ദര്‍ശര്‍ പരമ്പര തോല്‍ക്കില്ലെന്ന് ഉറപ്പിച്ചാകും മൂന്നാം മത്സരത്തിനിറങ്ങുക.

ഞായറാഴ്ച നടന്ന ആദ്യ മത്സരത്തില്‍ 7 വിക്കറ്റിനാണ് ബംഗ്ലാദേശ് ഇന്ത്യയെ തോല്‍പ്പിച്ചത്. 149 റണ്‍സ് പിന്തുടര്‍ന്ന സന്ദര്‍ശകര്‍ അവസാന ഓവറില്‍ ലക്ഷ്യത്തിലെത്തി. ബാറ്റിങ്ങിലെ വീഴ്ച്ചയും ഫീല്‍ഡിങ്ങില്‍ കാട്ടിയ അലസതയുമാണ് ഇന്ത്യയ്ക്ക് വിനയായത്. ഇതോടെ ചരിത്രത്തില്‍ ആദ്യമായി ബംഗ്ലാദേശ് ഇന്ത്യയ്‌ക്കെതിരെ ടി20 ജയം സ്വന്തമാക്കി. പരമ്പര നഷ്ടപ്പെടാതിരിക്കാനായിരിക്കും അടുത്ത മത്സരങ്ങളില്‍ ഇന്ത്യ ശ്രമം നടത്തുക.