ലോക ഒന്നാം നമ്പര്‍ ടി20 ബാറ്റ്സ്മാനും ഇംഗ്ലണ്ട് താരവുമായ ഡേവിഡ് മലാന് ഐപിഎല്ലിന്റെ പുതിയ സീസണില്‍ തങ്ങളുടെ ടീമിലെത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ ചെന്നൈ സൂപ്പര്‍ കിങ്സ് തള്ളി. ടൂര്‍ണമെന്റില്‍ നിന്നും പിന്മാറിയ സുരേഷ് റെയ്നയ്ക്കു പകരം മലാന് വന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് സിഎസ്കെ സിഇഒ കാശി വിശ്വനാഥനാണ് വ്യക്തമാക്കിയത്.
സിഎസ്കെയിലെ വിദേശ താരങ്ങങളുടെ ക്വാട്ട കഴിഞ്ഞതായും അതുകൊണ്ടു തന്നെ റെയ്നയ്ക്കു പകരം മറ്റൊരു വിദേശ താരത്തെ കൊണ്ടു വരിക അസാധ്യമാണെന്നുമാണ് വിശ്വാഥന്‍ ഒരു ദേശീയ മാധ്യമത്തോടു പ്രതികരിച്ചത്. ബിസിസിഐ ചട്ടപ്രകാരം ഒരു ഫ്രാഞ്ചൈസിയില്‍ പരമാവധി അനുവദിക്കാവുന്ന താരങ്ങളുടെ എണ്ണം 24 ആണ്. ഇവരില്‍ 16 പേര് ഇന്ത്യന്‍ താരങ്ങളായിരിക്കണം. എട്ടു വിദേശ താരങ്ങളെ മാത്രമേ ഒരു ടീമിന് പരാമവധി ഉള്‍ക്കൊള്ളിക്കാനാവൂ.
സിഎസ്കെയില്‍ ഇപ്പോള്‍ ഷെയ്ന് വാട്സന്, ലുംഗി എന്‍ഗിഡി, ഇമ്രാന് താഹിര്‍, ജോഷ് ഹേസ്ല്‍വുഡ്, മിച്ചെല്‍ സാന്റ്നര്‍, ഡ്വയ്ന്‍ ബ്രാവോ, ഫാഫ് ഡുപ്ലെസി, സാം കറെന് എന്നിവരുള്‍പ്പെടെ എട്ടു വിദേശ താരങ്ങളുണ്ട്. അതുകൊണ്ടു തന്നെ ഇനിയൊരു വിദേശ താരത്തെക്കൂടി സിഎസ്കെയിലെടുക്കുക അപ്രായോഗികമാണ്. എന്നാല്‍ നിലവിലെ വിദേശ താരങ്ങളില്‍ ഒരാള്‍ പിന്മാറുകയാണെങ്കില് പകരം മലാനെ സിഎസ്കെയ്ക്കു ടീമിലെത്തിക്കാം. റെയ്നയുടെ പകരക്കാരനായി മലാന് വന്നേക്കുമെന്ന റിപ്പാര്ട്ടുകളെക്കുറിച്ചു താനും കേട്ടിരുന്നു. പക്ഷെ വിദേശ താരങ്ങളുടെ ക്വാട്ട പൂര്‍ത്തിയായിക്കഴിഞ്ഞ തങ്ങള്‍ക്കു എങ്ങനെ വീണ്ടുമൊരാളെ കൂടി കൊണ്ടു വരാന്‍ കഴിയുമെന്ന് അദ്ദേഹം ചോദിക്കുന്നു.
അതേസമയം, കൊവിഡ് ഭേദമായ പേസര്‍ ദീപക് ചഹര്‍ ഇന്നു മുതല്‍ പരിശീലനം ആരംഭിക്കുമെന്ന് വിശ്വനാഥന് അറിയിച്ചു. പരിശീലനം നടത്താന്‍ ചഹറിന് ബിസിസിഐയില്‍ നിന്നും സിഎസ്കെയില്‍ നിന്നും എല്ലാ ക്ലിയറന്‍സും ലഭിച്ചു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും 24 മണിക്കൂറിനിടെ രണ്ടു കൊവിഡ് ടെസ്റ്റുകള്‍ക്കു പേസര്‍ വിധേയനാവണം. അവ നെഗറ്റീവായാല്‍ മാത്രമേ താരത്തിനു ടീമിനൊപ്പം വീണ്ടും ചേരാന്‍ സാധിക്കുകയുള്ളൂ. ചഹറിനെക്കൂടാതെ സിഎസ്കെയില്‍ 13 പേര്‍ക്കായിരുന്നു കൊവിഡ് പിടിപെട്ടത്. ഒരാള്‍ ബാറ്റ്സ്മാന് റുതുരാജ് ഗെയ്ക്ക്വാദായിരുന്നു. ശേഷിച്ച 11 പേരും സപ്പോര്‍ട്ട് സ്റ്റാഫുമാരാണ്.
19ന് ഐപിഎല്ലിലെ ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യയും സിഎസ്കെയും തമ്മിലാണ് ഏറ്റുമുട്ടുന്നത്. അബുദാബിയില്‍ രാത്രി 7.30നാണ് മല്‍സരം ആരംഭിക്കുക. കഴിഞ്ഞ സീസണിലെ ഐപിഎല്‍ ഫൈനലിന്റെ റീപ്ലേയാണിത്. അന്നു രോഹിത് ശര്‍മയുടെ മുംബൈ ഒരു റണ്‍സിന് സിഎസ്കെയെ കീഴടക്കി നാലാം ട്രോഫിയും ഒപ്പം ഏറ്റവുമധികം തവണ ജേതാക്കളായ ടീമെന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു.