മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ സെപ്റ്റംബര്‍ 19ന് യുഎഇയില്‍ ആരംഭിക്കാനിരിക്കുകയാണ്. ഇതിനായുള്ള ഔദ്യോഗിക രേഖകള്‍ കഴിഞ്ഞ ദിവസം ബിസിസിഐ യുഎഇ ക്രിക്കറ്റ് ബോര്‍ഡിന് കൈമാറിക്കഴിഞ്ഞു. ഇനി കോവിഡ് പരിശോധന ഉള്‍പ്പെടെയുള്ള തയ്യാറെടുപ്പുകളാണ് വേണ്ടത്. ഫ്രാഞ്ചൈസികളെല്ലാം തന്നെ താരങ്ങളുടെ കോവിഡ് പരിശോധനയും ആരംഭിച്ച് കഴിഞ്ഞു.
ഇത്തവണ ഐപിഎല്‍ യുഎഇയിലായതിനാല്‍ത്തന്നെ സ്പിന്‍ബൗളര്‍മാരുടെ ടീമുകള്‍ക്ക് കൂടുതല്‍ ആധിപത്യം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. കാരണം യുഎഇയിലെ മൈതാനം കൂടുതലും സ്പിന്‍ബൗളര്‍മാര്‍ക്ക് അനുകൂലമാണ്. അതിനാല്‍ത്തന്നെ ഇത്തവണത്തെ ഏറ്റവും മികച്ച ബൗളിങ് കരുത്തുള്ള ടീം ചെന്നൈ സൂപ്പര്‍ കിങ്‌സാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര.

'ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബൗളിങ് നിര വളരെ മികച്ചതാണ്. നേരത്തെ തന്നെ മികച്ച സ്പിന്‍ബൗളര്‍മാരുള്ള അവരുടെ കൂടെ ഇത്തവണ ഇമ്രാന്‍ താഹിര്‍,ഹര്‍ഭജന്‍ സിങ്,മിച്ചല്‍ സാന്റര്‍,രവീന്ദ്ര ജഡേജ,കരണ്‍ ശര്‍മ,പീയൂഷ് ചൗള എന്നീ മികച്ച സ്പിന്‍ ബൗളര്‍മാരാണുള്ളത്. കൂടാതെ മികച്ച പേസ് കരുത്തും ചെന്നൈയ്ക്കുണ്ട്. ജോഷ് ഹെയ്‌സല്‍വുഡ്,ദീപക് ചാഹര്‍,ഡ്വെയ്ന്‍ ബ്രാവോ,ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവരും മികച്ച താരങ്ങളാണ്'-ആകാശ് ചോപ്ര പറഞ്ഞത്.
സ്പിന്നിനെ പിന്തുണയ്ക്കുന്ന യുഎഇയില്‍ ചെന്നൈയുടെ ബൗളിങ് നിര എതിരാളികളുടെ ഉറക്കം കെടുത്തുമെന്നുറപ്പ്. പരിചയസമ്പന്നരായ ഹര്‍ഭജന്‍ സിങ്ങിനും ഇമ്രാന്‍ താഹിറിനുമൊപ്പം സ്പിന്‍ ഓള്‍റൗണ്ടറായി രവീന്ദ്ര ജഡേജയ്ക്കും പ്ലേയിങ് ഇലവനില്‍ അവസരം ലഭിച്ചേക്കും. ന്യൂസീലന്‍ഡ് താരമായ മിച്ചല്‍ സാന്റ്‌നറും ഓള്‍റൗണ്ടറാണ്. അവസാന സീസണില്‍ ടീമിനൊപ്പം തിളങ്ങാന്‍ സാന്റ്‌നര്‍ക്ക് സാധിച്ചിരുന്നു. ഇത്രയും സ്പിന്‍ ബൗളര്‍മാര്‍ ഉണ്ടായിട്ടും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വിട്ട പൂയൂഷ് ചൗളയേയും സിഎസ്‌കെ ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
സിഎസ്‌കെയോടൊപ്പം കിങ്‌സ് ഇലവന്‍ പഞ്ചാബിനും യുഎഇയില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള ബൗളിങ് നിരയുണ്ടെന്ന് ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. ഡല്‍ഹി ക്യാപിറ്റല്‍സും മികച്ചനിരയാണ്. അക്‌സര്‍ പട്ടേല്‍,അമിത് മിശ്ര,ആര്‍ അശ്വിന്‍ എന്നീ പരിചയസമ്പന്നരായ സ്പിന്നര്‍മാര്‍ക്കൊപ്പം ഇഷാന്ത് ശര്‍മ,കഗിസോ റബാദ എന്നീ പേസ് ബൗളര്‍മാരും ഡല്‍ഹിക്കൊപ്പമുണ്ട്. മുംബൈയ്ക്കും ഹൈദരാബാദിനും എപ്പോഴുമുള്ളപോലെ മികച്ച ബൗളിങ് നിര ഇത്തവണയുമുണ്ടെന്നും ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു. ആഗസ്റ്റ് 20ന് ശേഷം ടീമുകളെല്ലാം യുഎഇയിലേക്ക് പുറപ്പെടും.