ഐപിഎല്ലില്‍ അപൂര്‍വ്വ റെക്കോര്‍ഡിന് അരികിലാണ് ചെന്നൈ സൂപ്പര്‍ കിങ്സിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. വൈസ് ക്യാപ്റ്റനും സൂപ്പര്‍ താരവുമായ സുരേഷ് റെയ്നയുടെ പിന്മാറ്റത്തോടെ മറ്റൊരു ഇടംകൈയന്‍ താരം കൂടിയായ ജഡേജയില്‍ വലിയ പ്രതീക്ഷകളാണ് സിഎസ്കെയ്ക്കുള്ളത്. ഇത്തവണ വെറും 73 റണ്‍സ് നേടിയാല്‍ വമ്പന്‍ റെക്കോര്‍ഡ് കുറിക്കാന്‍ താരത്തിനാവും.
ടൂര്‍ണമെന്റില്‍ 2000 റണ്‍സ് തികയ്ക്കാന്‍ ജഡേജയ്ക്കു 73 റണ്‍സ് കൂടി മതി. ഇതോടെ ടൂര്‍ണമെന്റില്‍ 2000 റണ്‍സും 100 വിക്കറ്റുകളുമെടുത്ത ആദ്യത്തെ താരമായി അദ്ദേഹം മാറും. നിലവില്‍ 1927 റണ്‍സും 108 വിക്കറ്റുകളുമാണ് ജഡേജയുടെ സമ്പാദ്യം. സിഎസ്കെയെക്കൂടാതെ രാജസ്ഥാന് റോയല്‍സ്, കൊച്ചി ടസ്കേഴ്സ് കേരള, ഗുജറാത്ത് ലയണ്‍സ് തുടങ്ങിയ ടീമുകള്‍ക്കു വേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്.
2012ലാണ് 9.72 കോടി രൂപയ്ക്കു ജഡേജ സിഎസ്കെയുടെ ഭാഗമായത്. താരം ഏറ്റവും മികച്ച പ്രകടനം നടത്തിയിട്ടുള്ളതും അവര്‍ക്കു വേണ്ടി തന്നെയാണ്. നിലവില്‍ ക്യാപ്റ്റന്‍ എംഎസ് ധോണിക്കൊപ്പം ടീമിലെ ഒഴിച്ചുകൂടാനാവാത്ത താരങ്ങളിലൊരാളായി അദ്ദേഹം മാറിക്കഴിഞ്ഞു. സിഎസ്കെയ്ക്കു വേണ്ടി ഇതുവരെ കളിച്ച എല്ലാ സീസണുകളിലും 10 വിക്കറ്റെങ്കിലും ജഡേജ വീഴ്ത്തിയിട്ടുണ്ട്. ബാറ്റിങിലേക്കു വന്നാല്‍ 48 റണ്‍സാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്കോര്‍. 122..58 എന്ന മികച്ച സ്ട്രൈക്ക് റേറ്റുള്ള താരം ഫീല്‍ഡിങിലെ അസാധാരണ മിടുക്ക് കൊണ്ടും ടീമിന്റെ തുറുപ്പുചീട്ടാവുന്നു.
ജഡേജയെക്കൂടാതെ ഓസ്ട്രേലിയയുടെ മുന്‍ സൂപ്പര്‍ താരം ഷെയ്ന് വാട്സനാണ് സിഎസ്കെയിലെ മറ്റൊരു മിന്നും ഓള്‍റൗണ്ടര്‍. 3575 റണ്‍സും 92 വിക്കറ്റുകളും അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ട്. എട്ടു വിക്കറ്റുകള്‍ കൂടി നേടിയാല്‍ 3000ത്തില്‍ അധികം റണ്‍സും 100 വിക്കറ്റുകളും തികച്ച ആദ്യ താരമായി വാട്സന് മാറും. കഴിഞ്ഞ സീസണില്‍ ഒരോവര്‍ പോലും ഓസീസ് താരം ബൗള്‍ ചെയ്തിരുന്നില്ല. ഇത്തവണ വാട്സനെയും ധോണി പന്തേല്പ്പിക്കുമോയെന്നാണ് അറിയാനുള്ളത്.
സിഎസ്കിയെ മറ്റൊരു പ്രധാന ഓള്‍റൗണ്ടറാണ് വെസ്റ്റ് ഇന്‍ഡീസ് താരം കൂടിയായ ഡ്വയ്ന്‍ ബ്രാവോ. 1483 റണ്‍സും 147 വിക്കറ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്. 2000 റണ്‍സ് തികയ്ക്കാന്‍ ബ്രാവോയ്ക്കു ഇനിയും രണ്ടോ മൂന്നോ സീസണുകള്‍ കൂടി വേണ്ടി വന്നേക്കും. ശനിയാഴ്ച നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്സും തമ്മിലുള്ള കളിയോടെയാണ് ഐപിഎല്ലിന്റെ പുതിയ സീസണിനു തുടക്കമാവുന്നത്.