ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ സൂപ്പർതാരം സ്‌മൃതി മന്ദാന വിവാഹിതയാകാൻ ഒരുങ്ങുന്നു. സംഗീത സംവിധായകനും ചലച്ചിത്രകാരനുമായ പലാഷ് മുച്ചലാണ് ഇരുവരുടെയും വിവാഹവാർത്ത സ്ഥിരീകരിച്ചത്. ഇൻഡോറിൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ഇന്ത്യയുടെ നിർണായക വനിതാ ലോകകപ്പ് മത്സരത്തിന് തൊട്ടുമുമ്പായിരുന്നു ഈ പ്രഖ്യാപനം വന്നത്. ഹർമൻപ്രീത് കൗർ ഉൾപ്പെടെയുള്ള ടീമിന് പലാഷ് വിജയാശംസകളും നേർന്നിരുന്നു.
സ്‌മൃതി മന്ദാനയും പലാഷ് മുച്ചലും തമ്മിലുള്ള ബന്ധം സാമൂഹിക മാധ്യമങ്ങളിലൂടെ നേരത്തെയും പുറത്തുവന്നിട്ടുണ്ടെങ്കിലും, ഈ വാർത്ത ആദ്യമായാണ് പലാഷ് പരസ്യമായി സ്ഥിരീകരിക്കുന്നത് എന്നതാണ് പ്രത്യേകത. ഇരുവരും തങ്ങളുടെ ബന്ധത്തെക്കുറിച്ച് സൂചനകൾ നൽകുന്ന ചിത്രങ്ങളും വീഡിയോകളും പലപ്പോഴായി പങ്കുവെച്ചിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്‌ച സ്‌റ്റേറ്റ് പ്രസ് ക്ലബ്ബിൽ നടന്ന ഒരു പരിപാടിയിലാണ് 30 വയസ്സുകാരനായ പലാഷ് തങ്ങളുടെ ഭാവിയെക്കുറിച്ച് സംസാരിച്ചത്. അവൾ ഉടൻ ഇൻഡോറിന്റെ മരുമകളാകും. ഇത്രമാത്രം ഞാൻ പറയുന്നു. പ്രധാന വാർത്ത ഞാൻ നിങ്ങൾക്ക് നൽകിക്കഴിഞ്ഞു എന്നായിരുന്നു പലാഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
ഹോൾക്കർ സ്‌റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പലാഷ് വിജയാശംസകൾ നേരുകയും ചെയ്‌തിരുന്നു. ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനും സ്‌മൃതിക്കും എന്റെ എല്ലാ ആശംസകളും. എല്ലാ മത്സരങ്ങളിലും ഇന്ത്യൻ ടീം വിജയിച്ച് രാജ്യത്തിന് അഭിമാനം നേടണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പലാഷിന്റെ സഹോദരിയും ഗായികയുമായ പലക് മുച്ചലിന്റെ വിവാഹസമയത്തായിരുന്നു സ്‌മൃതിയും പലാഷും തമ്മിലുള്ള അടുപ്പത്തെ കുറിച്ചുള്ള വാർത്തകൾ പറന്നത്. ഇപ്പോൾ ഇരു കുടുംബങ്ങളും ഈ ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതോടെ അധികം വൈകാതെ തന്നെ സ്‌മൃതിയും പലാഷും വിവാഹിതരാവുമെന്നാണ് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
വളരെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹ തീയതിയോ സ്ഥലമോ ഇതുവരെ പലാഷ് വെളിപ്പെടുത്തിയിട്ടില്ല, എങ്കിലും മുംബൈയിൽ വെച്ചായിരിക്കും വിവാഹം എന്നാണ് സൂചന. ഇരുവരുടെയും വിവാഹവാർത്തകൾ പലയിടത്തും നിറയുകയാണ്. സോഷ്യൽ മീഡിയയിൽ അടക്കം വലിയ രീതിയിൽ ചർച്ചയാണ് ഇക്കാര്യം.
ആരാണ് പലാഷ് മുച്ചൽ?
ഗായകനും സംഗീത സംവിധായകനും ഒക്കെയായി പലാഷ് ആളൊരു ചില്ലറക്കാരനല്ല. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, 2025ലെ കണക്കനുസരിച്ച് പലാഷ് മുച്ചാലിന്റെ ആസ്‌തി 20 കോടി മുതൽ 41 കോടി വരെയാണ്. സംഗീത സംവിധാനം, ചലച്ചിത്ര നിർമ്മാണം, അദ്ദേഹത്തിന്റെ സൃഷ്‌ടിപരമായ വർക്കുകളിൽ നിന്നുള്ള റോയൽറ്റി എന്നിവയിൽ നിന്നാണ് അദ്ദേഹത്തിന്റെ വരുമാനം കൂടുതലായി വരുന്നത്.