ലോകകപ്പ് ക്രിക്കറ്റ്: ബാറ്റ്‌സ്മാന്‍മാര്‍ കരുതിയിരുന്നോളു, വേഗംകൊണ്ട് ഞെട്ടിക്കാന്‍ ഇവര്‍ തയ്യാറെടുക്കുന്നു
ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റിനായുള്ള കാത്തിരിപ്പിന് ഇനി 13 നാള്‍ ദൂരം. ഇംഗ്ലണ്ടിലെ മൈതാനങ്ങള്‍ ആവേശപ്പൂരത്തെ വരവേല്‍ക്കാന്‍ തയ്യാറായിക്കഴിഞ്ഞു. ക്രിക്കറ്റിന്റെ പിതാക്കന്മാരുടെ മണ്ണില്‍ ലോകകപ്പ് പൂരം അരങ്ങുതകര്‍ക്കാനൊരുങ്ങുമ്പോള്‍ ഏവരും ആകാംക്ഷയോടെ നോക്കുന്ന ചില ബൗളര്‍മാരുണ്ട്. ഫാസ്റ്റ് ബൗളര്‍മാരെ പിന്തുണയ്ക്കുന്ന ഇംഗ്ലണ്ട് മൈതാനത്ത് വേഗം കൊണ്ട് ചരിത്രമെഴുതാന്‍ കാത്തിരിക്കുന്നവര്‍. ഇത്തവണ ടീമുകള്‍ പേസ് ബൗളര്‍മാര്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതും ഇംഗ്ലണ്ടിലെ സാഹചര്യം പരിഗണിച്ചാണ്.
ടീമുകള്‍ നാല് പേസ് ബൗളര്‍മാര്‍ക്ക് ടീമിലിടം നല്‍കി ലോകകപ്പിനിറങ്ങാനാണ് സാധ്യത. ബൗണ്‍സുകളെ പിന്തുണയ്ക്കുന്ന മൈതാനത്ത് ഉയരക്കൂടുതലുള്ള ബൗളര്‍മാര്‍ക്ക് കൂടുതല്‍ നേട്ടം സ്വന്തമാക്കാനാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 10 ടീമുകളിലായുള്ള ബാറ്റിങ് നിരയെ വിറപ്പിക്കാന്‍ കെല്‍പ്പുള്ള നിരവധി അതിവേഗ ബൗളര്‍മാരും ഇത്തവണ ലോകകപ്പിന് ഇറങ്ങുന്നുണ്ട്. മികച്ച റെക്കോഡുകളുമായി ചരിത്രനേട്ടത്തിലേക്ക് ടീമുകളെ കൈപിടിച്ച് ഉയര്‍ത്താന്‍ കെല്‍പ്പുള്ള പ്രധാന ഫാസ്റ്റ് ബൗളര്‍മാര്‍ ആരൊക്കെയെന്ന് നോക്കാം

ജസ്പ്രീത് ബൂംറ
ഇന്ത്യന്‍ ടീമിന്റെ വജ്രായുധമാണ് ബൂംറ. റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ ഇത്രയും പിശുക്കുകാട്ടുന്ന മറ്റൊരു ബൗളറില്ലെന്നതാണ് വസ്തുത. ഡെത്ത് ഓവറുകളില്‍ എതിരാളികളുടെ പേടി സ്വപ്‌നം.140ന് മുകളില്‍ തുടര്‍ച്ചയായി മിന്നല്‍ യോര്‍ക്കറുകള്‍ എറിയാന്‍ കെല്‍പ്പുള്ള താരം ഇക്കഴിഞ്ഞ ഐ.പി.എല്ലിലും ശ്രദ്ധേയ പ്രകടനം പുറത്തെടുത്തു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കുവേണ്ടി ശോഭിച്ച ബൂംറ ലോകകപ്പിലും എതിരാളികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പ്. 49 ഏകദിനത്തില്‍ നിന്ന് 85 വിക്കറ്റ് വീഴ്ത്തിയിട്ടുള്ള ബൂംറയുടെ മികച്ച ബൗളിങ് പ്രകടനം 27 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ്

കഗിസോ റബാദ
ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ കുന്തമുന. വേഗംകൊണ്ട് എതിരാളികളെ വിറപ്പിക്കുന്ന റബാദ ഇക്കഴിഞ്ഞ ഐ.പി.എല്ലില്‍ 25 വിക്കറ്റുകളുമായി ശ്രദ്ധേയ പ്രകടനം പുറത്തെടുത്തു. വേഗമാണ് താരത്തിന്റെ ആയുധം. 66 ഏകദിനത്തില്‍ നിന്ന് 106 വിക്കറ്റാണ് റബാദ വീഴ്ത്തിയത്. 201 റണ്‍സും താരം നേടിയിട്ടുണ്ട്. 16 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. പരിക്കിന്റെ പിടിയിലായിരുന്ന താരം കായിക ക്ഷമത വീണ്ടെടുത്തിട്ടുണ്ട്.

മിച്ചല്‍ സ്റ്റാര്‍ക്ക്
ഓസീസ് നിരയില്‍ അതിവേഗക്കാരന്‍. കൃത്യതയുള്ള യോര്‍ക്കറുകളാണ് താരത്തിന്റെ സവിശേഷത. എന്നാല്‍ അടിക്കിടെയുണ്ടാകുന്ന പരിക്ക് സ്റ്റാര്‍ക്കിന്റെ കരിയറിന് തിരിച്ചടി നല്‍കി. ഇടവേളയ്ക്കു ശേഷം ഓസീസിന്റെ ലോകകപ്പ് ടീമിലാണ് താരം സ്ഥാനം പിടിക്കുന്നത്. ഓസീസിനുവേണ്ടി 75 ഏകദിനത്തില്‍ നിന്ന് 145 വിക്കറ്റാണ് താരം വീഴ്ത്തിയത്. 28 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. അഞ്ച് വിക്കറ്റ് നേട്ടം അഞ്ചുതവണ സ്വന്തമാക്കിയത് സ്റ്റാര്‍ക്കിന്റെ മികവിനെ കാട്ടുന്നു.

ട്രന്റ് ബോള്‍ട്ട്
ന്യൂസീലന്‍ഡ് നിരയിലെ മുഖ്യ പേസര്‍.ഐ.പി.എല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനുവേണ്ടി തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്ത ബോള്‍ട്ട് 2015 ലോകകപ്പിലെ കൂടുതല്‍ വിക്കറ്റ് നേടിയ താരങ്ങളില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനൊപ്പം ഒന്നാം സ്ഥാനം പങ്കിട്ടിരുന്നു. കിവീസിനുവേണ്ടി 79 ഏകദിനത്തില്‍ നിന്ന് 147 വിക്കറ്റാണ് താരം വീഴ്ത്തിയത്. 34 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് നേടിയതാണ് മികച്ച പ്രകടനം. അഞ്ച് വിക്കറ്റ് നേട്ടം അഞ്ച് തവണ ബോള്‍ട്ട് സ്വന്തമാക്കിയിട്ടുണ്ട്.

ലസിത് മലിംഗ
പ്രായം തളര്‍ത്താത്ത ശ്രീലങ്കയുടെ പോരാളി. ആവനാഴിയില്‍ ഇനിയും പോരാട്ടം അവശേഷിക്കുന്നുവെന്ന് തെളിയിച്ചാണ് മലിംഗ മുംബൈയ്ക്ക് ഐ.പി.എല്‍ കിരീടം സമ്മാനിച്ചത്. ഈ മികവ് ലോകകപ്പിലും ആവര്‍ത്തിക്കുമെന്നാണ് ആരാധക പ്രതീക്ഷ. തുടര്‍ച്ചയായ നാല് പന്തിലും വിക്കറ്റ് നേടി ലോകകപ്പില്‍ റെക്കോഡിട്ട താരമാണ് മലിംഗ. ലങ്കയ്ക്കുവേണ്ടി 218 ഏകദിനത്തില്‍ നിന്ന് 322 വിക്കറ്റാണ് മലിംഗയുടെ നേട്ടം. 38 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. അഞ്ച് വിക്കറ്റ് നേട്ടം എട്ട് തവണ മലിംഗ ആവര്‍ത്തിച്ചിട്ടുണ്ട്.

ഡെയ്ല്‍ സ്‌റ്റെയിന്‍
ബാറ്റ്സ്മാന്‍മാരുടെ പേടി സ്വപ്നമായ ഡെയില്‍ സ്റ്റെയിന്‍ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ പ്രതീക്ഷകളെ ഉയര്‍ത്തുന്നു. 125 മത്സരത്തില്‍ നിന്ന് 196 വിക്കറ്റാണ് സ്റ്റെയിന്‍ വീഴ്ത്തിയത്. 39 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ താരം മൂന്ന് തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. 365 റണ്‍സും സ്റ്റെയിന്റെ പേരിലുണ്ട്. അടിക്കടി പരിക്കേല്‍ക്കുന്നതാണ് സ്റ്റെയിനിന് തിരിച്ചടി നല്‍കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications