കൊല്‍ക്കത്ത: 2019 ക്രിക്കറ്റ് ലോകകപ്പ് ഇംഗ്ലണ്ടില്‍ നടക്കുമ്പോള്‍ ഇന്ത്യയുടെ ആദ്യ മത്സരം ദക്ഷിണാഫ്രിക്കക്കെതിരെ ജൂണ്‍ 5ന് അരങ്ങേറും. ചിരവൈരികളായ പാകിസ്ഥാനെതിരെയുള്ള മത്സരം ജൂണ്‍ 16ന് നടക്കുമെന്നും ബിസിസിഐ ഉദ്യോഗസ്ഥന്‍ പിടിഐയെ അറിയിച്ചു. ക്രിക്കറ്റ് ലോകകപ്പ് ഇംഗ്ലണ്ടിലും, വെയില്‍സിലുമായി മെയ് 30 മുതല്‍ ജൂലൈ 14 വരെയാണ് നടക്കുന്നത്. നേരത്തെ ജൂണ്‍ 2ന് നിശ്ചയിച്ച ഇന്ത്യയുടെ ആദ്യ മത്സരം ഐപിഎല്‍ മൂലം അഞ്ചാം തീയതിയിലേക്ക് നീട്ടുകയായിരുന്നു.
ഐപിഎല്ലും, ലോധ കമ്മിറ്റി നിര്‍ദ്ദേശങ്ങളുമാണ് ഈ തീയതി മാറ്റത്തിലേക്ക് നയിച്ചത്. ഐപിഎല്‍ ഫൈനല്‍ കഴിഞ്ഞ ശേഷം ചുരുങ്ങിയത് 15 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് അടുത്ത ടൂര്‍ണമെന്റില്‍ പങ്കെടുക്കേണ്ടതെന്ന ലോധ കമ്മിറ്റി നിര്‍ദ്ദേശം പ്രാവര്‍ത്തികമാക്കാനാണ് ഇത്. ഐസിസി ചീഫ് എക്‌സിക്യൂട്ടീവുമാരുടെ യോഗത്തില്‍ ബിസിസിഐ ഇക്കാര്യങ്ങള്‍ വിശദീകരിച്ചതോടെയാണ് ഇന്ത്യക്കായി തീയതി മാറ്റിക്കുറിച്ചത്.

മാര്‍ച്ച് 29 മുതല്‍ മെയ് 19 വരെയാണ് ഐപിഎല്‍ മത്സരങ്ങള്‍. മെയ് 30ന് ലോകകപ്പ് ആരംഭിക്കുന്നതിനാല്‍ ഇടവേള 15 ദിവസം ലഭിക്കണമെങ്കില്‍ ജൂണ്‍ 5 വരെ കാത്തിരിക്കാതെ തരമില്ല. സൗത്ത് ആഫ്രിക്കയാണ് ആദ്യ മത്സരത്തിലെ എതിരാളികള്‍. സിഇസി അനുമതി ലഭിച്ചതോടെ ഐസിസി ബോര്‍ഡിന് മുന്നില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചതായും ഈ ബിസിസിഐ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.
പാകിസ്ഥാനെതിരെ ജൂണ്‍ 16ന് മാഞ്ചസ്റ്ററിലാണ് പോരാട്ടം. പാകിസ്ഥാനെതിരെ ലോകകപ്പില്‍ ഒരുവട്ടം പോലും ഇന്ത്യ തോറ്റിട്ടില്ല. ഇംഗ്ലണ്ടിലും ഈ റെക്കോര്‍ഡ് കളയാതെ കാക്കാനാകും വിരാട് കോലിയും സംഘവും ഇറങ്ങുക.