ബെംഗളുരു: ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുന്ന ഇന്ത്യ ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ ചൂട് കളിക്കളത്തിന് പുറത്തേക്കും പടരുന്നു. ഇരു രാജ്യത്തെയും മുന്‍ താരങ്ങള്‍ തങ്ങളുടെ അഭിപ്രായ പ്രകടനവുമായി മാധ്യമങ്ങളിലെത്തിയതോടെ മത്സരത്തിന്റെ ആവേശം ഉയരുകയാണ്. മുന്‍ ഓസീസ് താരം ഇയാന്‍ ഹീലിയുടെ പരാമര്‍ശമാണ് ഇതില്‍ ശ്രദ്ധേയം.
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ അമിതമായ അഗ്രഷന്‍ ഇയാന്‍ ഹീലിക്ക് പിടിച്ചിട്ടില്ല. കോലിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഹീലി ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ നല്‍കിയത്. കോലി അമിതമായ സമ്മര്‍ദ്ദത്തിലാണെന്നും ഓസീസ് താരങ്ങള്‍ക്കെതിരെ അനാവശ്യമായ വാക്കേറ്റം നടത്തുകയാണെന്നും മുന്‍ വിക്കറ്റ് കീപ്പര്‍ കുറ്റപ്പെടുത്തി.

കോലിയുടെ അമിതാവേശം തനിക്ക് അയാളുടോടുള്ള ബഹുമാനം ഇല്ലാതാക്കിയെന്നും ഹീലി പറയുന്നു. കോലി ഓസീസ് താരങ്ങള്‍ക്കെതിരെയും അമ്പയര്‍മാര്‍ക്കെതിരെയും ബഹുമാനമില്ലാതെയാണ് പെരുമാറുന്നത്. ഇത്തരം പെരുമാറ്റം സ്വന്തം ടീമിലെ മറ്റു കളിക്കാര്‍ക്കും കോലി നല്‍കുകയാണെന്നും ഇദ്ദേഹം വിലയിരുത്തി.
കോലിയുടെ അഗ്രഷന്‍ നല്ലതുതന്നെ. എന്നാല്‍ എതിര്‍ കളിക്കാരെ ബഹുമാനിച്ചുകൊണ്ടാകണം അത്. ഓസീസ് താരങ്ങളെ ഇക്കാര്യത്തില്‍ മാതൃകയാക്കണമെന്നും ഹീലി ഉപദേശിക്കുന്നു. രണ്ടാം ടെസ്റ്റില്‍ ഇരു ടീമിലെയും താരങ്ങള്‍ പലപ്പോഴും വാക്കേറ്റം നടത്തിയത് വിവാദമായിരുന്നു. ഓസീസ് ക്യാപ്റ്റനെതിരെ കുരങ്ങന്റെ ചേഷ്ട കാട്ടിയ ഇശാന്ത് ശര്‍മയ്‌ക്കെതിരെ മത്സരശേഷം നടപടിയുണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.