മലപ്പുറം: ഒരിന്നിംഗ്‌സില്‍ പത്ത് വിക്കറ്റും വീഴ്ത്തുക എന്നത് ക്രിക്കറ്റില്‍ ചില്ലറക്കാര്യമൊന്നുമല്ല. അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ചരിത്രമെടുത്തു നോക്കിയാല്‍ ഇതുവരെ രണ്ടേ രണ്ട് പേര്‍ മാത്രമേ ഇതുവരെ ഈ നേട്ടം കൈവരിച്ചിട്ടുള്ളൂ. ഇംഗ്ലണ്ടിന്റെ ജിം ലേക്കറും ഇന്ത്യയുടെ അനില്‍ കുംബ്ലെയും. ടെസ്റ്റ് ക്രിക്കറ്റിലാണ് ഇരുവരും ഈ നേട്ടം സ്വന്തമാക്കിയത്. ജിം ലേക്കറെയും അനില്‍ കുംബ്ലെയെയും പോലെ ഒരിന്നിംഗ്‌സില്‍ പത്ത് വിക്കറ്റുകളും വീഴ്ത്തിയിരിക്കുകയാണ് ഒരു മലയാളി.
അണ്ടര്‍ 19 കേരള അന്തര്‍ ജില്ലാ ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ് നാസില്‍ എന്ന കണ്ണൂര്‍ സ്വദേശി 10 വിക്കറ്റുകളും വീഴ്ത്തിയത്. പെരിന്തല്‍മണ്ണയിലെ കെ സി എ സ്റ്റേഡിയത്തില്‍ മലപ്പുറം ജില്ലക്കെതിരെയായിരുന്നു നാസിലിന്റെ റെക്കോര്‍ഡ് പ്രകടനം. നാസിലിന്റെ തട്ടുപൊളിപ്പന്‍ ബൗളിംഗിന് മുന്നില്‍ പകച്ചുപോയ മലപ്പുറം ഒന്നാം ദിനം ഒന്നാം ഇന്നിംഗ്‌സില്‍ വെറും 26 റണ്‍സിനാണ് ഓളൗട്ടായത്.

9.4 ഓവറില്‍ രണ്ട് മെയ്ഡന്‍ അടക്കം 12 റണ്‍സ് വിട്ടുകൊടുത്താണ് നാസില്‍ 10 വിക്കറ്റുകളെടുത്തത്. ഇതില്‍ നാലെണ്ണം ക്ലീന്‍ ബൗള്‍ഡായിരുന്നു. മൂന്ന് പേര്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. അനില്‍ കുബ്ലെയെയും ജിം ലേക്കറെയും പോലെ സ്പിന്നല്ല നാസിലിന്റെ തട്ടകം. ഫാസ്റ്റ് ബൗളിംഗാണ്. അതില്‍തന്നെ സ്വിംഗ് ബൗളിംഗ്. ഇന്ത്യന്‍ താരം ഭുവനേശ്വര്‍ കുമാറാണ് ഈ 18 കാരന്റെ ആരാധാനാപാത്രം.
അല്‍പസ്വല്‍പം ക്രിക്കറ്റ് ബന്ധമൊക്കെ നാസിലിനുണ്ട്. നാസിലിന്റെ അമ്മാവന്റെ മകനായ ഫാബിദ് ഫറൂഖ് കഴിഞ്ഞ വര്‍ഷം കേരളത്തിന് വേണ്ടി അരങ്ങേറിയിരുന്നു. ഓഫ് സ്പിന്നറാണ് ഫാബിദ്. ഫാബിദിന് പിന്നാലെ കേരള ടീമിലെത്താനും രഞ്ജി മത്സരങ്ങള്‍ വഴി ഉയരങ്ങള്‍ കീഴടക്കാനുമാണ് നാസിലിന്റെയും ആഗ്രഹം.