സിഡ്നി: ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്ക് മുന്നോടിയായി കളിക്കാര്‍ക്ക് നിര്‍ദ്ദേശവുമായി ക്രിക്കറ്റ് ഓസ്ട്രേലിയ. ഇന്ത്യയ്ക്കെതിരെ നന്നായി കളിക്കണമെന്ന് പറഞ്ഞ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പുതിയ ചെയര്മാന് ഏള് എന്‍ഡിങ്സ് മാന്യമായ കളിയാണ് പ്രതീക്ഷിക്കുന്നതെന്നും വ്യക്തമാക്കി. സമീപകാലത്ത് ഓസ്ട്രേലിയ ലോകക്രിക്കറ്റില്‍ നാണംകെട്ട പശ്ചാത്തലത്തില്‍ കൂടിയാണ് ചെയര്‍മാന്റെ ഉപദേശം.
നല്ല ക്രിക്കറ്റ് പോരാട്ടവീര്യത്തോടെ കാഴ്ചവെക്കുക. കളിക്കാര്‍ മിണ്ടാതിരിക്കണമെന്ന് താന്‍ പറയില്ല, എന്നാല്‍ കളിയെ ബഹുമാനിക്കുന്നത് നല്ലതാണ്. തോല്‍വിയായാലും ജയമായാലും നന്നായി കളിക്കുക. നമുക്ക് യുവതാരങ്ങളുടെ മികച്ച ടീമാണുള്ളത്. സ്വാഭാവിക കളി പുറത്തെടുക്കാനാണ് തന്റെ ഉപദേശം. എല്ലാ, ഓസ്ട്രേലിയക്കാരും അതാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡേവിഡ് പവീറിന്റെ പുറത്താകലിനെ തുടര്‍ന്നാണ് എന്‍ഡിങ്സ് സ്ഥാനമേല്‍ക്കുന്നത്. പന്തു ചുരണ്ടല്‍ വിവാദത്തില്‍ അകപ്പെട്ട് നാണക്കേടിലായ ഓസ്ട്രേലിയയെ മുന്നോട്ടു നയിക്കുകയാകും ഇദ്ദേഹത്തിന്റെ പ്രധാന വെല്ലുവിളി. സ്റ്റീവ് സ്മിത്തും, ഡേവിഡ് വാര്‍ണറും തിരിച്ചെത്തുന്നതോടെ ഓസ്ട്രേലിയയ്ക്ക് പഴയ ആത്മവിശ്വാസം തിരിച്ചുകിട്ടുമെന്നും വിജയവഴിയിലെത്താനാകുമെന്നുമാണ് ചെയര്‍മാന്റെ പ്രതീക്ഷ.