മെല്‍ബണ്‍: വെസ്റ്റിന്‍ഡീസിനെതിരായ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്ക് ജയം. 177 റണ്‍സിനായിരുന്നു ഒാസ്‌ട്രേലിയയുടെ ജയം. ഈ ജയത്തോടെ പരമ്പരയും ഓസീസ് സ്വന്തമാക്കി. ജയിക്കാനായി രണ്ടാം ഇന്നിംഗ്‌സില്‍ 460 റണ്‍സ് വേണ്ടിയിരുന്ന വെസ്റ്റിന്‍ഡീസിന് 282 റണ്‍സെടുക്കാനേ കഴിഞ്ഞിള്ളൂ.
ടോപ് ഓഡര്‍ ബാറ്റ്മാന്‍മാര്‍ക്കെല്ലാം മികച്ച തുടക്കം ലഭിച്ചിട്ടും ആര്‍ക്കും അത് മുതലാക്കാനായില്ല. ബാറ്റ്മാന്‍മാര്‍ക്ക് മികച്ച സ്‌കോര്‍ കണ്ടെത്താന്‍ കഴിയാതിരുന്നതോടെ വെസ്റ്റിന്‍ഡീസ് തോല്‍വിയിലേക്ക് കൂപ്പ് കുത്തുകയായിരുന്നു.

വെസ്റ്റിന്‍ഡീസ് ക്യാപ്റ്റന്‍ ജയ്‌സണ്‍ ഹോള്‍ഡര്‍ (68), കീപ്പര്‍ ദിനേശ് രാംദിന്‍ (59) എന്നിവര്‍ വാലറ്റത്ത് നടത്തിയ ചെറുത്തു നില്‍പ്പാണ് തോല്‍വി ഭാരം അല്‍പ്പമെങ്കിലും കുറച്ചത്.
ഓസീസിനായി മിച്ചല്‍ മാര്‍ഷ് നാലും, നാഥന്‍ ലയണ്‍, പാറ്റിന്‍സണ്‍, പീറ്റര്‍ സിഡില്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതവും വീഴ്ത്തി. രണ്ട് ഇന്നിങ്‌സുകളിലായി 7 വിക്കറ്റ് വീഴ്ത്തിയ നാഥന്‍ ലയണ്‍ ആണ് കളിയിലെ താരം.
ഒന്നാം ഇന്നിംഗ്‌സില്‍ ജോ ബേണ്‍സ്, ഉസ്മാന്‍ ഖവാജ, സ്റ്റീവന്‍ സ്മിത്ത്, ആഡം വോജസ് എന്നിവര്‍ നേടിയ സെഞ്ച്വറിയുടെ ബലത്തില്‍ 551 റണ്‍സ് സ്‌കോര്‍ ചെയ്ത ഓസീസ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിന്‍ഡീസിനെ 271 റണ്‍സിന് പുറത്താക്കി കരുത്ത് കാട്ടി.
വെസ്റ്റിന്‍ഡീസിനെ ഫോളോ ഓണ്‍ ചെയ്യിക്കാതെ ബാറ്റിങ്ങിനിറങ്ങിയ ഓസീസ് രണ്ടാം ഇന്നിംഗ്‌സില്‍ മൂന്ന് വിക്കറ്റിന് 179 റണ്‍സ് എന്ന നിലയില്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു.
ആദ്യ ടെസ്റ്റ് ജയിച്ച ഓസീസ് ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0ത്തിന് സ്വന്തമാക്കുകയും ചെയ്തു.