കൊളംബോ: ഈ മാസം 13ന് ആരംഭിക്കാനിരിക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പര നീട്ടിവെച്ചേക്കും. ശ്രീലങ്കന്‍ ക്യാംപില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പരമ്പരയുടെ തീയ്യതി നീട്ടിവെക്കാനൊരുങ്ങുന്നത്. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 13ന് ആരംഭിക്കേണ്ട ഏകദിന പരമ്പര 17നോ 18നോ ആയിരിക്കും ആരംഭിക്കുക.
ഇംഗ്ലണ്ട് പരമ്പരക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തിയ ശ്രീലങ്കന്‍ ടീമിന്റെ ബാറ്റിങ് പരിശീലകന്‍ ഗ്രാന്റ് ഫ്‌ളവറിന് കോവിഡ് പോസിറ്റീവായിരുന്നു. നിലവില്‍ ബാക്കിയുള്ളവര്‍ക്കെല്ലാം കോവിഡ് നെഗറ്റീവാണ്. എന്നാല്‍ നിരീക്ഷണം തുടരാനാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്. അതിനാല്‍ത്തന്നെ ടൂര്‍ണമെന്റ് തീയ്യതി മുന്നോട്ട് നീക്കിവെക്കാനുള്ള സാധ്യതയേറെയാണ്.

ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിലുള്ള പരമ്പരയില്‍ പങ്കെടുത്ത ഏഴോളം ഇംഗ്ലണ്ട് ടീം അംഗങ്ങള്‍ക്ക് കോവിഡ് പോസിറ്റീവായിരുന്നു. ഇതോടെയാണ് ശ്രീലങ്കന്‍ ടീമിന്റെ താരങ്ങള്‍ക്കും നിരീക്ഷണം ഏര്‍പ്പെടുത്തിയത്. വരും ദിവസങ്ങളില്‍ താരങ്ങളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ മത്സരത്തിന്റെ ഷെഡ്യൂള്‍ ഇനിയും നീളാന്‍ സാധ്യതയുണ്ട്.
മൂന്ന് വീതം ഏകദിനവും ടി20യും ഉള്‍പ്പെടുന്ന പരമ്പരയാണ് ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ കളിക്കുന്നത്. നേരത്തെ നിശ്ചയിച്ച പ്രകാരമാണെങ്കില്‍ ജൂലൈ 13ന് ആരംഭിക്കുന്ന പരമ്പര 25നാണ് അവസാനിക്കുന്നത്. നിലവിലെ സാഹചര്യം പരിഗണിക്കുമ്പോള്‍ ഇത് ആഗസ്റ്റിലേക്കും നീളാനുള്ള സാധ്യതകളാണ് നിലവില്‍ക്കുന്നത്.
നിലവില്‍ ഇന്ത്യന്‍ ടീം കൊളംബോയില്‍ പരിശീലനം നടത്തുന്നുണ്ട്. വിജയകരമായി ക്വാറന്റെയ്ന്‍ പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ താരങ്ങള്‍ ടീം തിരിഞ്ഞുള്ള പരിശീലന മത്സരമാണ് നടത്തുന്നത്. ശിഖര്‍ ധവാന്‍ നയിക്കുന്ന ഇന്ത്യന്‍ നിരയില്‍ ഭുവനേശ്വര്‍ കുമാറാണ് വൈസ് ക്യാപ്റ്റന്‍. പരിശീലക സ്ഥാനത്ത് രാഹുല്‍ ദ്രാവിഡുമുണ്ട്.
ഇന്ത്യയുടെ സീനിയര്‍ ടീം ഇംഗ്ലണ്ട് പര്യടനത്തിലായതിനാല്‍ ബി ടീമുമായാണ് ഇന്ത്യ ശ്രീലങ്കയിലേക്ക് എത്തിയിരിക്കുന്നത്. നിരവധി യുവതാരങ്ങള്‍ ഉള്‍പ്പെട്ട ടീമില്‍ ആറ് പുതുമുഖങ്ങള്‍ക്കും അവസരം നല്‍കിയിട്ടുണ്ട്. ടി20 ലോകകപ്പ് വരാനിരിക്കെ വളരെ പ്രാധാന്യത്തോടെയാണ് യുവതാരങ്ങള്‍ ശ്രീലങ്കന്‍ പരമ്പരയെ നോക്കിക്കാണുന്നത്. ഈ സമയത്ത് കോവിഡ് മൂലം ടൂര്‍ണമെന്റ് റദ്ദാക്കേണ്ട സാഹചര്യം ഉണ്ടായാല്‍ യുവതാരങ്ങള്‍ക്കത് കടുത്ത തിരിച്ചടിയായേക്കും.
ശ്രീലങ്കന്‍ ടീമിന്റെ സമീപ കാല പ്രകടനങ്ങള്‍ വളരെ നിരാശപ്പെടുത്തുന്നതാണ്. ഇംഗ്ലണ്ടില്‍ സമ്പൂര്‍ണ്ണ തോല്‍വി ഏറ്റുവാങ്ങിയ ശ്രീലങ്കയ്ക്ക് ടി20 ലോകകപ്പ് യോഗ്യത നേടണമെങ്കില്‍ യോഗ്യതാ മത്സരം കളിക്കേണ്ട അവസ്ഥയാണുള്ളത്. പ്രതിഫല തര്‍ക്കം ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡും താരങ്ങളും തമ്മില്‍ നിലനിന്നിരുന്നു. കഴിഞ്ഞ ദിവസമാണ് അതിന് പരിഹാരമായത്.