ഐപിഎല്‍: ആരാവും റണ്‍ മെഷീന്‍? ഉറപ്പിച്ചോ, ഓറഞ്ച് ക്യാപ്പ് ഇവരിലൊരാള്‍ക്ക്... രണ്ട് ഇന്ത്യക്കാര്‍
മുംബൈ: ഐപിഎല്ലിന്റെ 12ാം സീസണിലെ രണ്ടു റൗണ്ട് പോരാട്ടങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ആരാവും സീസണ്‍ അവസാനിക്കുമ്പോള്‍ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിന് അവകാശിയാവുകയെന്നാണ് ക്രിക്കറ്റ് പ്രേമികളുടെ ആകാംക്ഷ. നിലവില്‍ രണ്ടു മല്‍സരങ്ങങളില്‍ നിന്നും 154 റണ്‍സുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറാണ് ഒന്നാംസ്ഥാനത്ത്.
132 റണ്‍സുമായി രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണ്‍ രണ്ടാമതുണ്ട്. സീസണില്‍ അവസാനിക്കുമ്പോള്‍ ആരാവും തലപ്പത്ത് എന്നു പ്രവചിക്കുക ദുഷ്‌കരമാണ്. ഈ സീസണില്‍ ടോപ്‌സ്‌കോററാവാന്‍ ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന്ന ചില താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

ക്രിസ് ഗെയ്ല്‍
കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ വെടിക്കെട്ട് താരം ക്രിസ് ഗെയ്ല്‍ നേരത്തേ രണ്ടു തവണ ഓറഞ്ച് ക്യാപ്പിന് അര്‍ഹനായിട്ടുണ്ട്. ഈ സീസണിലും യൂനിവേഴ്‌സല്‍ ബോസിനെ തള്ളിക്കളയാനാവില്ല. നിലവില്‍ രണ്ടു മല്‍സരങ്ങളില്‍ നിന്നും 99 റണ്‍സുമായി റണ്‍വേട്ടക്കാരുടെ ലിസ്റ്റില്‍ ആറാമതാണ് ഗെയ്ല്‍. 60 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
ഒറ്റയ്ക്കു മല്‍സരഗതി മാറ്റി മറിക്കാന്‍ ശേഷിയുള്ള ചുരുക്കം താരങ്ങളിലൊരാളാണ് അദ്ദേഹം. കഴിഞ്ഞ സീസണിന്റെ ആദ്യ പകുതിയില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ അദ്ദേഹത്തിന് പക്ഷെ ഈ ഫോം അവസാനം വരെ നിലനിര്‍ത്താനായില്ല. ഇംഗ്ലണ്ടിനെതിരേ നടന്ന കഴിഞ്ഞ ഏകദിന പരമ്പരയില്‍ വിന്‍ഡീസിനായി അദ്ദേഹം റണ്‍സ് വാരിക്കൂട്ടിയിരുന്നു. നാലു കളിയില്‍ നിന്നും 424 റണ്‍സാണ് താരം നേടിയത്. 39 സിക്‌സറുകളും ഗെയ്ല്‍ പരമ്പരയില്‍ പറത്തി.

വിരാട് കോലി
ആര്‍സിബി നായകന്‍ വിരാട് കോലിയാണ് ടോപ്‌സ്‌കോററാവാന്‍ സാധ്യതയുള്ള മറ്റൊരാള്‍. കഴിഞ്ഞ രണ്ടു മല്‍സരങ്ങൡും വലിയ ഇന്നിങ്‌സുകള്‍ കളിച്ചിട്ടില്ലെങ്കിലും കോലി അധികം വൈകാതെ തനിനിറം പുറത്തെടുത്തേക്കും. ഐപിഎല്ലിന്റെ ഒരു സീസണില്‍ ഏറ്റവുമധികം റണ്‍സെടുത്ത താരമെന്ന റെക്കോര്‍ഡ് അദ്ദേഹത്തിന്റെ പേരിലാണ്. 2016ലെ ഐപിഎല്ലിലാണ് 16 മല്‍സരങ്ങളില്‍ നിന്നും 973 റണ്‍സെടുത്ത് കോലി ചരിത്രം കുറിച്ചത്.

റിഷഭ് പന്ത്
ഡല്‍ഹി ക്യാപ്പിറ്റല്‍സ് വിക്കറ്റ് കീപ്പറായ റിഷഭ് പന്ത് തകര്‍പ്പന്‍ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. രണ്ടു മല്‍സരങ്ങളില്‍ നിന്നും 103 റണ്‍സോടെ പട്ടികയില്‍ നാലാംസ്ഥാനത്തുണ്ട് താരം. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ പന്തിന് ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയേ തീരൂ.
ആദ്യ കളിയില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ വെടിക്കെട്ട് പ്രകടനമാണ് പന്ത് നടത്തിയത്. വെറും 27 ബോളില്‍ ഏഴു വീതം ബൗണ്ടറികളും സിക്‌സറുമടക്കം താരം പുറത്താവാതെ 78 റണ്‍സ് വാരിക്കൂട്ടിയിരുന്നു.

ഡേവിഡ് വാര്‍ണര്‍
വിലക്ക് മൂലം കഴിഞ്ഞ സീസണ്‍ നഷ്ടമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഓസീ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണര്‍ തകര്‍പ്പന്‍ തിരിച്ചുവരവാണ് നടത്തിയത്. കളിച്ച രണ്ടു മല്‍സരങ്ങളിലും ഫിഫ്റ്റി നേടിയ അദ്ദേഹം നിലവില്‍ റണ്‍വേട്ടയില്‍ ഒന്നാമതുണ്ട്. 154 റണ്‍സോടെയാണ് വാര്‍ണര്‍ തലപ്പത്ത് നില്‍ക്കുന്നത്.
കഴിഞ്ഞ സീസണില്‍ കളിക്കാനായില്ലെങ്കിലും അതിനു തെട്ടുമുമ്പത്തെ സീസണുകളില്‍ മിന്നുന്ന പ്രകടനമാണ് ഓസീസ് ഓപ്പണര്‍ കാഴ്ചവച്ചത്. 2017ല്‍ 641 റണ്‍സോടെ ഓറഞ്ച് ക്യാപ്പിന് അവകാശിയായിരുന്നു അദ്ദേഹം. 2016ല്‍ 848 റണ്‍സും വാര്‍ണര്‍ അടിച്ചെടുത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications