Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: അങ്കത്തട്ടിലേക്ക് ഇവര്‍... അടുത്തറിയാം ടീമുകളെ, ആരാവും ലോര്‍ഡ്‌സിലെ രാജാവ്?

ലോകകപ്പ് ടീമുകൾ ആരൊക്കെ? | #CWC19 | Oneindia Malayalam

ദില്ലി: ഐസിസിയുടെ ക്രിക്കറ്റ് പൂരമായ ഏകദിന ലോകകപ്പിന് ആരവമുയരാന്‍ ഇനി കഷ്ടിച്ച് ഒന്നര മാസം മാത്രം. മേയ് 30ന് ആതിഥേയരായ ഇംഗ്ലണ്ടും തമ്മിലുള്ള പോരാട്ടത്താടെ ക്രിക്കറ്റ് കാര്‍ണിവലിന് കര്‍ട്ടനുയരും. ലണ്ടനിലെ ഓവലിലാണ് ഉദ്ഘാടന മല്‍സരം. ലോകകപ്പിന്റെ 12ാം എഡിഷനാണ് ഇംഗ്ലണ്ടും വെയ്ല്‍സും കൂടി ആതിഥേയത്വം വഹിക്കുന്നത്. 10 ടീമുകള്‍ റൗണ്ട് റോബിന്‍ രീതിയില്‍ നടക്കുന്ന പ്രാഥമിക റൗണ്ടില്‍ ഏറ്റുമുട്ടും. ഓരോ ടീമുകളും പരസ്പരം ഒരു തവണ വീതമാണ് മുഖാമുഖം വരിക. 11 വേദികളിലായി 46 ദിവസം നീണ്ടു നില്‍ക്കുന്ന ടൂര്‍ണമെന്റില്‍ 48 മല്‍സരങ്ങളുണ്ടാവും.

ഡേ മല്‍സരങ്ങളെല്ലാം ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 2.30നാണ് ആരംഭിക്കുക. എന്നാല്‍ ഡേ-നൈറ്റ് മല്‍സരങ്ങള്‍ തുടങ്ങുക ഇന്ത്യന്‍ സമയം വൈകീട്ട് 5.30നായിരിക്കും. ഏഴു ഡേ- നൈറ്റ് മല്‍സരങ്ങളാണ് ലോകകപ്പിലുള്ളത്. ജൂലൈ 14നാണ് കലാശപ്പോരാട്ടം. ലോകകപ്പില്‍ മാറ്റുരയ്ക്കുന്ന 10 ടീമുകളില്‍ എട്ടു പേരാണ് 15 അംഗ സംഘത്തെ പ്രഖ്യാപിച്ചത്. വെസ്റ്റ് ഇന്‍ഡീസും അഫ്ഗാനിസ്താനുമാണ് ഇനി ശേഷിക്കുന്നത്. പ്രഖ്യാപിച്ച എട്ടു ടീമുകള്‍ ഏതൊക്കെയെന്നു വിശദമായി പരിശോധിക്കാം.

ഓസ്‌ട്രേലിയ

നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ ഇത്തവണയും വലിയ പ്രതീക്ഷകളോടെയാണ് ലോകകപ്പിനു കച്ചമുറുക്കുന്നത്. വിലക്ക് കഴിഞ്ഞ് മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും തിരിച്ചെത്തിയത് ഓസീസിനെ കൂടുതല്‍ അപകടകാരികളാക്കും. സ്മിത്ത് തിരിച്ചെത്തിയെങ്കിലും ലോകകപ്പില്‍ ടീമിനെ നയിക്കാനുള്ള ചുമതല ആരോണ്‍ ഫിഞ്ചിനു തന്നെയാണ്.
ഇന്ത്യ, പാകിസ്താന്‍ എന്നിവര്‍ക്കെതിരേ തുടര്‍ച്ചയായി പരമ്പരകള്‍ സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് കംഗാരുപ്പട. ലോകകപ്പിനു തൊട്ടുമുമ്പ് തന്നെ ഓസീസ് തങ്ങളുടെ യഥാര്‍ഥ ഫോമിലേക്കു തിരിച്ചെത്തിയത് മറ്റു ടീമുകള്‍ക്കു തീര്‍ച്ചയായും ഭീഷണിയാണ്.
ടീം: ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), ഉസ്മാന്‍ ഖ്വാജ, ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, ഷോണ്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍ക്കസ് സ്‌റ്റോയ്ണിസ്, അലെക്‌സ് കാരി, പാറ്റ് കമ്മിന്‍സ്, മിച്ചെല്‍ സ്റ്റാര്‍ക്ക്, ജൈ റിച്ചാര്‍ഡ്‌സന്‍, നതാന്‍ കോള്‍ട്ടര്‍ നൈല്‍, ജാസണ്‍ ബെറന്‍ഡോര്‍ഫ്, നതാന്‍ ലിയോണ്‍, ആദം സാംപ.

ന്യൂസിലാന്‍ഡ്

കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പായ ന്യൂസിലാന്‍ഡ് കന്നി ലോകകിരീടമാണ് ഇത്തവണ ലക്ഷ്യമിടുന്നത്. ലോകകപ്പിലെ കറുത്ത കുതിരകളാവുമെന്ന് ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വിശേഷിപ്പിച്ച ടീമാണ് കിവീസ്. സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ കെയ്ന്‍ വില്ല്യംസണിനു കീഴില്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മിന്നുന്ന പ്രകടനമാണ് ന്യൂസിലാന്‍ഡ് കാഴ്ച വച്ചു കൊണ്ടിരിക്കുന്നത്.
വില്ല്യംസണിനെക്കൂടാതെ റോസ് ടെയ്‌ലര്‍, കോളിന്‍ മണ്‍റോ, ടിം സോത്തി, മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ട്രെന്റ് ബോള്‍ട്ട് തുടങ്ങി ഒരു പിടി മാച്ച് വിന്നര്‍മാര്‍ അവര്‍ക്കുണ്ട്.
ടീം: കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), ടോം ബ്ലണ്ടെല്‍, ട്രെന്റ് ബോള്‍ട്ട്, കോളിന്‍ ഡി ഗ്രാന്‍ഡോം, ലോക്കി ഫെര്‍ഗൂസന്‍, മാര്‍ട്ടിന്‍ ഗുപ്റ്റില്‍, മാറ്റ് ഹെന്റി, ടോം ലാതം, കോളിന്‍ മണ്‍റോ, ജിമ്മി നീഷാം, ഹെന്റി നിക്കോള്‍സ്, മിച്ചെല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടിം സോത്തി, റോസ് ടെയ്‌ലര്‍.

ഇന്ത്യ

ഈ ലോകകപ്പിലെ കിരീട ഫേവറിറ്റുകളിലൊന്നാണ് വിരാട് കോലിയുടെ ടീം ഇന്ത്യ. ലോക ഏകദിന റാങ്കിങിലെ രണ്ടാംസ്ഥാനക്കാര്‍ കൂടിയായ ഇന്ത്യ മികച്ച പ്രകടനമാണ് നാട്ടിലും വിദേശത്തുമെല്ലാം നടത്തിക്കൊണ്ടിരിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരേ അവസാനമായി നാട്ടില്‍ നടന്ന ഏകദിന പരമ്പരയിലെ തോല്‍വി മാറ്റി നിര്‍ത്തിയാല്‍ ആരാധകര്‍ക്കു ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ഇന്ത്യയുടെ പ്രകടനം.
2011ല്‍ നാട്ടില്‍ നടന്ന ലോകകപ്പില്‍ ജേതാക്കളായ ഇന്ത്യ കഴിഞ്ഞ ടൂര്‍ണമെന്റില്‍ സെമി ഫൈനലില്‍ പുറത്താവുകയായിരുന്നു. ഇത്തവണ കൂടുതല്‍ സന്തുലിതമായ ടീമിനെയാണ് ഇന്ത്യ അണിനിരത്തുന്നത്.
ഇന്ത്യ: വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, വിജയ് ശങ്കര്‍, എംഎസ് ധോണി, കേദാര്‍ ജാദവ്, ദിനേഷ് കാര്‍ത്തിക്, യുസ്വേന്ദ്ര ചഹല്‍, ഹര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ.

ഇംഗ്ലണ്ട്

ലോകകപ്പില്‍ കിരീട സാധ്യതയില്‍ ഏറ്റവും മുന്നിലുള്ള ടീമാണ് ആതിഥേയര്‍ കൂടിയായ ഇംഗ്ലണ്ട്. 2015ലെ കഴിഞ്ഞ ലോകകപ്പിലെ നാണംകെട്ട പുറത്താവലിനു ശേഷം ഇയോന്‍ മോര്‍ഗന്റെ ക്യാപ്റ്റന്‍സിയില്‍ ഉജ്ജ്വല പ്രകടനമാണ് ഏകദിനത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. തുടര്‍ച്ചയായ പരമ്പര വിജയങ്ങള്‍ ഇംഗ്ലണ്ടിനെ റാങ്കിങില്‍ ഒന്നാമതെത്തിക്കുകയും ചെയ്തു.
നിലവിലെ ഫോമും ആതിഥേയരെന്ന പ്ലസ് പോയിന്റും ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നുണ്ട്.
ടീം: ഇയോന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), ജോണി ബെയര്‍സ്‌റ്റോ, ജാസണ്‍ റോയ്, ജോ റൂട്ട്, ബെന്‍ സ്‌റ്റോക്‌സ്, ജോസ് ബട്‌ലര്‍, മോയിന്‍ അലി, ക്രിസ് വോക്‌സ്, ലിയാം പ്ലങ്കെറ്റ്, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്, അലെക്‌സ് ഹെയ്ല്‍സ്, ടോം കറെന്‍, ജോ ഡെന്‍ലി, ഡേവിഡ് വില്ലി.

പാകിസ്താന്‍

ക്രിക്കറ്റിലെ ഏറ്റവും അപ്രവചനീയരായ ടീമാണ് പാകിസ്താന്‍. ഏതു വമ്പന്‍ ടീമിനെയും തോല്‍പ്പിക്കാന്‍ ശേഷിയുള്ളള പാകിസ്താന്‍ ചിലപ്പോള്‍ എത്ര ചെറിയ എതിരാളികളോടും തോല്‍ക്കുകയും ചെയ്യും. സ്റ്റാര്‍ പേസര്‍ മുഹമ്മദ് ആമിറിനെ ഒഴിവാക്കിയാണ് പാകിസ്താന്‍ ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചത്. സര്‍ഫ്രാസ് അഹമ്മദാണ് ടീമിനെ നയിക്കുക. 2017ല്‍ നടന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ അപ്രതീക്ഷിത ജേതാക്കളായതു പോലെ ഇത്തവണ ലോകകപ്പിലും അത്തരമൊരു അവിസ്മരണീയ നേട്ടമാണ് പാക് ടീം ലക്ഷ്യമിടുന്നത്.
ടീം- സര്‍ഫ്രാസ് അഹമ്മദ് (ക്യാപ്റ്റന്‍), ഫഖര്‍ സമാന്‍, ഇമാമുള്‍ ഹഖ്, ബാബര്‍ അസം, ഷദാബ് ഖാന്‍, ഷുഐബ് മാലിക്ക്, ഫഹീം അഷ്‌റഫ്, ഷഹീന്‍ അഫ്രീഡി, ഹസന്‍ അലി, ആബിദ് അലി, മുഹമ്മദ് ഹഫീസ്, ഇമാദ് വസീം, ജുനൈദ് ഖാന്‍, മുഹമ്മദ് ഹസ്‌നെയ്ന്‍, ഹാരിസ് സൊഹൈല്‍.

ബംഗ്ലാദേശ്

വെറ്ററന്‍ പേസര്‍ മഷ്‌റഫെ മൊര്‍ത്താസ നയിക്കുന്ന ബംഗ്ലാദേശ് ലോകകപ്പിലെ കറുത്ത കുതിരകളാവാന്‍ തയ്യാറെടുക്കുകയാണ്. കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യാ കപ്പില്‍ ഫൈനല്‍ വരെയെത്തിയ ബംഗ്ലാദേശ് ഇപ്പോള്‍ ഏതു വമ്പന്‍മാരെയും വീഴ്ത്താന്‍ കെല്‍പ്പുള്ള ടീമായി മാറിക്കഴിഞ്ഞു. യുവത്വവും അനുഭവസമ്പത്തും സമന്വയിപ്പിച്ച ശക്തമായ ടീമിനെയാണ് ബംഗ്ലാദേശ് ലോകകപ്പില്‍ ഇറക്കുന്നത്.
ടീം- മഷ്‌റഫെ മൊര്‍ത്താസ (ക്യാപ്റ്റന്‍), തമീം ഇഖ്ബാല്‍, ലിറ്റണ്‍ ദാസ്, സൗമ്യ സര്‍ക്കാര്‍, മുഷ്ഫിഖുര്‍ റഹീം, മഹമ്മൂദുള്ള, ഷാക്വിബുല്‍ ഹസന്‍, മുഹമ്മദ് മിതുന്‍, സബീര്‍ റഹ്മാന്‍, മൊസാദക്ക് ഹുസൈന്‍, മുഹമ്മദ് സെയ്ഫുദ്ദീന്‍, മെഹ്ദി ഹസന്‍ മിറാസ്, റൂബെല്‍ ഹുസൈന്‍, മുസ്തഫിസുര്‍ റഹ്മാന്‍, അബു ജായദ്.

ദക്ഷിണാഫ്രിക്ക

നിര്‍ഭാഗ്യവാന്‍മാരെന്നു വിശേഷിപ്പിക്കപ്പെടുന്ന ദക്ഷിണാഫ്രിക്ക ഇത്തവണ ലോകകപ്പില്‍ ഭാഗ്യം തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന ശുഭപ്രതീക്ഷയിലാണ്. റീസ്സ ഹെന്‍ഡ്രിക്‌സിനു പകരം ഹാഷിം അംലയെ ഉള്‍പ്പെടുത്തിയതൊഴിച്ചാല്‍ കാര്യമായ സര്‍പ്രൈസുകളില്ലാതെയാണ് ദക്ഷിണാഫ്രിക്ക ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചത്. ഫഫ് ഡുപ്ലെസിയാണ് ക്യാപ്റ്റന്‍.
ടീം- ഫഫ് ഡുപ്ലെസി (ക്യാപ്റ്റന്‍), എയ്ഡന്‍ മര്‍ക്രാം, ക്വിന്റണ്‍ ഡികോക്ക്, ഹാഷിം അംല, റാസ്സി വാന്‍ഡര്‍ ഡ്യുസന്‍, ഡേവിഡ് മില്ലര്‍, ആന്‍ഡിലെ ഫെലുക്വായോ, ജെപി ഡുമിനി, ഡ്വയ്ന്‍ പ്രെറ്റോറിയസ്, ഡെയ്ല്‍ സ്‌റ്റെയ്ന്‍, കാഗിസോ റബാദ, ലുംഗി എന്‍ഡിഗി, ആന്റിച്ച് നോര്‍ട്ടെ, ഇമ്രാന്‍ താഹിര്‍, തബ്രെയ്‌സ് ഷാംസി.

ശ്രീലങ്ക

നിരവധി മാറ്റങ്ങളുമായാണ് മുന്‍ ചാംപ്യന്‍മാരായ ശ്രീലങ്ക ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചത്. മുന്‍ ക്യാപ്റ്റന്‍ ദിനേഷ് ചാണ്ഡിമലടക്കകം ടീമിലെ സ്ഥിരാംഗങ്ങളായ പലരും ലോകകപ്പ് ടീമില്‍ നിന്നും തഴയപ്പെട്ടു. നിരോഷന്‍ ഡിക്ക്വെല്ല, അഖില ധനഞ്ജയ, ധനുഷ്‌ക ഗുണതിലകെ, ഉപുല്‍ തരംഗ എന്നിവര്‍ക്കാണ് സ്ഥാനം നഷ്ടമായത്. യുവതാരം ദിമുത് കരുണരത്‌നെയാണ് ലോകകപ്പില്‍ ടീമിനെ നയിക്കുക.
ടീം- ദിമുത് കരുണരത്‌നെ (ക്യാപ്റ്റന്‍), ലസിത് മലിങ്ക, ആഞ്ചലോ മാത്യൂസ്, തിസാര പെരേര, കുശാല്‍ പെരേര, ധനഞ്ജയ ഡിസില്‍വ, കുശാല്‍ മെന്‍ഡിസ്, ഇസുരു ഉദാന, മിലിന്ദ സിരിവര്‍ധന, അവിഷ്‌ക ഫെര്‍ണാണ്ടോ, ജീവന്‍ മെന്‍ഡിസ്, ലഹിരു തിരിമന്നെ, ജെഫ്രി വാന്‍ഡര്‍സെ, നുവാന്‍ പ്രദീപ്, സുരംഗ ലക്മല്‍.

Story first published: Saturday, April 20, 2019, 10:43 [IST]
Other articles published on Apr 20, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+