സിഡ്നി: ഡ്രസിങ് റൂമിൽ വെച്ച് നഗ്നതാ പ്രദർശനം നടത്തി എന്ന പരാതിയിൽ വെസ്റ്റ് ഇൻഡീസിന്റെ വെടിക്കെട്ട് ബാറ്റ്സ്മാൻ ക്രിസ് ഗെയ്ലിന് ആശ്വാസം. വാർത്ത പുറത്ത് വിട്ട ഓസ്ട്രേലിയൻ മാധ്യമ ഗ്രൂപ്പായ ഫെയര്‍ഫാക്സ് മീഡിയയ്ക്കെിരെ ക്രിസ് ഗെയ്ല്‍ മാനനഷ്ടക്കേസ് കൊടുത്തിരുന്നു. ഈ കേസിലാണ് ഗെയ്ലിന് അനുകൂലമായ വിധി ഉണ്ടായിരിക്കുന്നത്.
തന്നെ നശിപ്പിക്കാൻ വേണ്ടി ഓസീസ് മാധ്യമങ്ങള്‍ ബോധപൂർവ്വം വാർത്തകള്‍ നൽകുകയാണെന്നാണ് ക്രിസ് ഗെയ്ൽ പരാതിയിൽ പറയുന്നത്. 2015 ലോകകപ്പ് മത്സരങ്ങൾ നടക്കുന്നിതിനിടെ ഗെയ്ൽ തന്നെ ജനനേന്ദ്രിയം കാണിച്ചു എന്ന് വെസ്റ്റ് ഇന്‍ഡീസ് ടീമിന്റെ മസാജറായിരുന്ന ലെന്നി റസല്‍ പരാതിപ്പെട്ടു എന്നായിരുന്നു ഫെയര്‍ഫാക്സ് മീഡിയ വാർത്ത നൽകിയത്.

ടവ്വല്‍ തെരഞ്ഞ് ഡ്രസ്സിംഗ് റൂമിലെത്തിയ തന്നോട് എന്താണ് തെരയുന്നത് എന്ന് ഗെയ്ൽ ചോദിക്കുകയും ടവ്വല്‍ തെരയുകയാണ് എന്ന് പറഞ്ഞപ്പോള്‍ ഗെയ്ല്‍ ഉടുത്തിരുന്ന ടവല്‍ അഴിച്ചുമാറ്റി ഇതാണോ തിരയുന്നത് എന്ന് ചോദിക്കുകയായിരുന്നത്രെ. സംഭവം നടക്കുമ്പോൾ ഗെയ്ലിന്റെ സഹതാരമായ ഡ്വെയ്ൻ സ്മിത്തും ഡ്രസിങ് റൂമിൽ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട് പറയുന്നത്. എന്നാൽ സ്മിത്ത് ഇക്കാര്യം നിഷേധിച്ചു.
അനുകൂലമായ വിധിയുണ്ടായതിൽ താൻ സന്തോഷവാനാണ് എന്നാണ് ക്രിസ് ഗെയ്ൽ പ്രതികരിച്ചത്. താനൊരു നല്ല ആളാണ്. ഒരു തെറ്റും താന്‍ ചെയ്തിട്ടില്ല - ഗെയ്ൽ പറഞ്ഞു. ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്സ്മാനായ ക്രിസ് ഗെയ്ലിന്റെ പേരിൽ ഇതിനും മുമ്പും ഒരുപാട് വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇതാദ്യമായാണ് കോടതി വരെ കാര്യങ്ങള്‍ എത്തുന്നത്.