സിഡ്‌നി: വെസ്റ്റിന്‍ഡീസ് സൂപ്പര്‍ ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍ ഉപയോഗിക്കുന്ന സ്വര്‍ണം പൂശിയ ബാറ്റ് വിവാദത്തില്‍. ഓസ്‌ട്രേലിയന്‍ ടി20 ലീഗായ ബിഗ് ബാഷില്‍ കളിക്കുന്ന ക്രിസ് ഗെയ്ല്‍ സ്വര്‍ണം പൂശിയ ബാറ്റുപയോഗിച്ചത് വാര്‍ത്തയായിരുന്നു. എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള ലോഹം ബാറ്റില്‍ ഉപയോഗിക്കുന്നത് ക്രിക്കറ്റിന്റെ നിയമത്തിന് വിരുദ്ധമാണെന്ന് വിമര്‍ശകര്‍ പറയുന്നു.
അതേസമയം, ബാറ്റില്‍ ലോഹം ഉപയോഗിച്ചിട്ടില്ലെന്നും സ്വര്‍ണനിറം പൂശുകമാത്രമാണ് ചെയ്തതെന്നും ബാറ്റ് നിര്‍മാതാക്കളായ സ്പാര്‍ട്ടന്‍ വ്യക്തമാക്കി. ക്രിക്കറ്റ് നിയമങ്ങള്‍ പാലിച്ചുകൊണ്ടാണ് ബാറ്റ് നിര്‍മിച്ചത്. ബാറ്റിന്റെ വലുപ്പത്തിലോ മറ്റോ ഒരു തരത്തിലുള്ള മാറ്റവും വരുത്തിയിട്ടില്ലെന്നും സ്പാര്‍ട്ടന്‍ ഉടമ കുനാല്‍ ശര്‍മ പറഞ്ഞു.

സ്വര്‍ണബാറ്റുപയോഗിച്ച് ബാറ്റിങ്ങിനിറങ്ങിയ ഗെയില്‍ രണ്ടു ഫോറും രണ്ടു സിക്‌സറുമടിച്ച് ബാറ്റിങ്ങില്‍ തിളങ്ങിയിരുന്നു. മെല്‍ബണ്‍ ടീമിനുവേണ്ടി കളിക്കുന്ന ഗെയ്ല്‍, ബ്രിസ്‌ബെന്‍ ഹീറ്റിനെതിരെയാണ് ആദ്യമായി സ്വര്‍ണബാറ്റുപയോഗിച്ചത്. രണ്ടു സിക്‌സര്‍ അടിച്ചതോടെ പരിമിത ഓവര്‍ ക്രിക്കറ്റില്‍ 600 സിക്‌സറടിക്കുന്ന ആദ്യതാരവുമായി ഗെയ്ല്‍.
അതിനിടെ, ഗെയ്ല്‍ ഉപയോഗിക്കുന്നത് ഭാരംകൂടിയ ബാറ്റ് ആണെന്നും അത് അദ്ദേഹത്തിന് ദോഷം ചെയ്യുമെന്നുമാണ് മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ റിക്കി പോണ്ടിങ്ങിന്റെ അഭിപ്രായം. സ്വര്‍ണം പൂശിയ ബാറ്റ് ഉപയോഗിക്കുന്ന ആദ്യ ബാറ്റ്‌സ്മാന്‍ ആണ് ഗെയ്ല്‍. തന്റെ കുട്ടി ആരാധകര്‍ക്കുവേണ്ടിയാണ് ഇത്തരമൊരു ബാറ്റുപയോഗിക്കുന്നതെന്ന് ഗെയ്ല്‍ പറഞ്ഞിരുന്നു.