ദില്ലി: ഓസ്‌ട്രേലിയയില്‍ നടന്നുവരുന്ന ബിഗ് ബാഷ് ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ വെസ്റ്റിന്റീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ നടത്തിയ കമന്റുമായി ബന്ധപ്പെട്ട് ഐസിസി സിഇഒ ഡേവ് റിച്ചാഡ്‌സണ്‍ പ്രതികരിച്ചു. ഇത്തരമൊരു കമന്റ് ഒഴിവാക്കേണ്ടിയിരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, ക്രിക്കറ്റിനെ ഇത് ഏതെങ്കിലും തരത്തില്‍ ബാധിക്കില്ലെന്നും റിച്ചാഡ്‌സണ്‍ വ്യക്തമാക്കി.
സംഭവം നടന്ന് എട്ടു ദിവസത്തിനുശേഷമാണ് ഐസിസിയുടെ ഭാഗത്തുനിന്നും ഇതുമായി ബന്ധപ്പെട്ട പ്രതികരണം വന്നിരിക്കുന്നത്. ക്രിക്കറ്റിന്റെ 40 ശതമാനത്തോളം പ്രേക്ഷകര്‍ സ്ത്രീകളാണ്. ടി20 ഫോര്‍മാറ്റ് വന്നശേഷം സ്ത്രീകള്‍ ക്രിക്കറ്റിലേക്ക് ആകര്‍ഷിക്കപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്രയും സത്രീകള്‍ ഗെയ്‌ലിന്റെ കമന്റ് ശ്രദ്ധിച്ചുകാണുമെന്നാണ് അദ്ദേഹം സൂചന നല്‍കിയത്.

ചാനല്‍ 10 റിപ്പോര്‍ട്ടര്‍ മെല്‍ മക്‌ലോഗ്ലിനെതിരെ ആയിരുന്നു ക്രിസ് ഗെയ്‌ലിന്റെ അശ്ലീല പരാമര്‍ശം. മത്സരം ജയിക്കുകയാണെങ്കില്‍ തനിക്കൊപ്പം മദ്യപിക്കാന്‍ വരുന്നോയെന്ന് ചോദിച്ച ഗെയ്ല്‍ അവതാരകയുടെ സൗന്ദര്യത്തെ പുകഴ്ത്തുകയും ചെയ്തു. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഗെയ്ല്‍ മാപ്പു പറഞ്ഞ് തടിയൂരുകയായിരുന്നു. 10,000 ഡോളര്‍ പിഴയും ലഭിച്ചു.
മുന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഗെയ്‌ലിനെതിരെ വിമര്‍ശം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഗെയ്‌ലിന്റെ സ്വഭാവം ഇത്തരത്തിലുള്ളതാണെന്ന് പല വനിതാ ടിവി റിപ്പോര്‍ട്ടര്‍മാരും പിന്നീട് ആരോപിച്ചു. ഗെയ്ല്‍ തനിക്കെതിരെ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന വെളിപ്പെടുത്തലുമായി മറ്റൊരു ഓസ്‌ട്രേലിയന്‍ യുവതിയും രംഗത്തെത്തിയിരുന്നു.