പടുകൂറ്റന്‍ സെഞ്ച്വറിയുമായി ഗെയ്ല്‍ തകര്‍ത്തടിച്ചു, 500 സിക്‌സര്‍; 10000 റണ്‍സ് മറികടന്നു
ഗ്രെനാഡ: വിന്‍ഡീസ് ഓപ്പണര്‍ ക്രിസ് ഗെയ്ല്‍ ഏകദിന ക്രിക്കറ്റില്‍ 10,000 റണ്‍സ് എന്ന നാഴികക്കല്ല് പിന്നിട്ടു. ഇംഗ്ലണ്ടിനെതിരായ നാലാം ഏകദിന മത്സരത്തില്‍ 162 റണ്‍സടിച്ചാണ് ഗെയ്ല്‍ നേട്ടം സ്വന്തമാക്കിയത്. തന്റെ 25-ാം സെഞ്ച്വറി തികച്ച താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ 500 സിക്‌സര്‍ എന്ന നേട്ടം മറികടക്കുന്ന ആദ്യ കളിക്കാരന്‍ കൂടിയായി. 92 പന്തില്‍ നിന്നുമായിരുന്നു ഗെയ്‌ലിന്റെ 162 റണ്‍സ്.
ഇംഗ്ലണ്ട് ഉയര്‍ത്തിയ 419 എന്ന കൂറ്റന്‍ സ്‌കോര്‍ ലക്ഷ്യമിട്ട് ബാറ്റ് ചെയ്ത വിന്‍ഡീസിനായി ഗെയ്ല്‍ തകര്‍ത്താടിയെങ്കിലും ടീമിന് ജയിക്കാനായില്ല. 389 റണ്‍സില്‍ വിന്‍ഡീസ് പുറത്തായി. മത്സരത്തില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇയോയിന്‍ മോര്‍ഗന്‍ ഏകദിനത്തില്‍ 6,000 റണ്‍സ് മറികടന്നിരുന്നു. ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ ആണ് മോര്‍ഗന്‍. 88 പന്തില്‍ മോര്‍ഗന്‍ 103 റണ്‍സ് സ്വന്തമാക്കി.

ഏകദിന സിക്‌സറില്‍ രണ്ടാമന്‍
ലോകകപ്പിന് ശേഷം ഏകദിന ക്രിക്കറ്റില്‍നിന്നും വിരമിക്കാനൊരുങ്ങുന്ന ഗെയ്ല്‍ ഇതുവരെയായി 300 സിക്‌സറുകളിലധികം നേടിക്കഴിഞ്ഞു. ഏകദിന ക്രിക്കറ്റില്‍ മൂന്നൂറോ അതിലധികമോ സിക്‌സറുകള്‍ നേടുന്ന രണ്ടാമത്തെ താരമാണ് ഗെയ്ല്‍. പാക് കളിക്കാരന്‍ ഷാഹിദ് അഫ്രീദിയാണ് ഈ നേട്ടം നേരത്തെ സ്വന്തമാക്കിയത്. അഫ്രീദി 351 സിക്‌സറുകള്‍ നേടിയിട്ടുണ്ട്.

വെസ്റ്റിന്‍ഡീസില്‍ ലാറയ്ക്ക് പിന്നില്‍
10000 റണ്‍സ് മാര്‍ക്ക് മറികടക്കുന്ന രണ്ടാമത്തെ വിന്‍ഡീസ് താരം കൂടിയാണ് ഗെയ്ല്‍. ബ്രയാന്‍ ലാറ 10,405 റണ്‍സുമായി മുന്നിലുണ്ട്. ലാറയെ മറികടക്കാന്‍ ഗെയ്‌ലിന് കഴിയുമെന്നാണ് വിലയിരുത്തല്‍. 18,426 റണ്‍സ് നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം. സച്ചിന് പിന്നിലായി കുമാര്‍ സംഗക്കാര, റിക്കി പോണ്ടിങ് എന്നിവരുണ്ട്. സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, വിരാട് കോലി, എംഎസ് ധോണി എന്നീ ഇന്ത്യന്‍ താരങ്ങളും 10,000 റണ്‍സ് മറികടന്നവരാണ്.

വിന്‍ഡീസ് ഇംഗ്ലണ്ട് മത്സരം
നേരത്തെ, ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ആറു വിക്കറ്റ് നഷ്ടത്തില്‍ 418 റണ്‍സാണ് വാരിക്കൂട്ടിയത്. മറുപടിയില്‍ വിന്‍ഡീസും ഇതേ നാണയത്തില്‍ തിരിച്ചടിച്ചെങ്കിലും 48 ഓവറില്‍ 389ന് പുറത്താവുകയായിരുന്നു. ജയത്തോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 2-1ന് മുന്നിലെത്തി. ഒരു മത്സരം മഴയെത്തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. മൂന്നു സെഞ്ച്വറികളാണ് ഇരുടീമുകളും കൂടി കളിയില്‍ നേടിയത്. ഇംഗ്ലണ്ടിനായി ജോസ് ബട്ലര്‍ (150), ക്യാപ്റ്റന്‍ ഇയോന്‍ മോര്‍ഗന്‍ (103) എന്നിവരുടെ വകയായിരുന്നു സെഞ്ച്വറികള്‍. ക്രിസ് ഗെയ്ലിന്റെ (162) വണ്‍മാന്‍ ഷോയ്ക്ക് വിന്‍ഡീസിനെ രക്ഷിക്കാനായില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications