മുംബൈ: കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടില്‍ ഇക്കുറി ഇറങ്ങുന്നത് രണ്ട് പഴയ ബാംഗ്ലൂര്‍ താരങ്ങളാണ്, വിക്കറ്റ്കീപ്പര്‍-ബാറ്റ്‌സ്മാന്‍ കെഎല്‍ രാഹുലും, വെസ്റ്റിന്ത്യന്‍ ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയിലും. 2018 ഐപിഎല്‍ സീസണില്‍ ഗെയില്‍ ഉയര്‍ത്തിവിട്ട കൊടുങ്കാറ്റ് കണ്ട് സന്തോഷിക്കുന്ന വ്യക്തി കൂടിയാണ് രാഹുല്‍. ഓപ്പണിംഗിലെ ഭാരം മുഴുവന്‍ ചുമലിലേറ്റി മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന സഹതാരത്തെ രാഹുല്‍ വാനോളം പുകഴ്ത്തുകയാണ്.
ടി20 ലോകത്തെ ഏറ്റവും വിനാശകാരിയായ ഓപ്പണര്‍ ക്രിസ് ഗെയില്‍ തന്നെയാണെന്ന് കെഎല്‍ രാഹുല്‍ അഭിപ്രായപ്പെടുന്നു. അദ്ദേഹത്തോടൊപ്പം ഓപ്പണിംഗില്‍ ഇറങ്ങാന്‍ കഴിഞ്ഞത് ഭാഗ്യമാണ്, അതുകൊണ്ട് തന്നെ തനിക്ക് കാര്യങ്ങള്‍ എളുപ്പമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ക്കുന്നു. ഗെയിലിനെ ശ്രദ്ധിച്ച് എതിരാളികള്‍ പന്തെറിയുന്നതിനാല്‍ എനിക്ക് നിലയുറപ്പിക്കാനുള്ള സമയം കിട്ടും. ആര്‍സിബിയില്‍ മുന്‍പ് ഒരുമിച്ച് കളിച്ച പരിചയവും ഇവര്‍ക്കിടയിലുണ്ട്.

ഗെയില്‍ നല്ലൊരു മനുഷ്യനാണ്, സമ്പൂര്‍ണ്ണ എന്റര്‍ടെയിനറും. പരസ്പരം മനസ്സിലാക്കി കളിക്കുന്നതിനാല്‍ ക്രിക്കറ്റ് ആസ്വദിക്കാന്‍ കഴിയുന്നുണ്ട്. ഇത് ക്രിസ് ഗെയിലില്‍ നിന്നും പഠിച്ച പാഠമാണ്. മുഖത്തൊരു ചിരിയുമായാണ് അദ്ദേഹം എപ്പോഴും കളത്തിലിറങ്ങുക. സമ്മര്‍ദത്തിലും കാണികളെ രസിപ്പിക്കാന്‍ ഗെയിലിന് കഴിയും. യഥാര്‍ത്ഥത്തില്‍ മറുവശത്ത് ഗെയിലാണെങ്കില്‍ എതിരാളികളാണ് സമ്മര്‍ദത്തിലാകുന്നത്, കര്‍ണ്ണാടക താരം വ്യക്തമാക്കുന്നു.
പഞ്ചാബ് ക്യാപ്റ്റന്‍ രവിചന്ദ്രന്‍ അശ്വിനും യുവതാരങ്ങള്‍ക്ക് പരമാവധി പ്രോത്സാഹനം നല്‍കുന്നതായി രാഹുല്‍ പറയുന്നു. ഏഴ് മത്സരങ്ങളില്‍ അഞ്ച് വിജയങ്ങള്‍ ക്യാപ്റ്റന്റെ ക്രെഡിറ്റ് തന്നെയാണ്. ടീം മെന്റര്‍ വീരേന്ദര്‍ സെവാഗും താരങ്ങള്‍ക്കൊപ്പമുണ്ട്, രാഹുല്‍ വ്യക്തമാക്കി. സീസണില്‍ 10 പോയിന്റുമായി പട്ടികയില്‍ നാലാം സ്ഥാനത്താണ് പഞ്ചാബ്.