ഗംഭീരം ഗെയ്ല്‍, വീണ്ടും തകര്‍പ്പന്‍ ബാറ്റിങ്; 12 ഓവറില്‍ വിന്‍ഡീസ് ഇംഗ്ലണ്ടിനെ നാണംകെടുത്തി
സെന്റ് ലൂസിയ: ഏകദിന ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയശേഷം തകര്‍പ്പന്‍ ഫോമില്‍ കളിച്ചുകൊണ്ടിരിക്കുന്ന ക്രിസ് ഗെയിലിന്റെ മികവില്‍ വിന്‍ഡീസ് ഇംഗ്ലണ്ടിനെ നാണംകെടുത്തി. ലോക ഒന്നാം നമ്പര്‍ ടീമെന്നും ലോകകപ്പിലെ ഫേവറിറ്റുകളെന്നുമൊക്കെ പുകഴ്‌പെറ്റ ഇംഗ്ലണ്ടിനെ അക്ഷരാര്‍ഥത്തില്‍ ഗെയ്ല്‍ തര്‍ത്തുകളഞ്ഞു. അഞ്ചാമത്തെയും അവസാനത്തെതുമായ മത്സരത്തില്‍ 7 വിക്കറ്റിനായിരുന്നു വിന്‍ഡീസിന്റെ ജയം.
ഇതോടെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര 2-2 എന്ന നിലയില്‍ സമനിലയിലാക്കാനും വെസ്റ്റിന്‍ഡീസിന് കഴിഞ്ഞു. റണ്‍മഴതീര്‍ത്ത നാലാം മത്സരത്തിന് തൊട്ടുപിന്നാലെ ഇംഗ്ലണ്ട് തകര്‍ന്നടിഞ്ഞതാണ് വിന്‍ഡീസിന് ജയം എളുപ്പമായത്. 28.1 ഓവറില്‍ ഇംഗ്ലണ്ട് 113ന് റണ്‍സിന് എല്ലാവരും പുറത്തായപ്പോള്‍ 12.1 ഓവറില്‍ വെസ്റ്റിന്‍ഡീസ് ജയം സ്വന്തമാക്കി.

ഗെയ്‌ലിന്റെ വെടിക്കെട്ട് വീണ്ടും
പരമ്പരയിലുടനീളം ഫോമില്‍ കളിക്കുന്ന വെറ്ററന്‍ ഓപ്പണര്‍ ക്രിസ് ഗെയ്‌ലിന്റെ വെടിക്കെട്ട് അഞ്ചാം ഏകദിനത്തിലും കാണികള്‍ക്ക് വിരുന്നൊരുക്കി. കുറഞ്ഞ വിജയലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസിനായി ഗെയ്ല്‍ 27 പന്തില്‍ 77 റണ്‍സെടുത്തു. 6 ഓവറില്‍ 56 റണ്‍സ് വഴങ്ങിയ ക്രിസ് വോക്‌സും, 55 വഴങ്ങിയ മാര്‍ക്ക് വുഡ്ഡും ഗെയ്‌ലിന്റെ അടിയുടെ ചൂട് ശരിക്കുമറിഞ്ഞു.

ഓഷാന തോമസിന്റെ പ്രകടനം
നേരത്തെ ഒഷാനെ തോമസിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഇംഗ്ലണ്ടിനെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കിയത്. 23 റണ്‍സ് വീതമെടുത്ത ജോസ് ബട്‌ലറും അലക്‌സ് ഹെയ്ല്‍സുമാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍മാര്‍. ഇയോയിന്‍ മോര്‍ഗന്‍ 18ഉം ബെന്‍ സ്‌റ്റോക്ക്‌സ് 15 റണ്‍സെടുത്തു. ഒഷാനെയെ കൂടാതെ വിന്‍ഡീസിനായി ജേസണ്‍ ഹോള്‍ഡറും കാര്‍ലോസ് ബ്രാത് ബെയ്റ്റും രണ്ട് വിക്കറ്റുവീതവും സ്വന്തമാക്കി.

ഗെയ്ല്‍ മാന്‍ ഓഫ് ദിമാച്ച്
പരമ്പരയില്‍ ഗെയ്ല്‍ മാന്‍ ഓഫ് ദി സീരീസ് ആയി തെരഞ്ഞെടുക്കപ്പെട്ടു. രണ്ട് സെഞ്ച്വറികള്‍ ഉള്‍പ്പെടെ ഗെയ്ല്‍ നാല് മത്സരങ്ങളില്‍നിന്നായി 424 റണ്‍സാണ് അടിച്ചുകൂട്ടിയത്. ആദ്യ മത്സരത്തില്‍ 135 റണ്‍സ് നേടിയ ഗെയ്ല്‍ നാലാം മത്സരത്തില്‍ 162 റണ്‍സും സ്വന്തമാക്കിയിരുന്നു. ഈ പരമ്പരയായിരിക്കും കരീബിയനിലെ തന്റെ അവസാന മത്സരമെന്ന് കരുതിയിരുന്നെങ്കിലും ഇനിയും നമുക്ക് കാണാമെന്ന് പറഞ്ഞാണ് ഗെയ്ല്‍ മത്സരശേഷം പിരിഞ്ഞത്.

ഗെയ്‌ലിന്റെ റെക്കോര്‍ഡുകള്‍
പരമ്പരയില്‍ ഒട്ടേറെ റെക്കോര്‍ഡുകള്‍ ഗെയ്ല്‍ പഴങ്കഥയാക്കിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആകെയും ഏകദിനത്തിലും ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമെന്ന ബഹുമതി ഇപ്പോള്‍ ഗെയ്‌ലിനാണ്. ആകെ സിക്‌സറുകളുടെ കാര്യത്തില്‍ 500 കടക്കാനും ഗെയ്‌ലിന് കഴിഞ്ഞു. പരമ്പരയില്‍ 39 സിക്‌സറുകള്‍ നേടിയ താരം ഒരു ദ്വിരാഷ്ട്ര പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന കളിക്കാരനെന്ന ബഹുമതിയും സ്വന്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications