ബെംഗളുരു: കുട്ടിക്രിക്കറ്റിലെ കിരീടംവെക്കാത്ത രാജാവായ ക്രിസ് ഗെയിലിന് പുതിയ ലോകറെക്കോര്‍ഡ്. ടി20 യില്‍ ആദ്യമായി 500 സിക്‌സറടിച്ച താരമെന്ന മറ്റാര്‍ക്കും നേടാന്‍ കഴിയാത്ത ബഹുമതിയാണ് വെസ്റ്റിന്റീസ് താരത്തിനെ തേടിയെത്തിയിരിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സുമായി വ്യാഴാഴ്ച നടന്ന മത്സരത്തില്‍ ഒരു സിക്‌സ് നേടിയതോടെയാണ് ഗെയില്‍ 500 സിക്‌സറിന് ഉടമയായത്.
ഗെയിലിന് തൊട്ടു പിന്നിലുള്ളതും ഒരു വെസ്റ്റിന്റീസ് താരമാണ്, കീറോണ്‍ പൊള്ളാര്‍ഡ്. പൊള്ളാര്‍ഡ് ഇതുവരെയായി 348 സിക്‌സടിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ഫോറുകള്‍ നേടിയവരുടെ കാര്യത്തിലും ഗെയില്‍ മുന്‍പന്തിയിലുണ്ട്. 569 ഫോറുകളാണ് ഗെയ്ല്‍ ഇതുവരെ നേടിയിട്ടുളളത്. ഓസ്‌ട്രേലിയന്‍ താരം ബ്രാഡ് ഹോഡ്ജ് ആണ് ഇക്കാര്യത്തില്‍ നമ്പര്‍വണ്‍. 638 ഫോറുകളാണ് ഹോഡ്ജിന്റെ സമ്പാദ്യം.

ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് താരമായ ഗെയില്‍ 4 മത്സരങ്ങളില്‍ നിന്നും നാല് സെഞ്ച്വറിയും 18 അര്‍ധസെഞ്ച്വറിയുമായി 2927 റണ്‍സ് നേടിയിട്ടുണ്ട്. ഇരുനൂറിലേറെ സിക്‌സറുകളാണ് ഗെയില്‍ ഐപിഎല്‍ ക്രിക്കറ്റില്‍ മാത്രം നേടിയിട്ടുള്ളത്. ഐപിഎല്‍ എട്ടാം സീസണില്‍ 6 മത്സരങ്ങളില്‍ നിന്നും ഗെയില്‍ 219 റണ്‍സ് നേടിയിട്ടുണ്ട്.
138 പന്തില്‍ നിന്നും ഡബിള്‍ സെഞ്ച്വറി നേടിയ ഗെയിലിന്റെ പേരിലാണ് ഏകദിനത്തിലെ വേഗതയേറിയ ഇരട്ട സെഞ്ച്വറിയുടെ റെക്കോര്‍ഡും. 269 ഏകദിന മത്സരങ്ങളില്‍ നിന്നും 37.33 ശരാശരിയില്‍ 9221 റണ്‍സ് നേടിയിട്ടുണ്ട് ഗെയില്‍. മൂന്നാം നമ്പര്‍ ബാറ്റ്‌സ്മാന്‍മാരില്‍ ഏറ്റവും കൂടുതല്‍ സിക്‌സറടിച്ച കളിക്കാരില്‍ മൂന്നാം സ്ഥാനത്താണ് ഗെയില്‍.