വിരമിച്ചതിന് പിന്നില്‍ ഐപിഎല്‍ കോഴ: ധോണിയുടെ കോച്ച്
റാഞ്ചി: ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയ്ക്കിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി വിരമിച്ചത് എന്തിനായിരിക്കും. പലരും അവരവര്‍ക്ക് തോന്നിയ കാരണങ്ങള്‍ പറയുന്നുണ്ട്. ക്യാപ്റ്റന്‍സി പോകുമെന്ന പേടി, വിരാട് കോലിയുടെ ഫോം, ടെസ്റ്റിലെ ഫോമിലില്ലായ്മ, ധോണി തന്നെ പറഞ്ഞപോലെ കൂടിയ സമ്മര്‍ദ്ദം, ഏകദിനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ എന്നിങ്ങനെ പോകുന്നു ആ കാരണങ്ങള്‍.
എന്നാല്‍ ധോണിയെക്കുറിച്ച് ആധികാരികമായി പറയാന്‍ കഴിവും അര്‍ഹതയും ഉള്ള ഒരാളുണ്ട്. ധോണിയെ ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ച കോച്ച് - ചഞ്ചല്‍ ഭട്ടാചാര്യ. ഐ പി എല്‍ ക്രിക്കറ്റിലെ കോഴ വിവാദമാണ് ധോണിയെക്കൊണ്ട് ഈ തീരുമാനം എടുപ്പിച്ചത് എന്നാണ് കുട്ടിക്കാലത്തെ ധോണിയുടെ കോച്ചായിരുന്ന ഭട്ടാചാര്യ പറയുന്നത്.
ധോണിയെക്കുറിച്ചും വിരമിക്കാനുളള കാരണങ്ങളെക്കുറിച്ചും ഭട്ടാചാര്യ കൂടുതല്‍ പറയുന്നു.

സമ്മര്‍ദ്ദമോ ധോണിക്കോ....
വിദേശത്ത് ടെസ്റ്റ് പരമ്പര തോല്‍ക്കുക എന്നത് ഇന്ത്യന്‍ ക്യാപ്റ്റന്മാര്‍ക്ക് പുതുമയുളള കാര്യമല്ല. ഈ സമ്മര്‍ദ്ദം കൊണ്ടാണ് ധോണി വിരമിച്ചതെന്ന് പറയുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ല. തെറ്റാണത് - ഭട്ടാചാര്യയ്ക്ക് ഉറപ്പാണ്.

ലക്ഷ്യം ലോകകപ്പോ
2015 ല്‍ ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പാകാം ധോണിയുടെ ലക്ഷ്യം. അതിന് വേണ്ടി മുഴുവന്‍ ഊര്‍ജ്ജവും മാറ്റിവെക്കാനാണ് ധോണി ശ്രമിക്കുന്നത് - കോച്ച് ഇങ്ങനെ ആശ്വസിക്കുന്നു. എന്നാല്‍ യഥാര്‍ഥ കാരണം ഇതുമല്ല.

കോഴവിവാദം - ധോണി തൃപ്തനല്ല
ഐ പി എല്‍ കോഴക്കേസുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ കഥകള്‍ പ്രചരിക്കുന്നതില്‍ ധോണി തൃപ്തനായിരുന്നില്ലത്രെ. ധോണിയുടെ പേര് കോഴക്കഥയില്‍ അനാവശ്യമായി വലിച്ചിഴക്കപ്പെട്ടതാണ് എന്നാണ് കോച്ച് കരുതുന്നത്.

വിരലുകള്‍ ധോണിയുടെ നേരെ
കോഴക്കേസില്‍ ആളുകള്‍ ധോണിയുടെ നേരെ വിരല്‍ ചൂണ്ടാന്‍ തുടങ്ങി. ഇത് ധോണിയെ വളരെയധികം വേദനിപ്പിച്ചു - ഞാനവന്റെ കുട്ടിക്കാലത്തെ കോച്ചാണ്. എല്ലാ ആരോപണങ്ങളെയും അതിജീവിച്ച് ക്ലീനായി അവന്‍ തിരിച്ചുവരും.

പിന്നെന്തിന് വിരമിച്ചു
ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് കോച്ച് ഉറച്ചുവിശ്വസിക്കുന്നുണ്ടെങ്കില്‍ പിന്നെ എന്തിനാണ് ധോണി ഏവരെയും ഞെട്ടിച്ച് വിരമിച്ചത്. അഥവാ വിരമിക്കുന്നുണ്ടെങ്കില്‍ എന്തിന് ടെസ്റ്റ് മാത്രം. ഏകദിനത്തിലും മറ്റും ഇപ്പോഴും കളിക്കുന്നുണ്ടല്ലോ.

ചോദിച്ചിട്ട് പറയാം
ഈ ചോദ്യങ്ങള്‍ക്ക് കോച്ച് ഭട്ടാചാര്യയ്ക്ക് ഉത്തരമുണ്ടായിരുന്നില്ല. ധോണിയോട് താന്‍ സംസാരിച്ചിട്ടില്ല എന്നും സംസാരിച്ച ശേഷമേ ഇക്കാര്യങ്ങള്‍ പറയാന്‍ പറ്റൂ എന്നും കോച്ച് പറഞ്ഞു.

വിരമിച്ചതില്‍ സന്തോഷം
ടെസ്റ്റില്‍ നിന്നും ധോണി വിരമിച്ചതില്‍ കോച്ച് ഭട്ടാചാര്യയ്ക്ക് സന്തോഷമേയുള്ളൂ. എന്നാല്‍ ഇത്തരത്തില്‍ വിരമിച്ചത് ഞെട്ടിപ്പിച്ചു. വിരമിക്കലിനെക്കുറിച്ച് ഞാന്‍ മുന്‍പും ധോണിയോട് ചോദിച്ചിട്ടുണ്ട്. കൃത്യസമയത്താണ് ഈ തീരുമാനം വന്നത്.

അങ്കങ്ങള്‍ ബാക്കിയുണ്ട്
ടെസ്റ്റില്‍ നിന്നും വിരമിച്ചെങ്കിലും ഏകദിനത്തിലും ട്വന്റി 20 യിലും ധോണി കളിക്കുന്നത് കാണാന്‍ കോച്ചിന് ആഗ്രഹമുണ്ട്. ഇനിയും ഒരുപാട് ക്രിക്കറ്റ് ധോണിയില്‍ ബാക്കിയുണ്ട് എന്നാണ് ചഞ്ചല്‍ ഭട്ടാചാര്യ വിശ്വസിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications