പുജാരയെന്ന വന്മതിലിന് വിള്ളലോ? അവസാന സെഞ്ച്വറി നേട്ടം 2019 ജനുവരിയില്‍; കണക്കുകളിതാ
മെല്‍ബണ്‍: രാഹുല്‍ ദ്രാവിഡിന്റെ വിരമിക്കലിന് ശേഷം ഇന്ത്യ കണ്ടെത്തിയ പുതിയ ബാറ്റിങ് വന്മതിലായിരുന്നു ചേതേശ്വര്‍ പുജാര. പ്രതിരോധ ബാറ്റിങ്ങില്‍ രാഹുല്‍ ദ്രാവിഡിനെക്കാളും ക്ഷമയുള്ള താരമാണ് പുജാര. ക്രീസിലേക്ക് വിട്ടാല്‍ പുറത്താവാതെ എത്ര നേരം വേണമെങ്കിലും വിക്കറ്റ് കാക്കുന്ന ബാറ്റ്‌സ്മാനാണ് പുജാര. പല പ്രമുഖ ബൗളര്‍മാര്‍ പോലും പുജാര ബൗളര്‍മാരുടെ എല്ലാം ക്ഷമയും പരീക്ഷിക്കുന്ന താരമാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ടെസ്റ്റില്‍ വിരാട് കോലിയേക്കാളും എതിരാളികള്‍ വെല്ലുവിളിയായി കരുതുന്നത് പുജാരയുടെ ബാറ്റിങ് തന്നെ. ഇന്ത്യയുടെ ടെസ്റ്റ് ബാറ്റിങ് നട്ടെല്ലാകാന്‍ പുജാരക്ക് നിരവധി തവണ സാധിച്ചിട്ടുണ്ടെങ്കിലും സമീപ കാലത്തെ അദ്ദേഹത്തിന്റെ പ്രകടനം അത്ര മികച്ചതല്ല. കണക്കുകള്‍ അത് വ്യക്തമാക്കും.
2019 ജനുവരി 3ന് സിഡ്‌നിയിലാണ് പുജാര തന്റെ അവസാന ടെസ്റ്റ് സെഞ്ച്വറി നേടിയത്. 2018-19 ല്‍ നടന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലായിരുന്നു ഈ പ്രകടനം. അന്ന് പരമ്പരയിലെ ടോപ് സ്‌കോററായ പുജാര സിഡ്‌നിയില്‍ 22 ഫോറുള്‍പ്പെടെ 373 പന്തില്‍ 193 റണ്‍സാണ് നേടിയത്. ഇതിന് ശേഷം 17 ഇന്നിങ്‌സ് കളിച്ചെങ്കിലും ഒരു തവണ പോലും ഇരട്ട സെഞ്ച്വറിയിലേക്കെത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. 2019 ഒക്ടോബറില്‍ വിശാഖപട്ടണത്ത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നേടിയ 81 റണ്‍സാണ് പുജാരയുടെ ഇക്കാലയളവിലെ ഉയര്‍ന്ന സ്‌കോര്‍.

സിഡ്‌നിയിലെ സെഞ്ച്വറി പ്രകടനത്തിന് ശേഷം പുജാര കളിച്ചത് 11 ടെസ്റ്റാണ്. ഇതില്‍ നിന്ന് 27.88 ശരാശരിയില്‍ പുജാര നേടിയത് വെറും 474 റണ്‍സ് മാത്രമാണ്. അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിച്ച നിലവാരത്തിനൊത്ത് പ്രകടനം ഉണ്ടാവുന്നില്ല. ഇത്തവണ ഓസ്‌ട്രേലിയയില്‍ ഇന്ത്യ എത്തിയപ്പോഴും പുജാരയായിരുന്നു പ്രധാന പ്രതീക്ഷ. എന്നാല്‍ ആദ്യ ടെസ്റ്റിലും രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സിലും പുജാര നിരാശപ്പെടുത്തി. അഡ്‌ലെയ്ഡില്‍ നടന്ന ഡേ നൈറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ 43 റണ്‍സെടുത്ത പുജാര രണ്ടാം ഇന്നിങ്‌സില്‍ അക്കൗണ്ട് തുറക്കും മുന്നെ മടങ്ങി.
അമിത പ്രതിരോധ ബാറ്റിങ്ങാണെന്ന ആക്ഷേപം ഉയര്‍ന്നുവന്നപ്പോഴൊക്കെ സെഞ്ച്വറികൊണ്ട് മറുപടി പറയുന്ന പുജാരയുടെ ബാറ്റിങ് മികവ് നിലവില്‍ നഷ്ടപ്പെട്ടിരിക്കുകയാണെന്ന് തന്നെ പറയാം. ബോക്‌സിങ് ഡേ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ 17 റണ്‍സാണ് പുജാരയ്ക്ക് എടുക്കാനായത്. പഴയ പ്രതാപത്തിന്റെ കണക്കുകള്‍ നിരത്തുമ്പോള്‍ പുജാര ഇന്ത്യയുടെ വിലമതിക്കാനാവാത്ത ടെസ്റ്റ് ബാറ്റ്‌സ്മാനാണെങ്കിലും സമീപ കാലത്തെ പ്രകടനങ്ങളുടെ കണക്ക് വന്മതിലിന്റെ വിള്ളലിനെ തന്നെയാണ് സൂചിപ്പിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications