കുട്ടികള്‍ക്ക് സൗജന്യമായി ക്രിക്കറ്റ് അക്കാദമി.. പൂജാര ഹീറോ ആകുന്നത് ഇങ്ങനെ...
ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഹീറോ ആകാന്‍ എളുപ്പമാണ്. പ്രത്യേകിച്ചും ഐ പി എല്ലിന്റെയും ട്വന്റി 20 ക്രിക്കറ്റിന്റെയും ഈ കാലത്ത്. ഏതെങ്കിലും ഒരു ഐ പി എല്‍ സീസണില്‍ രണ്ടോ മൂന്നോ തകര്‍പ്പന്‍ ഇന്നിംഗ്‌സ് കളിച്ചാല്‍ പിന്നെ സൂപ്പര്‍ താരമായി. ഭാഗ്യമുണ്ടെങ്കില്‍ ഇന്ത്യന്‍ ടീം വരെ സെലക്ഷന്‍ കിട്ടി എന്നിരിക്കും. എന്നാല്‍ ഓഫ് ഫീല്‍ഡില്‍ ഒരു ഹീറോ ആകുക എന്നത് അത്ര എളുപ്പമുള്ള കാര്യമില്ല. അവിടെയാണ് ജൂനിയര്‍ ദ്രാവിഡ് ചേതേശ്വര്‍ പൂജാരയുടെ മൂല്യം.
എം എസ് ധോണിക്ക് ഭ്രമം ബൈക്കുകളോടാണ്. വിരാട് കോലിക്ക് ഇഷ്ടം കാറുകളോടാണ്. സച്ചിനും ഇഷ്ടം കാറുകളോട് തന്നെ. എന്നാല്‍ ചേതേശ്വര്‍ പൂജാരയ്ക്ക് ഇതൊന്നുമല്ല ഹോബി, അത് പാവപ്പെട്ട കുട്ടികള്‍ക്ക് കളിക്കാന്‍ ക്രിക്കറ്റ് പിച്ചുകള്‍ ഉണ്ടാക്കിക്കൊടുക്കലാണ്. മേല്‍പ്പറഞ്ഞ മൂവരെയും പോലെ വന്‍ കരാറുകളൊന്നും പൂജാരയുടെ പേരില്‍ ഇല്ല. ആകെ കളിക്കുന്നത് ടെസ്റ്റ് ക്രിക്കറ്റ് മാത്രമാണ്, ഐ പി എല്ലില്‍ പോലും പൂജാര ഇല്ല. എന്നിട്ടും ഇങ്ങനെ ഒരു ഉദ്യമത്തിന് മുതിരാന്‍ പൂജാരയെ പ്രേരിപ്പിക്കുന്നത് എന്താണ്. പൂജാര തന്നെ പറയുന്നത് കേള്‍ക്കൂ...

വേറെ ആര് കൊടുക്കും?
രാജ്‌കോട്ടില്‍ നല്ല പിച്ചുകളും നെറ്റ്‌സും ഇല്ല. മുംബൈയില്‍ ശിവാജി പാര്‍ക്കും ആസാദ് മൈതാനവും പോലുള്ള ഗ്രൗണ്ടുകള്‍ ഉണ്ട്. എന്നാല്‍ രാജ്‌കോട്ടിലെ സ്ഥിതി അതല്ല. നല്ല പിച്ചുകള്‍ ഉണ്ടായില്ലെങ്കില്‍ കുട്ടികള്‍ എവിടെ കളിക്കും. ആരെങ്കിലും അത് കൊടുക്കണമല്ലോ - എന്തുകൊണ്ട് ഈ ഉദ്യമം എന്ന് ചോദിച്ചാല്‍ പൂജാര പറയുന്ന മറുപടി ഇതാണ്.

പൂജാര ചെയ്തത്
ആറ് ഏക്കര്‍ സ്ഥലമാണ് പൂജാരയും അച്ഛനും ചേര്‍ന്ന് വാങ്ങിയത്. ഇതില്‍ ക്രിക്കറ്റ് പിച്ചുകള്‍ ഉണ്ടാക്കി. പാവപ്പെട്ട കുട്ടികള്‍ക്ക് കളിക്കാനായി വിട്ടുകൊടുത്തു. അതും തീര്‍ത്തും സൗജന്യമായി.

പൂജാരയുടെ അക്കാദമി
സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ ഗ്രൗണ്ടില്‍ നിന്നും 5 കിലോമീറ്റര്‍ ദൂരത്താണ് പൂജാരയുടെ ക്രിക്കറ്റ് അക്കാദമി. ആറ് പിച്ചുകള്‍, ഒരു ജിം, ഡ്രസിങ് റൂം, ബൗളിംഗ് മെഷീന്‍ എന്നിവയാണ് അക്കാദമിയില്‍ ഉള്ളത്.

ഇതുകൊണ്ടും കഴിഞ്ഞില്ല
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കുട്ടികളെ കൊണ്ടുവരാന്‍ വാഹന സൗകര്യവും അറേഞ്ച് ചെയ്തിട്ടുണ്ട്. ജഴ്‌സിയും ഷൂസും സൗജന്യമായിത്തന്നെ.

രഞ്ജി താരമായ അച്ഛനുണ്ട് കൂടെ
ചേതേശ്വര്‍ പൂജാരയുടെ അച്ഛന്‍ അരവിന്ദ് ശിവലാല്‍ പൂജാര സൗരാഷ്ട്രയ്ക്ക് വേണ്ടി രഞ്ജി ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. പൂജാരയ്്‌ക്കൊപ്പം അക്കാദമിയുടെ കാര്യങ്ങള്‍ നോക്കാന്‍ അച്ഛനും സജീവമായി ഉണ്ട്.

എന്തിനാണിതൊക്കെ
എന്റെ ക്രിക്കറ്റ് നോക്കാന്‍ അച്ഛനുണ്ടായിരുന്നു. അത് എന്റെ ഭാഗ്യം. എന്നാല്‍ ഇവിടെയുള്ള മറ്റ് കുട്ടികളുടെ സ്ഥിതി അതല്ല. അവര്‍ക്ക് കളിക്കാന്‍ ഒരു ഇടം വേണം.

അച്ഛന്റെ ഐഡിയ
ഒരു ഐ പി എല്‍ കളിക്ക് ശേഷം അച്ഛനാണ് പറഞ്ഞത്, നമുക്ക് പ്രാക്ടീസ് ചെയ്യാന്‍ ഒരു വലിയ ഗ്രൗണ്ട് വേണം. അവിടെ മറ്റുള്ളവരെയും പ്രാക്ടീസ് ചെയ്യിക്കാം. എനിക്ക് നോ പറയാന്‍ പറ്റിയില്ല. അക്കാദമിക്ക് പിന്നില്‍ അച്ഛന്റെ ഐഡിയ ആണ് എന്നാണ് പൂജാര പറയുന്നത്

ജൂനിയര്‍ ദ്രാവിഡ്
കളിക്കളത്തില്‍ ജൂനിയര്‍ ദ്രാവിഡ് എന്നാണ് ചേതേശ്വര്‍ പൂജാര അറിയപ്പെടുന്നത്. ദ്രാവിഡിനെ പോലെ തന്നെ ഒരു ജെന്റില്‍മാന്‍ ക്രിക്കറ്ററാണ് പൂജാരയും. ഓണ്‍ ഫീല്‍ഡില്‍ മാത്രമല്ല ഓഫ് ഫീല്‍ഡിലും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications