ദില്ലി: ലോകത്തെ ഏറ്റവും മികച്ച ടെസ്റ്റ് താരങ്ങളിലൊരാളായ ചേതേശ്വര്‍ പൂജാരയ്ക്ക് ഐപിഎല്ലില്‍ വേണ്ടത്ര ശോഭിക്കാനായിട്ടില്ല. അതുകൊണ്ടുതന്നെ താരത്തെ ഐപിഎല്‍ ലേലത്തില്‍ ടീമിലെടുക്കാന്‍ ഫ്രാഞ്ചൈസികള്‍ താത്പര്യം കാട്ടുന്നില്ല. പരിമിത ഓവര്‍ ക്രിക്കറ്റില്‍ തിളങ്ങാന്‍ പൂജാരയ്ക്ക് കഴിയില്ലെന്നാണ് ഫ്രാഞ്ചൈസികളുടെ നിലപാട്. എന്നാല്‍, ഒട്ടേറെ അവസരങ്ങളില്‍ പൂജാര കഴിവ് തെളിയിച്ചിട്ടുണ്ട്.
ഐപിഎല്ലില്‍ പുറംതള്ളപ്പെട്ട പൂജാര ഇപ്പോള്‍ മറ്റൊരു ലീഗില്‍ തന്റെ മികവ് കാണിച്ചുകൊടുക്കാനുള്ള പുറപ്പാടിലാണ്. സൗരാഷ്ട്ര കളിക്കാരനായ പൂജാര സൗരാഷ്ട്ര ലീഗിലാണ് കളിക്കാനിറങ്ങുന്നത്. മെയ് 14 മുതല്‍ ആരംഭിക്കുന്ന സൗരാഷ്ട്ര പ്രീമിയര്‍ ലീഗില്‍ പൂജാര കളിക്കും. അഞ്ചു ടീമുകള്‍ മത്സരിക്കുന്ന ലീഗില്‍ പൂജാര കളിക്കുമെന്ന് സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് അറിയിച്ചു.
ഐപിഎല്‍: മോശം തന്നെ മിശ്ര... ഔട്ടാവാതിരിക്കാന്‍ ചെയ്തത്, നാടകീയ പുറത്താവല്‍ രണ്ടാം തവണ
അഞ്ച് ഉടമസ്ഥരുടെ പേരിലാണ് ടീമുകള്‍. ഏതു ടീമിലാണ് പൂജാര കളിക്കുകയെന്നത് അടുത്തദിവസം വ്യക്തമാകും. ഐപിഎല്ലിന്റെ ആദ്യ മൂന്ന് സീസണുകളില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനുവേണ്ടി പൂജാര കളിച്ചിരുന്നു. പന്നീട് ബാംഗ്ലൂരിന് വേണ്ടിയും കളിച്ചു. ചില കളികളില്‍ അതിവേഗം സ്കോര്‍ ചെയ്യാനും പൂജാരയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സൗരാഷ്ട്ര ലീഗില്‍ തിളങ്ങിയാല്‍ പരിമിത ഓവര്‍ ക്രിക്കറ്റിലേക്ക് മടങ്ങിവരാനും പൂജാരയ്ക്ക് കഴിഞ്ഞേക്കും.