പുജാരക്കും രഹാനെക്കും വലിയ തിരിച്ചടി, എ ഗ്രേഡ് കരാര്‍ നഷ്ടമാവും, ടീമില്‍ ഇടവും ലഭിച്ചേക്കില്ല

മുംബൈ: ഇന്ത്യയുടെ സീനിയര്‍ താരങ്ങളാണ് ചേതേശ്വര്‍ പുജാരയും അജിന്‍ക്യ രഹാനെയും. ഇന്ത്യന്‍ ടീമിനൊപ്പം ശ്രദ്ധേയ പ്രകടനം നടത്തിയിട്ടുള്ളവരാണെങ്കിലും സമീപകാലത്തെ പ്രകടനങ്ങള്‍ വളരെ മോശമാണ്. അവസാന മൂന്ന് വര്‍ഷത്തെ പ്രകടനം വിലയിരുത്തിയാല്‍ രണ്ട് പേരുടെയും പ്രകടന ഗ്രാഫ് താഴേക്കാണ്. ഇക്കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പരമ്പര രണ്ട് പേരുടെയും അവസാന പിടിവള്ളിയായിരുന്നു. എന്നാല്‍ തീര്‍ത്തും നിരാശപ്പെടുത്തിയതോടെ രണ്ട് പേര്‍ക്കും ഇനി ടീമില്‍ സ്ഥാനം ലഭിക്കാനുള്ള സാധ്യതയും വളരെ കുറവാണ്.

ഇപ്പോഴിതാ എ ഗ്രേഡ് കരാറില്‍ നന്ന് രഹാനെയേയും പുജാരയേയും ഒഴിവാക്കാന്‍ ബിസിസി ഐ തയ്യാറെടുക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. രണ്ട് പേര്‍ക്കും എ ഗ്രേഡ് കരാര്‍ നഷ്ടമാവുന്നതോടെ ടീമിലേക്കുള്ള വാതിലുകള്‍ കൂടുതല്‍ ശക്തമായി അടയുമെന്നുറപ്പ്. ഇന്ത്യയുടെ നിലവിലെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ തീരുമാനം ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാവും. രണ്ട് പേരെയും രാഹുല്‍ നിലനിര്‍ത്തണമെന്ന് തീരുമാനിക്കാത്ത പക്ഷം എ ഗ്രേഡ് കരാറും ടീമിലെ സ്ഥാനവും നഷ്ടമാവുമെന്നുറപ്പ്.

' അവസാന വര്‍ഷത്തെ പ്രകടനം വിലയിരുത്തിയാണ് കരാര്‍ ലഭിക്കുന്നത്. ബിസിസി ഐയും മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡുമാണ് ഇക്കാര്യത്തില്‍ നിര്‍ണ്ണായക തീരുമാനമെടുക്കുക. ദ്രാവിഡിന്റെ അഭിപ്രായം കരാറില്‍ നിര്‍ണ്ണായകമാണ്. പല തരത്തിലുള്ള കാര്യങ്ങള്‍ പരിഗണിക്കേണ്ടതായുണ്ട്. സ്വാഭാവികമായി പരിഗണിക്കുമ്പോള്‍ പുജാരയും രഹാനെയും എ ഗ്രേഡ് കരാറില്‍ നിന്ന് പുറത്താവും'- ബിസിസി ഐ വൃത്തത്തെ ഉദ്ധരിച്ച് ദി പ്രിന്റാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്.

ബിസിസി ഐ നാല് ഗ്രേഡുകളാണ് താരങ്ങള്‍ക്ക് നല്‍കുന്നത്. എ പ്ലസ് ഗ്രേഡില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ഏഴ് കോടിയും എ ഗ്രേഡില്‍ ഉള്‍പ്പെടുന്നവര്‍ക്ക് അഞ്ച് കോടിയും ബിയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് മൂന്ന് കോടിയും സിയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ഒരു കോടിയുമാണ് വാര്‍ഷിക വരുമാനമായി ലഭിക്കുക. വിരാട് കോലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവരാണ് നിലവില്‍ ഇന്ത്യയുടെ എ പ്ലസ് ഗ്രേഡില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. രഹാനെയും പുജാരയും നിലവില്‍ എ ഗ്രേഡിലുണ്ടെങ്കിലും പുതിയ കരാര്‍ വരുമ്പോള്‍ പരിഗണിക്കപ്പെടാതെ പോകാന്‍വരെ സാധ്യതയുണ്ട്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ രണ്ട് പേരും ഒരുപോലെ നിരാശപ്പെടുത്തി. രഹാനെ 136 റണ്‍സും പുജാര 134 റണ്‍സുമാണ് മൂന്ന് മത്സരത്തില്‍ നിന്ന് നേടിയത്. ആകെ നേടാനായത് ഓരോ അര്‍ധ സെഞ്ച്വറികളാണ്. മികച്ച യുവതാരങ്ങള്‍ അവസരം കാത്തിരിക്കെ ഇനിയും രണ്ട് പേര്‍ക്കും അവസരം ലഭിക്കാന്‍ സാധ്യതയില്ല. രഹാനെക്ക് പകരം ഹനുമ വിഹാരി ഇന്ത്യയുടെ മധ്യനിരയിലേക്കെത്തുമ്പോള്‍ ചേതേശ്വര്‍ പുജാരക്ക് പകരക്കാരനായി ശ്രേയസ് അയ്യരേയും പരിഗണിച്ചേക്കും. ശുബ്മാന്‍ ഗില്ലിനെ മധ്യനിര താരമായി പരിഗണിക്കാനും ടീം മാനേജ്‌മെന്റ് ആലോചിക്കുന്നുണ്ടെന്നാണ് വിവരം.

ചേതേശ്വര്‍ പുജാര മൂന്നാം നമ്പറിലെ വിശ്വസ്തനായിരുന്നെങ്കിലും ഇപ്പോള്‍ പഴയ മികവ് കാട്ടാനാവുന്നില്ല. 33കാരനായ താരത്തിന് പ്രായം പ്രശ്‌നമല്ലെങ്കിലും സ്ഥിരത കണ്ടെത്താനാവാത്തതാണ് തിരിച്ചടി. 95 ടെസ്റ്റില്‍ നിന്ന് 43.88 ശരാശരിയില്‍ 6713 റണ്‍സാണ് പുജാര നേടിയത്. ഇതില്‍ 18 സെഞ്ച്വറിയും 32 അര്‍ധ സെഞ്ച്വറിയും മൂന്ന് ഇരട്ട സെഞ്ച്വറിയും ഉള്‍പ്പെടും. വിദേശത്തും നാട്ടിലും സമീപകാലത്തായി ഒരുപോലെ അദ്ദേഹം നിരാശപ്പെടുത്തുന്നു.

രഹാനെയുടെ അവസ്ഥയും ഇതുപോലെ തന്നെയാണ്. കോലിയുടെ അഭാവത്തില്‍ ഇന്ത്യയെ ഓസ്‌ട്രേലിയയില്‍ നയിക്കുകയും ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കിരീടം ചൂടിക്കുകയും ചെയ്യാന്‍ രഹാനെക്കായിരുന്നു. എന്നാല്‍ സമീപകാലത്തെ അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നു. 82 ടെസ്റ്റില്‍ നിന്ന് 38.52 ശരാശരിയില്‍ 4931 റണ്‍സാണ് രഹാനെയുടെ സമ്പാദ്യം. ഇതില്‍ 12 സെഞ്ച്വറിയും 25 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഇതുവരെ ഇരട്ട സെഞ്ച്വറി നേടാന്‍ രഹാനെക്ക് സാധിച്ചിട്ടില്ല.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Friday, January 21, 2022, 13:10 [IST]
Other articles published on Jan 21, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X