ദുബായ്: ഐപിഎല്ലിനായി ദുബായില്‍ എത്തിയത് മുതല്‍ പ്രശ്‌നങ്ങള്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ മുന്നിലുള്ളത്. ഇപ്പോഴിതാ ആദ്യത്തെ മത്സരത്തില്‍ അവര്‍ കളിക്കാന്‍ ഇറങ്ങില്ലെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം രണ്ട് താരങ്ങള്‍ക്കും നിരവധി സപ്പോര്‍ട്ടിംഗ് സ്റ്റാഫുകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പുറമേ ടീമിന്റെ വൈസ് ക്യാപ്റ്റനും പ്രമുഖ താരവുമായ സുരേഷ് റെയ്‌നയും നാട്ടിലേക്ക് വണ്ടി കയറി. ഇതിന് പുറമേയാണ് ആദ്യത്തെ മത്സരവും ഇപ്പോള്‍ ചെന്നൈയുടെ കൈയ്യില്‍ നിന്ന് നഷ്ടമാകുന്നത്.

കളിക്കാന്‍ പറ്റുന്ന സാഹചര്യത്തില്‍ അല്ല മഹേന്ദ്ര സിംഗ് ധോണിയുടെ കീവില്‍ ഉള്ള ടീം ഉള്ളതെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ബിസിസിഐ തയ്യാറാക്കിയ ഷെഡ്യൂളില്‍ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മിലായിരുന്നു ആദ്യ മത്സരം. എന്നാല്‍ ചെന്നൈ ടീമില്‍ പ്രശ്‌നങ്ങള്‍ വന്നതോടെ ഐപിഎല്‍ ഷെഡ്യൂള്‍ ഇറക്കുന്നത് തന്നെ നീട്ടിവെച്ചിരിക്കുകയാണ്. ടൂര്‍ണമെന്റിലെ ടീമുകളില്‍ അവസാനം കളത്തിലിറങ്ങുന്നതും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആവാനുള്ള സാധ്യതയാണ് മുന്നിലുള്ളത്. ടീം ക്വാറന്റൈന്‍ എല്ലാം കഴിഞ്ഞ് തയ്യാറെടുപ്പുകള്‍ നടത്താന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് സമയം ആവശ്യമാണ്.
നേരത്തെ തന്നെ ഐപിഎല്ലിലെ ആദ്യ മത്സരം ചെന്നൈയും മുംബൈയും തമ്മിലാവുമെന്ന് മാധ്യമ വാര്‍ത്തകളുണ്ടായിരുന്നു. ഐപിഎല്ലിലെ ചില കളിക്കാരും ഇക്കാര്യം ശരിവെച്ചിരുന്നു. നേരത്തെ ട്വിറ്ററിലൂടെ മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ വേണ്ടിയാണ് ബിസിസിഐ ചെന്നൈക്ക് കൂടുതല്‍ സമയം അനുവദിച്ചത്. ഇതോടെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി പരിശീലനം അടക്കമുള്ള കാര്യങ്ങളിലേക്ക് ചെന്നൈക്ക് കടക്കാം. അടുത്ത ആറുദിവസത്തേക്ക് പൂര്‍ണമായ ക്വാറന്റൈനാണ് ടീമിനുള്ളത്.
ഇനിയുള്ള പരിശോധനകളെല്ലാം താരങ്ങള്‍ നെഗറ്റീവാകുകയും വേണം. അടുത്ത ആഴ്ച്ചയുടെ പകുതിയോടെ മാത്രമേ ചെന്നൈക്ക് എന്തായാലും എല്ലാം ശരിയായാലും പരിശീലനത്തിന് ഇറങ്ങാന്‍ സാധിക്കൂ. അതേസമയം പോസിറ്റീവ് ഫലം കണ്ട കളിക്കാര്‍ അടുത്ത രണ്ടാഴ്ച്ചത്തേക്ക് ക്വാറന്റൈനിലായിരിക്കും. കരിബീയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ചെന്നൈ താരങ്ങള്‍ ആറ് ദിവസത്തെ ക്വാറന്റൈന്‍ കഴിഞ്ഞാലേ ടീമിനൊപ്പം ചേരൂ. ഓഗസ്റ്റ് 18നായിരിക്കും ഇവരുടെ ക്വാറന്റൈന്‍ പൂര്‍ത്തിയാവുക. മുംബൈ ഇതോടെ മറ്റേതെങ്കിലും ടീമിനെ ആദ്യ മത്സരത്തില്‍ നേരിടുമെന്ന് ഉറപ്പായിരിക്കുകയാണ്.