
മൂന്നാം കിരീടം തേടി ധോണിപ്പട
ഐപിഎല്ലില്‍ മൂന്നാം കിരീടം തേടിയാണ് മഹേന്ദ്രസിങ് ധോണി നയിക്കുന്ന ചെന്നൈ ഇന്ന് അങ്കത്തട്ടിലിറങ്ങുന്നത്. ഇന്ന് കിരീടം നേടാനായാല്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ റെക്കോഡിനൊപ്പമെത്താന്‍ ചെന്നൈക്കാവും. നിലവില്‍ മൂന്ന് തവണയാണ് മുംബൈ ഐപിഎല്ലില്‍ ജേതാക്കളായത്. മൂന്ന് തവണയും രോഹിത് ശര്‍മയ്ക്കു കീഴിലായിരുന്നു മുംബൈയുടെ കിരീട നേട്ടം. ഇത്തവണ ചെന്നൈക്ക് ചാംപ്യന്‍മാരാവാന്‍ കഴിഞ്ഞാല്‍ രോഹിതിന്റെ റെക്കോഡിനൊപ്പമെത്താന്‍ ധോണിക്കാവും. രണ്ട് തവണ കിരീടം നേടിയപ്പോഴും ധോണിയായിരുന്നു ചെന്നൈയെ നയിച്ചിരുന്നത്.
രണ്ടു വര്‍ഷത്തെ വിലക്കിനു ശേഷം ചെന്നൈയുടെ അവിസ്മരണീയ തിരിച്ചുവരവിനാണ് ഇത്തവണ ഐപിഎല്‍ സാക്ഷ്യംവഹിച്ചത്. ടൂര്‍ണമെന്റില്‍ ഏറ്റവും മികച്ച വിജയ മാര്‍ജിനുള്ള ടീം കൂടിയാണ് ചെന്നൈ. മികച്ച താരനിര തന്നെയാണ് ചെന്നൈയുടെ ഏറ്റവും വലിയ സവിശേഷത. ധോണിക്കു പുറമേ സുരേഷ് റെയ്‌ന, അമ്പാട്ടി റായുഡു, ഷെയ്ന്‍ വാട്‌സന്‍, ഫഫ് ഡുപ്ലെസിസ്, ഡ്വയ്ന്‍ ബ്രാവോ എന്നിവരാണ് ചെന്നൈ നിരയിലെ മിന്നും താരങ്ങള്‍.

റാഷിദ് ഖാന്‍ മാജിക്ക് പ്രതീക്ഷിച്ച് ഹൈദരാബാദ്
ഐപിഎല്ലില്‍ രണ്ടാം കിരീടമാണ് ഹൈദരാബാദ് ലക്ഷ്യംവയ്ക്കുന്നത്. 2016ല്‍ ഡേവിഡ് വാര്‍ണറിന്റെ കീഴിലായിരുന്നു ഇതിനു മുന്‍പ് ഹൈദരാബാദിന്റെ കിരീട നേട്ടം. വില്ല്യംസനു കീഴില്‍ ഇത്തവണ മികച്ച മുന്നേറ്റം നടത്തിയപ്പോള്‍ അഫ്ഗാനിസ്താന്‍ സ്പിന്നര്‍ റാഷിദ് ഖാനായിരുന്നു ഹൈദരാബാദിന്റെ തുറുപ്പ്ചീട്ട്. മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ നിര്‍ണായക ക്വാളിഫെയര്‍ രണ്ടിലും റാഷിദ് ഹൈദരാബാദിന്റെ രക്ഷകനായി മാറുന്ന കാഴ്ചയാണ് കണ്ടത്.
ഒരുഘട്ടത്തില്‍ ടീം സ്‌കോര്‍ 150 കടക്കില്ലെന്ന അവസ്ഥയില്‍ നിന്ന് റാഷിദ് വെടിക്കെട്ട് ഇന്നിങ്‌സിലൂടെ ഹൈദരാബാദിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിക്കുകയായിരുന്നു. കൂടാതെ ബൗളിങിലും നിര്‍ണായക മൂന്ന് വിക്കറ്റ് വീഴ്ത്തി ടീമിന്റെ നാല് തുടര്‍ച്ചയായ തോല്‍വിക്ക് ബ്രേക്കിട്ട് ഹൈദരാബാദിന് ഫൈനല്‍ ടിക്കറ്റ് നേടിക്കൊടുക്കാനും റാഷിദിനായി.. ഫൈനലിലും ഇത്തരത്തിലുള്ളൊരു പ്രകടനമാണ് റാഷിദില്‍ നിന്ന് ഹൈദരാബാദ് പ്രതീക്ഷിക്കുന്നത്.
വില്ല്യംസന്‍, ശിഖര്‍ ധവാന്‍, ശാക്വിബുല്‍ ഹസ്സന്‍, സിദ്ദാര്‍ഥ് കൗള്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് ടീമിന്റെ മറ്റു അവിഭാജ്യ താരങ്ങള്‍. ഓള്‍റൗണ്ടര്‍മാരായ യൂസുഫ് പഠാനില്‍ നിന്നും കാര്‍ലോസ് ബ്രാത്‌വെയ്റ്റില്‍ നിന്നും അവസരോചിത പ്രകടനം ഹൈദരാബാദ് പ്രതീക്ഷിക്കുന്നുണ്ട്. തുടര്‍ വിജയങ്ങളില്‍ ടീമിന്റെ വിക്കറ്റ് കീപ്പറായിരുന്ന വൃഥിമാന്‍ സാഹ പരിക്ക് മൂലം കളിക്കാതിരുന്നപ്പോള്‍ ഹൈദരാബാദിന് തിരിച്ചടികള്‍ മാത്രമാണ് നല്‍കിയത്. തുടര്‍ച്ചയായ നാല് തോല്‍വികളിലേക്ക് വീണ ഹൈദരാബാദിനെ വിജിയവഴിയില്‍ തിരിച്ചെത്തിക്കാന്‍ ഒടുവില്‍ സാഹ മടങ്ങിവരേണ്ടിവന്നു. കെകെആറിനെതിിരായ ക്വാളിഫെയറില്‍ ടീമിന്റെ ടോപ്‌സ്‌കോററും സാഹയായിരുന്നു. സാഹ 'ഭാഗ്യം' ഫൈനലിലും തുടരുമോയെന്ന് ആകാംക്ഷയിലാണ് ഹൈദരാബാദ് ആരാധകര്‍.

നേര്‍ക്കുനേര്‍: ചെന്നൈ 3- ഹൈദരാബാദ് 0
സീസണില്‍ ഇരു ടീമും മൂന്ന് തവണ നേര്‍ക്കുനേര്‍ വന്നപ്പോഴും ചെന്നൈക്കൊപ്പമായിരുന്നു ജയം. ഇത് ചെന്നൈ ക്യാംപിന് ആത്മവിശ്വാസം നല്‍കുമ്പോള്‍ ഹൈദരാബാദ് ക്യാംപിന് ആശങ്കയുണ്ടാക്കുമെന്ന് തീര്‍ച്ച. ലീഗ്ഘട്ടത്തില്‍ രണ്ട് തവണയും ചെന്നൈക്ക് മുന്നില്‍ തോല്‍വി വഴങ്ങിയ ഹൈദരാബാദ് ക്വാളിഫെയര്‍ ഒന്നിലും അതാവര്‍ത്തിക്കുകയായിരുന്നു. ഫഫ് ഡുപ്ലെസിസിന്റെ ഒറ്റയാള്‍ പോരാട്ടമാണ് ക്വാളിഫെയറില്‍ ഹൈദരബാദിനെതിരേ ചെന്നൈക്ക് വിജയം നേടിക്കൊടുത്തത്. ചെന്നൈയെ ഇന്ന് എങ്ങനെ മറികടക്കണമെന്ന് ആലോചിക്കുകയാണ് ഹൈദരാബാദ് ടീം. സീസണില്‍ ഹൈദരാബാദിനോട് തോറ്റിട്ടില്ലെങ്കിലും അവരെ നിസ്സാരരാക്കി കാണാന്‍ ചെന്നൈ തയ്യാറല്ല. ഇരുകൂട്ടരും വിജയം മാത്രം ലക്ഷ്യമിട്ടിറങ്ങുമ്പോള്‍ വാംഖഡെയിലെ കിരീടപ്പോരാട്ടം തീപ്പാറുമെന്നുറപ്പ്..

ഫൈനലിലേക്കുള്ള നാള്‍വഴി
ലീഗ്ഘട്ടത്തില്‍ 18 പോയിന്റ് വീതമാണ് ഹൈദരാബാദിനും ചെന്നൈക്കും ലഭിച്ചത്. നെറ്റ്‌റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ഹൈദരാബാദ് ഒന്നാംസ്ഥാനക്കാരായി ക്വാളിഫെയറിലെത്തിയപ്പോള്‍ രണ്ടാമതായായിരുന്നു ചെന്നൈയുടെ മുന്നേറ്റം.
ക്വാളിഫെയര്‍ ഒന്നില്‍ ഹൈദരാബാദിനെ രണ്ട് വിക്കറ്റിന് പരാജയപ്പെടുത്തി ചെന്നൈ കിരീടപ്പോരാട്ടത്തിന് ആദ്യ ടിക്കറ്റെടുത്തു. എന്നാല്‍, രണ്ടാം ക്വാളിഫെയറില്‍ കെകെആറിനെ 14 റണ്‍സിന് തകര്‍കത്തായിരുന്നു ഹൈദരാബാദിന്റെ ഫൈനല്‍ പ്രവേശനം.


Click it and Unblock the Notifications












