റാഞ്ചി: ഐ പി എല്ലിന്റെ ഏഴാം സീസണ്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തുന്ന ആദ്യ മത്സരത്തില്‍ എം എസ് ധോണിക്ക് സ്വന്തം നാട്ടില്‍ കളി. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ രണ്ടാം ഹോം ഗ്രൗണ്ടായ റാഞ്ചിയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് ധോണിക്കും കൂട്ടര്‍ക്കും എതിരാളികള്‍. അഞ്ചില്‍ നാല് മത്സരങ്ങളും ജയിച്ച് പോയിന്റ് പട്ടികയില്‍ രണ്ടാമതാണ് ചെന്നൈ.
മികച്ച ഫോമില്‍ കളിക്കുന്ന ചെന്നൈയ്‌ക്കെതിരെ കൊല്‍ക്കത്തയുടെ സ്ഥിതി പക്ഷേ അത്ര ഭദ്രമല്ല. അഞ്ചില്‍ മൂന്ന് കൡകളും തോറ്റ കൊല്‍ക്കത്ത നാല് പോയിന്റോടെ നാലാം സ്ഥാനത്താണ്. നാല് കളികളിലെ ദയനീയ പ്രകടനത്തിന് ശേഷം ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ ഫോമിലെത്തിയതാണ് കൊല്‍ക്കത്തയ്ക്ക് ആശ്വാസം നല്‍കുന്ന ഒരു ഘടകം.

രാജസ്ഥാന്‍ റോയല്‍സിനെതിരെ ജയിക്കാവുന്ന കളിയാണ് കൊല്‍ക്കത്ത സമനിലയില്‍ കുരുക്കിയത്. സൂപ്പര്‍ ഓവറിന്റെ അവസാന പന്തില്‍ കളിയും രണ്ട് പോയിന്റും നഷ്ടപ്പെടുത്തുകയും ചെയ്തു. ബൗളിംഗ് കരുത്തില്‍ മുംബൈയ്‌ക്കെതിരെ വിജയത്തോടെ തുടങ്ങിയ കൊല്‍ക്കത്തയുടെ പ്രശ്‌നം ബാറ്റിംഗിലെ സ്ഥിരതയില്ലായ്മയാണ്. റോബിന്‍ ഉത്തപ്പയും യൂസഫ് പത്താനും ഫോമിലല്ല. ബാംഗ്ലൂരിനെതിരെ നേടിയ അത്ഭുത വിജയം ആവര്‍ത്തിക്കാനാണ് ഗംഭീറിന്റെയും കൂട്ടരുടെയും ശ്രമം.
മറുവശത്ത് ചെന്നൈ ക്യാംപിലെ നില ഭദ്രമാണ്, ഐ പി എല്‍ തുടങ്ങുന്നതിന് മുന്‍പ് കോഴ വിവാദത്തില്‍ ഇമേജ് പോയ ചെന്നൈ ആരാധകരുടെ വിശ്വാസം വീണ്ടെടുത്തു കഴിഞ്ഞു. സ്മിത്തും മക്കുല്ലവും തുടങ്ങിവെക്കുന്ന ബാറ്റിംഗ് നിര ധോണിയും ജഡേജയും വരെ ഭദ്രമാണ്. അശ്വിനും ഈശ്വര്‍ പാണ്ഡെയും മോഹിത് ശര്‍മയും ഇന്ത്യന്‍ പിച്ചുകളിലും തിളങ്ങിയാല്‍ ചെന്നൈയെ പിന്നെ പിടിച്ചാല്‍ കിട്ടില്ല.