ഇന്ത്യൻ പ്രീമിയർ ലീഗിൽ വരാനിരിക്കുന്ന സീസണിലെ ഏറ്റവും വലിയ താരകൈമാറ്റങ്ങളിൽ ഒന്നിനാണ് ആരാധകർ സാക്ഷ്യം വഹിക്കുന്നത്. മലയാളികളുടെ സ്വന്തം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിൽ നിന്നും ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക് ചേക്കേറിയിരിക്കുകയാണ്. സൂപ്പർതാരം രവീന്ദ്ര ജഡേജ, സാം കറൻ എന്നീ മുൻനിര താരങ്ങൾക്ക് പകരമാണ് സഞ്ജുവിനെ ചെന്നൈ എടുത്തിരിക്കുന്നത്. പകരം ഇവർ രണ്ട് പേരും രാജസ്ഥാൻ റോയൽസിലേക്ക് പോവും.
ഐപിഎൽ റിട്ടൻഷൻ ദിവസം അവസാനിരിക്കെയായിരുന്നു നിർണായകമായ പ്രഖ്യാപനം. നേരത്തെ തന്നെ ഇക്കാര്യത്തിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സഞ്ജുവിനെ സംബന്ധിച്ച് ഇതൊരു നല്ല നീക്കമാണെന്ന് തന്നെയാണ് വിലയിരുത്തൽ. പ്രത്യേകിച്ച് വരും വർഷങ്ങളിൽ മഹേന്ദ്ര സിംഗ് ധോണി എന്ന അതികായൻ ക്രിക്കറ്റിനോട് വിടപറയുമ്പോൾ മഞ്ഞക്കുപ്പായത്തിൽ ചെന്നൈ ടീമിനെ നയിക്കാനും ഗ്ലൗ അണിയാനും ഏറ്റവും യോഗ്യനാവും സഞ്ജു സാംസൺ.

ഇപ്പോഴിതാ സഞ്ജുവിന്റെ വരവ് ഒന്നല്ല രണ്ട് രീതിയിൽ ചെന്നൈക്ക് ഗുണകരമാവും എന്നാണ് മുൻ ഇന്ത്യൻ താരം കൂടിയായി ചേതേശ്വർ പൂജാര പറയുന്നത്. കഴിഞ്ഞ രണ്ട് സീസണുകളിലായി പ്ലേ ഓഫ് പോലും എത്താതെ പാതിവഴിയിൽ വീണ ചെന്നൈ സൂപ്പർ കിംഗ്‌സിന് സഞ്ജുവിന്റെ വരവ് നല്ല രീതിയിൽ ഗുണം ചെയ്യുമെന്നാണ് കൂടുതൽ പേരും അഭിപ്രായപ്പെടുന്നത്. അതിൽ ഏറ്റവും ഒടുവിലത്തെ വ്യക്തിയാണ് ചേതേശ്വർ പൂജാര.
ചെന്നൈ അനുഭവിക്കുന്ന ടോപ് ഓർഡർ ഇന്ത്യൻ ബാറ്ററുടെ അഭാവം എത്രത്തോളമാണെന്ന് കഴിഞ്ഞ രണ്ട് സീസണുകളിൽ നിന്ന് വ്യക്തമാണ്. അവിടേക്കാണ് സഞ്ജു സാംസൺ വന്നെത്തുന്നത്. ഒരുപക്ഷേ, ഇന്ത്യൻ ടീമിൽ നിഷേധിക്കപ്പെട്ട ഓപ്പണിംഗ് സ്ലോട്ട് സഞ്ജുവിന് ചെന്നൈ സൂപ്പർ കിംഗ്‌സിൽ ലഭിക്കുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.
ചേതേശ്വർ പൂജാരയുടെ വാക്കുകൾ
ഈ ഇടപാട് കൊണ്ട് സിഎസ്‌കെയ്ക്ക് രണ്ട് തരത്തിൽ ആയിരിക്കും നേട്ടമുണ്ടാവുക. ഒന്ന്, കഴിഞ്ഞ ഐപിഎല്ലിൽ അവരുടെ ടോപ്പ് ഓർഡറിന് അത്ര മികച്ച പ്രകടനം കാഴ്‌ചവയ്ക്കാൻ കഴിഞ്ഞിരുന്നില്ല. സഞ്ജു ടോപ്പ് ഓർഡറിൽ വന്നാൽ അവർക്ക് ആ പൊസിഷനിൽ നല്ല സ്ഥിരത ലഭിക്കുമെന്നാണ് ചേതേശ്വർ പൂജാര ചൂണ്ടിക്കാണിക്കുന്നത്. പ്രത്യേകിച്ച് ഓപ്പണറായി ഇറങ്ങി മൂന്ന് സെഞ്ച്വറി അന്താരാഷ്ട്ര ടി20 യിൽ നേടിയ ആൾ കൂടിയാണ് സഞ്ജു.
രണ്ടാമതായി, ആകാശ് ചോപ്ര പറഞ്ഞതിനെക്കുറിച്ച്, അവർ ഭാവിയെക്കുറിച്ച് ചിന്തിക്കുകയാണ്. മഹി ഭായ് (ധോണി) എപ്പോൾ പോകുമെന്ന് നമുക്കറിയില്ല. അതുകൊണ്ട് തന്നെ മഹി ഭായ്ക്ക് ശേഷം അവർക്ക് ആവശ്യമായ ദീർഘകാല വിക്കറ്റ് കീപ്പർ ബാറ്റർ എന്ന കാര്യം അവർ സഞ്ജു സാംസണിൽ കാണുന്നു എന്നതാണ് കാര്യമെന്നും പൂജാര പറയുന്നു.
എന്നാൽ സിഎസ്കെ നായക പദവിയിൽ സഞ്ജുവിന് ഇനിയും സമയം നൽകണം എന്നാണ് പൂജാര അഭിപ്രായപ്പെടുന്നത്. 'ഋതുരാജ് നയിച്ച രീതി കാരണം അദ്ദേഹം ക്യാപ്റ്റനായി തുടരുമെന്ന് എനിക്ക് തോന്നുന്നു. ടീമിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല, പക്ഷേ അദ്ദേഹത്തിന്റെ ക്യാപ്റ്റൻസി മോശമായിരുന്നില്ല. മഹി ഭായ്, രവീന്ദ്ര ജഡേജ, മറ്റ് നിരവധി മുതിർന്ന കളിക്കാർ എന്നിവർ ടീമിലുള്ളപ്പോൾ ആ കളിക്കാരെയെല്ലാം ഒപ്പം കൊണ്ടുപോയി ക്യാപ്റ്റൻസി ചെയ്യുന്നത് അത്ര എളുപ്പമല്ല'; പൂജാര കൂട്ടിച്ചേർത്തു.
അതേസമയം, രാജസ്ഥാൻ റോയൽസിൽ ഒന്നിലധികം സീസണുകളിൽ നായകനായി കളിച്ച സഞ്ജു സാംസൺ കഴിഞ്ഞ സീസണിൽ പരിക്ക് മൂലം ചില കളികൾ നഷ്‌ടപെടുത്തിയിരുന്നു. ഇത് ടീമിന്റെ മൊത്തം പ്രകടനത്തെയാണ് ബാധിച്ചത്. നിലവിൽ സിഎസ്കെയിൽ താരത്തിന് കൂടുതൽ ഉത്തരവാദിത്തങ്ങൾ ലഭിക്കാനിടയില്ലെന്നാണ് സൂചന. ഒരു ബാറ്റർ-വിക്കറ്റ് കീപ്പർ എന്ന നിലയിലാവും സഞ്ജുവിന്റെ ചുമതലകൾ.