വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ഡല്‍ഹിയുടെ കന്നി ഫൈനല്‍ മോഹം പൊലിഞ്ഞു... ചെന്നൈ-മുംബൈ ഫൈനല്‍

ആറു വിക്കറ്റിനാണ് സിഎസ്‌കെയുടെ വിജയം

By Manu
1
45948
ഇനി മുംബൈ-ചെന്നൈ എല്‍ ക്ലാസിക്കോ' പോരാട്ടം

വിശാഖപട്ടണം: ഐപിഎല്ലിന്റെ ചരിത്രത്തിലാദ്യമായി ഫൈനലില്‍ കളിക്കുകയെന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ മോഹം പൊലിഞ്ഞു. ക്വാളിഫയര്‍ 2വില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ഡല്‍ഹിയുടെ കിരീടപ്രതീക്ഷകള്‍ തല്ലിക്കെടുത്തിയത്. ഈ സീസണില്‍ നേരത്തേ കളിച്ച രണ്ടു മല്‍സരങ്ങളിലും ഡല്‍ഹിയെ തകര്‍ത്തുവിട്ട സിഎസ്‌കെ ഇത്തവണയും ജയമാവര്‍ത്തിക്കുകയായിരുന്നു. ആറു വിക്കറ്റിന്റെ ഗംഭീര വിജയമാണ് ധോണിപ്പട ആഘോഷിച്ചത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ചെന്നൈ മുന്‍ ജേതാക്കളായ മുംബൈ ഇന്ത്യന്‍സുമായി ഏറ്റുമുട്ടും.

watson

ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിയുടെ ശക്തമായ ബാറ്റിങ് നിരയെ 147 റണ്‍സിലൊതുക്കിയപ്പോള്‍ തന്നെ ചെന്നൈ വിജയപ്രതീക്ഷയിലായിരുന്നു. തുടക്കത്തില്‍ തന്നെ ഒന്നോ, രണ്ടോ വിക്കറ്റുകള്‍ വീഴ്ത്തിയാല്‍ മാത്രമേ ഡല്‍ഹിക്കു വിജയസാധ്യതയുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഓപ്പണിങ് വിക്കറ്റില്‍ ഷെയ്ന്‍ വാട്‌സന്‍- ഫഫ് ഡുപ്ലെസി സഖ്യം 81 റണ്‍സ് അടിച്ചെടുത്തപ്പോള്‍ തന്നെ ഡല്‍ഹി കളി കൈവിട്ടിരുന്നു. 19 ഓവറില്‍ നാലു വിക്കറ്റിന് സിഎസ്‌കെ ലക്ഷ്യത്തിലേക്കു കുതിച്ചെത്തി. ഓപ്പണര്‍മാരായ വാട്‌സനും (50) ഡുപ്ലെസിയും (50) കളിയില്‍ ഫിഫ്റ്റി നേടി. 32 പന്തില്‍ നാലു സിക്‌സറും മൂന്നു ബൗണ്ടറികളുമടങ്ങിയതാണ് വാട്‌സന്റെ ഇന്നിങ്‌സെങ്കില്‍ 39 പന്തില്‍ ഏഴു ബൗണ്ടറികളോടെയാണ് ഡുപ്ലെസി 50 റണ്‍സ് നേടിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട ഡല്‍ഹി ഒമ്പതു വിക്കറ്റിന് 147 റണ്‍സെടുത്തു. സീസണിലെ മുന്‍ മല്‍സരങ്ങളെപ്പോലെ ഈ കളിയിലും സിഎസ്‌കെയുടെ ബൗളിങ് ആക്രമണത്തിനു മുന്നില്‍ ഡല്‍ഹിക്കു മറുപടി ഉണ്ടായിരുന്നില്ല. റിഷഭ് പന്തിന്റെയും (38) കോളിന്‍ മണ്‍റോയുടെയും (27) ഇന്നിങ്‌സുകള്‍ കൂടി ഇല്ലായിരുന്നെങ്കില്‍ ഡല്‍ഹിയുടെ സ്ഥിതി കൂടുതല്‍ ദയനീയമാവുമായിരുന്നു. 25 ബോളില്‍ രണ്ടു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതാണ് പന്തിന്റെ ഇന്നിങ്‌സ്.

മണ്‍റോ 24 പന്തില്‍ നാലു ബൗണ്ടറികള്‍ നേടി. പൃഥ്വി ഷാ (5), ശിഖര്‍ ധവാന്‍ (18), ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (13), അക്ഷര്‍ പട്ടേല്‍ (3), ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ് (10), കീമോ പോള്‍ (3), ട്രെന്റ് ബോള്‍ട്ട് (6), എന്നിവരെല്ലാം നിരാശപ്പെടുത്തി. വാലറ്റത്ത് മൂന്നു പന്തില്‍ ഓരോ ബൗണ്ടറിയും സിക്‌സറുമടക്കം പുറത്താവാതെ 10 റണ്‍സെടുത്ത ഇഷാന്ത് ശര്‍മയാണ് ഡല്‍ഹിയുടെ സ്‌കോര്‍ 147 വരെയെത്തിച്ചത്. രണ്ടു വിക്കറ്റ് വീതമെടുത്ത ദീപക് ചഹര്‍, ഹര്‍ഭജന്‍ സിങ്, ഡ്വയ്ന്‍ ബ്രാവോ, രവീന്ദ്ര ജഡേജ എന്നിവരാണ് ഡല്‍ഹിയെ എറിഞ്ഞൊതുക്കിയത്. ഇമ്രാന്‍ താഹിറിനു ഒരു വിക്കറ്റ് ലഭിച്ചു.

ടോസിനു ശേഷം സിഎസ്‌കെ നായകന്‍ എംഎസ് ധോണി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്വാളിഫയര്‍ വണ്ണില്‍ കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് സിഎസ്‌കെ ഇറങ്ങിയത്. മുരളി വിജയ്ക്കു പകരം ശര്‍ദ്ദുല്‍ താക്കൂര്‍ ടീമിലെത്തി. മറുഭാഗത്ത് എലിമിനേറ്ററില്‍ ജയിച്ച അതേ ടീമിനെ തന്നെ ഡല്‍ഹി നിലനിര്‍ത്തുകയായിരുന്നു.

Story first published: Friday, May 10, 2019, 23:08 [IST]
Other articles published on May 10, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X