ചെന്നൈ: രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തിരിച്ചെത്തിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്രിക്കറ്റ് അക്കാദമി തുടങ്ങുന്നു. അടുത്തവര്‍ഷം മധ്യത്തോടെ അക്കാദമിക്ക് തുടക്കം കുറിക്കുമെന്ന് ടീമിന്റെ ഡയറക്ടര്‍ ജോര്‍ജ് ജോണ്‍ അറിയിച്ചു. ഒത്തുകളി ആരോപണത്തെ തുടര്‍ന്നാണ് ടീമിനെ രണ്ടവര്‍ഷത്തേക്ക് വിലക്കിയിരുന്നത്.
അടുത്ത സീസണ്‍ മുതല്‍ എംഎസ് ധോണിയെ ക്യാപ്റ്റനാക്കി ടീം ഐപിഎല്ലില്‍ കളിക്കും. ടീമിന്റെ വിശ്വാസ്യത നിലനിര്‍ത്താനും കൂടുതല്‍ യുവതാരങ്ങളെ കണ്ടെത്താനുമാണ് അക്കാദമി തുറക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സീനിയര്‍ ടീമിന്റെ കോച്ചുമാരുടെ നേതൃത്വത്തിലായിരിക്കും യുവ താരങ്ങളെ കണ്ടെത്തുന്നതും പരിശീലിപ്പിക്കുന്നതും.

കൂടാതെ, സൂപ്പര്‍ കിങ്‌സ് നേതൃത്വം നല്‍കുന്ന ഇന്റര്‍ സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പിന്റെ നാലാം സീസണും ഡിസംബര്‍ അവസാനം ആരംഭിക്കും. വിവിധ ജില്ലകളിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ആദ്യഘട്ട മത്സരങ്ങളും പിന്നീട് ജില്ലാ അടിസ്ഥാനത്തിലുമാണ് മത്സരം നടക്കുക. അടുത്തിടെ ഇന്ത്യന്‍ ടീമിലെത്തിയ യുവതാരം വാഷിങ്ടണ്‍ സുന്ദറിനെപോലുള്ള താരങ്ങളെ കണ്ടെത്തുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ലക്ഷ്യം.