ധോണി കൈവിട്ടു, എന്നാല്‍ കോലി ഇവരെ കൈപിടിച്ചുയര്‍ത്തി- ഒരാള്‍ ക്യാപ്റ്റന്‍ വരെ ആയി!

ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തയും മികച്ച ക്യാപ്റ്റന്‍മാരുടെ നിരയിലാണ് മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി, അടുത്തിടെ പടിയിറങ്ങിയ വിരാട് കോലി എന്നിവരുടെ സ്ഥാനം. ധോണി നിര്‍ത്തിയ ഇടത്തു നിന്നു തുടങ്ങിയ കോലി വിജയകരമായി തന്നെയാണ് തന്റെ ദൗത്യവും പൂര്‍ത്തിയാക്കിയത്. എന്നാല്‍ ഒരു സ്വപ്‌നം യാഥാര്‍ഥ്യമാക്കാനാവാതെയാണ് കോലി ക്യാപ്റ്റന്‍സി അവസാനിപ്പിച്ചത്. ഐസിസി ട്രോഫി വിജയമെന്ന നേട്ടമായിരുന്നു ഇത്. ധോണിക്കു കീഴില്‍ മൂന്ന് ഐസിസി ട്രോഫികള്‍ ഇന്ത്യ സ്വന്തമാക്കിയെങ്കിലും കോലിക്കു കീഴില്‍ ഒന്നു പോലും ചൂണ്ടിക്കാണില്ല.

തീര്‍ത്തും വ്യത്യസ്തമാ സ്വഭാവ സവിശേഷതയുള്ള ക്യാപ്റ്റന്‍മാര്‍ കൂടിയാണ് ഇരുവരും. ധോണി വളരെ ശാന്ത പ്രകൃതമുള്ള നായകനായിരുന്നെങ്കില്‍ കോലി നേര്‍ വിപരീതമായിരുന്നു. വളരെ അഗ്രസീവായ, എതിരാളികളെ അവരുടെ മടയില്‍ പോയി വെല്ലുവിളിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ക്യാപ്റ്റനായിരുന്നു അദ്ദേഹം. പക്ഷെ ധോണി അത്രത്തോളം അഗ്രസീവായിരുന്നില്ല, മാത്രമല്ല ബുദ്ധിപരമായി കരുക്കങ്ങള്‍ നീക്കുന്ന, അതീവ തന്ത്രശാലിയായ നായകനായിരുന്നു ധോണി.

തങ്ങള്‍ ടീമിനെ നയിച്ചിരുന്ന കാലത്ത് ഇരുവര്‍ക്കും പ്രിയപ്പെട്ട ചില കളിക്കാരുണ്ടായിരുന്നു. അവരെ ധോണിയും കോലിയും അങ്ങേയറ്റം പിന്തുണയ്ക്കുകയും ചെയ്തു. എന്നാല്‍ ധോണി ക്യാപ്റ്റനായിരിക്കെ വേണ്ടത്ര പിന്തുണ ലഭിക്കാതെ പോവുകയും പിന്നീട് കോലി വന്നപ്പോള്‍ കൈപിടിച്ചുയര്‍ത്തുകയും ചെയ്ത ചില കളിക്കാരുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

 കുല്‍ദീപ് യാദവ്

കുല്‍ദീപ് യാദവ്

ചൈനാമാന്‍ എന്നറിയപ്പെട്ടിരുന്ന യുവ റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവാണ് ഇവരില്‍ ആദ്യത്തെയാള്‍. ഒരു സമയത്ത് വിരാട് കോലിയുടെ ടീമിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായിരുന്നു കുല്‍ദീപ്. 2014ലെ അണ്ടര്‍ 19 ലോകകപ്പില്‍ വിക്കറ്റ് വേട്ടയില്‍ ഒന്നാമതെത്തിയതോടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. അന്നു 14 വിക്കറ്റുകള്‍ കുല്‍ദീപ് വീഴ്ത്തിയിരുന്നു.

പക്ഷെ സീനിയര്‍ ടീമിനു വേണ്ടി അരങ്ങേറാന്‍ പിന്നെയും മൂന്നു വര്‍ഷങ്ങള്‍ കൂടി അദ്ദേഹത്തിനു കാത്തിരിക്കേണ്ടി വന്നു. ഇന്ത്യന്‍ ടീമിനൊപ്പം ചില പരമ്പരകളില്‍ കുല്‍ദീപുണ്ടായിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചില്ല. ഈ സമയത്ത് ധോണിയായിരുന്നു ഇന്ത്യയെ നയിച്ചത്. അത്ര താല്‍പ്പര്യമില്ലാതെയാണ് 2017ല്‍ ഓസ്‌ട്രേലിയക്കെതിരേ നടന്ന ടെസ്റ്റില്‍ കുല്‍ദീപിന് അദ്ദേഹം അരങ്ങേറാന്‍ അവസരം നല്‍കിയത്. മികച്ച പ്രകടനത്തിലൂടെ താരം ധോണിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു.

വൈകാതെ ഏകദിനത്തിലും കുല്‍ദീപ് അരങ്ങേറ്റം കുറിച്ചു. പക്ഷെ ടീമിലെ സ്ഥിര സാന്നിധ്യമായത് കോലി നായകസ്ഥാനത്തേക്കു വന്നതോടെയായിരുന്നു. രണ്ടു വര്‍ഷം കൊണ്ട് ടീമിലെ പ്രീമിയം സ്പിന്നറായി കുല്‍ദീപ് മാറി. യുസ്വേന്ദ്ര ചാഹലിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. എന്നാല്‍ പിന്നീട് കുല്‍ദീപിന്റെ ഫോമില്‍ വന്‍ ഇടിവുണ്ടാവുകയും ഇതേ തുടര്‍ന്ന് ടീമില്‍ നിന്നു പുറത്താവുകയുമായിരുന്നു.

 ഉമേഷ് യാദവ്

ഉമേഷ് യാദവ്

ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ഭാഗമായി ഇപ്പോഴും തുടരുന്ന ഫാസ്റ്റ് ബൗളര്‍ ഉമേഷ് യാദവാണ് ധോണി കൈവിട്ടിട്ടും കോലിയുടെ പിന്തുണ കൊണ്ടു മാത്രം കരിയര്‍ വീണ്ടെടുത്ത മറ്റൊരാള്‍. 2011ലായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഉമേഷിന്റെ അരങ്ങേറ്റം. വലിയ പ്രതീക്ഷ നല്‍കിയിരുന്ന താരം കൂടിയായിരുന്നു അദ്ദേഹം. സ്ഥിരമായി ഉയര്‍ന്ന വേഗതയില്‍ ബൗള്‍ ചെയ്യാനുള്ള കഴിവായിരുന്നു ഇതിനു പ്രധാന കാരണം. പക്ഷെ സ്ഥിരതയില്ലായ്മ ഒരു പ്രശ്‌നമായിരുന്നു.

എല്ലാ ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീമിന് അകത്തും പുറത്തുമായി ഉമേഷിന് തുടരേണ്ടി വന്നു. ധോണിക്കു കീഴില്‍ വെറും 13 ടെസ്റ്റുകളില്‍ മാത്രമേ അദ്ദേഹം കളിച്ചിട്ടുള്ളൂ. ഉമേഷിന്റെ കഴിവില്‍ ധോണിക്കു വേണ്ടത്ര വിശ്വാസമില്ലായിരുന്നു എന്നതാണ് ഇതിന്റെ പ്രധാന കാരണം. എന്നാല്‍ ഫാസ്റ്റ് ബൗളര്‍മാരെ കൂടുതല്‍ ഇഷ്ടപ്പെടുന്ന കോലി ക്യാപ്റ്റന്‍ ്സ്ഥാനത്തേക്കു വന്നതോടെ ഉമേഷിന്റെ സമയവും തെളിഞ്ഞു. 2015നു ശേഷം അദ്ദേഹത്തിനു സ്ഥിരമായി അവസരങ്ങളും ലഭിക്കാന്‍ തുടങ്ങി. ടെസ്റ്റ് ക്രിക്കറ്റിലായിരുന്നു കൂടുതലും. നാട്ടിലെ ടെസ്റ്റുകളില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് പേസര്‍മാരില്‍ ഒരാളായിരുന്നു ഉമേഷ്.

2016-17ലെ ഹോം സീസണില്‍ ഇന്ത്യ കളിച്ച 13 ടെസ്റ്റുകളില്‍ 12ലും അദ്ദേഹം കളിച്ചിരുന്നു. ടെസ്റ്റില്‍ ഇപ്പോള്‍ പ്ലെയിങ് ഇലവനിലെ സ്ഥിരം സാന്നിധ്യമെങ്കിലും ഏതെങ്കിലുമൊരാള്‍ക്കു പരിക്കു കാരണം പുറത്തിരിക്കേണ്ടി വന്നാല്‍ ഉമേഷിനാണ് നറുക്ക് വീഴാറുള്ളത്. ഏറ്റവും അവസാനായി സൗത്താഫ്രിക്കയ്‌ക്കെതിരേ സമാപിച്ച ടെസ്റ്റ് പരമ്പരയിലും അദ്ദേഹത്തിനു അവസരം ലഭിച്ചിരുന്നു.

 കെഎല്‍ രാഹുല്‍

കെഎല്‍ രാഹുല്‍

ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു വരെ ഇപ്പോള്‍ എത്തിയിരിക്കുന്ന കെഎല്‍ രാഹുലിനെയും പിന്തുണ നല്‍കി വളര്‍ത്തിക്കൊണ്ടു വന്നത് കോലിയാണ്. സൗത്താഫ്രിക്കയ്‌ക്കെതിരേ നടക്കുന്ന ഏകദിന പരമ്പരയില്‍ ഇപ്പോള്‍ രാഹുലിനു കീഴില്‍ കോലി കളിക്കുകയും ചെയ്തിരിക്കുകയാണ്. ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടയ്ക്കു വേണ്ടി മികച്ച പ്രകടനങ്ങള്‍ നടത്തിയതോടെയാണ് രാഹുല്‍ ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. 2010ലെ അണ്ടര്‍ 19 ലോകകപ്പിലും താരം കളിച്ചിരുന്നു. സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിക്കൊണ്ടിരുന്നെങ്കിലും ആദ്യത്തെ മൂന്ന്- നാലു വര്‍ഷത്തേക്കു രാഹുല്‍ ദേശീയ ടീമിലേക്കു പരിഗണിക്കപ്പെട്ടില്ല.

2014-15ലെ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലൂടെയായിരുന്നു രാഹുലിന്റെ അരങ്ങേറ്റം. മെല്‍ബണിലെ മൂന്നാം ടെസ്റ്റിലൂടെ താരം അരങ്ങേറുകയും ചെയ്തു. ഈ ടെസ്റ്റിനു ശേഷമായിരുന്നു ധോണി ടെസ്റ്റില്‍ നിന്നും അപ്രതീക്ഷിതമായി വിരമിച്ചത്. കന്നി ടെസ്റ്റില്‍ ഫ്‌ളോപ്പായ രാഹുല്‍ സിഡ്‌നിയിലെ അടുത്ത ടെസ്റ്റില്‍ സെഞ്ച്വറിയുമായി തിളങ്ങിയിരുന്നു. പരിക്കുകള്‍ കരിയറിന്റെ തുടക്കകാലത്ത് രാഹുലിനെ വിടാതെ പിന്തുടര്‍ന്നെങ്കിലും കോലി പിന്തുണ തുടര്‍ന്നു. താരത്തിന്റെ കഴിവില്‍ അദ്ദേഹത്തിനുണ്ടായിരുന്ന വിശ്വാസമായിരുന്നു ഇതിനു കാരണം.

ധോണി 2017വരെ നിശ്ചിത ഓവര്‍ ക്യാപ്റ്റനായിരുന്നെങ്കിലും രാഹുലിന് ഈ ഫോര്‍മാറ്റുകളില്‍ വേണ്ടത്ര പിന്തുണ ലഭിച്ചില്ല. പക്ഷെ കോലി വൈറ്റ് ബോള്‍ ക്രിക്കറ്റിലും ക്യാപ്റ്റനായ ശേഷം പല പൊസിഷനുകളിലായി ടീമിലുള്‍പ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഏകദിനത്തില്‍ മൂന്ന്, നാല് പൊസിഷനുകളിലെല്ലാം രാഹുല്‍ നേരത്തേ കളിച്ചിട്ടുണ്ട്. ഇപ്പോള്‍ ടീമിന്റെ അവിഭാജ്യ ഘടകമായി മാറിയ അദ്ദേഹം ഭാവിയിലെ സ്ഥിരം ക്യാപ്റ്റന്‍ സ്ഥാനത്തേക്കും വന്നിരിക്കുകയാണ്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Saturday, January 22, 2022, 15:45 [IST]
Other articles published on Jan 22, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X