ദുബായ്: ഐസിസി ടൂർണമെന്റുകളിലെ റൺ വേട്ടയിൽ ചരിത്രം കുറിച്ച് പാക് ഓപ്പണറും മുൻ ക്യാപ്റ്റനുമായ ബാബർ അസം. ഐസിസി ഏകദിന ടൂർണമെന്റുകളിൽ 1000 റൺസ് എന്ന നേട്ടമാണ് ബാബർ സ്വന്തമാക്കിയിരിക്കുന്നത്. ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ മാത്രം പാകിസ്ഥാൻ താരമാണ് ബാബർ അസം. ഹർഷിത് റാണയുടെ പന്തിൽ ബൗണ്ടറി പായിച്ചാണ് ബാബർ തന്റെ നേട്ടം ആഘോഷിച്ചത്.
വെറും 24 ഇന്നിംഗ്‌സുകളിൽ നിന്നാണ് ബാബർ 1000 റൺസ് മറികടന്നത്. സയീദ് അൻവറും ജാവേദ് മിയാൻദാദും മാത്രമാണ് ഐസിസി ഏകദിന ടൂർണമെന്റുകളിൽ ആയിരമോ അതിലധികമോ റൺസ് നേടിയ മറ്റ് പാകിസ്ഥാൻ ബാറ്റർമാർ. നാല് ഐസിസി ഏകദിന ടൂർണമെന്റുകൾ മാത്രമാണ് ബാബർ കരിയറിൽ കളിച്ചിട്ടുള്ളത്.

ഇത് മാത്രമല്ല ആധുനിക ക്രിക്കറ്റിൽ പാകിസ്ഥാന്റെ ഇതിഹാസ താരങ്ങളായി കണക്കാക്കുന്നത് പലർക്കും ഈ നേട്ടത്തിലേക്ക് എത്താൻ കഴിഞ്ഞിട്ടില്ല. ഇൻസമാം ഉൾ ഹഖ്, മിസ്ബാ ഉൾ ഹഖ്, മുഹമ്മദ് യൂസുഫ്, യൂനിസ് ഖാൻ എന്നിങ്ങനെ മുൻനിര താരങ്ങൾ ഒന്നും തന്നെ ഈ നേട്ടം കൈവരിച്ചിരുന്നില്ല. ഐസിസി ഏകദിന ടൂർണമെന്റുകളിലെ റൺ വേട്ടയിൽ നിലവിൽ മൂന്നാം സ്ഥാനത്താണ് ബാബർ അസം.
ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സയിദ് അൻവറിനെ ചാമ്പ്യൻസ് ട്രോഫിയിൽ മികച്ച പ്രകടനം നടത്തിയാൽ താരത്തിന് മറികടക്കാൻ കഴിഞ്ഞേക്കും. നിലവിൽ 1204 റൺസാണ് 25 ഇന്നിംഗ്‌സുകളിൽ നിന്ന് പാകിസ്ഥാന്റെ എക്കാലത്തെയും മികച്ച ഓപ്പണർമാരിൽ ഒരാളായ സായിദ് അൻവർ നേടിയത്. ജാവേദ് മിയാൻദാദ് പട്ടികയിൽ രണ്ടാമതാണ്.
അതേസമയം, ഇന്ത്യക്കെതിരായ ചാമ്പ്യൻസ് ട്രോഫി മത്സരത്തിൽ ഓപ്പണറായി മികച്ച തുടക്കമാണ് ബാബർ അസം നൽകിയത്. എന്നാൽ അതിന് അധികം ആയുസ് ഉണ്ടായിരുന്നില്ല. മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലെടുക്കാൻ ബാബറിനും ഇമാം ഉൾ ഹഖിനും കഴിഞ്ഞില്ല. ഇരുവരും കുറഞ്ഞ സ്‌കോറിൽ തന്നെ പുറത്തായി. ഹർദിക് പാണ്ഡ്യയാണ് ബാബറിനെ വീഴ്ത്തിയത്.
ആദ്യ മത്സരത്തിലെ പ്രകടനത്തിന്റെ പേരിൽ ബാബറിന് ഏറെ പഴി കേൾക്കേണ്ടി വന്നിരുന്നു. ന്യൂസിലൻഡിനെതിരെ 30-കാരൻ 90 പന്തിൽ 64 റൺസാണ് നേടിയത്, 321 റൺസ് ചേസ് ചെയ്യുന്നതിനിടെ 60 റൺസിനാണ് അവർ തോറ്റത്. ബാബറിന്റെ മോശം സ്‌ട്രൈക്ക് റേറ്റിനെ പലരും വിമർശന വിധേയമാക്കിയിരുന്നു. അതിന് പിന്നാലെയാണ് നിർണായക മത്സരത്തിൽ ഇന്ത്യക്കെതിരെയും ചെറിയ സ്കോറിന് താരം വീണത്.
കാരണം അന്താരാഷ്ട്ര ക്രിക്കറ്റിൽ മോശം കാലത്തിലൂടെയാണ് ബാബർ കടന്ന് പോവുന്നത്. അവസാനമായി താരം ഏകദിന സെഞ്ച്വറി നേടിയത് 2023 അഗസ്‌റ്റിൽ ആയിരുന്നു, അതും ദുർബലരായ നേപ്പാളിനോട്. അടുത്തിടെ ടെസ്‌റ്റ് ടീമിൽ നിന്നും താരം പുറത്തായിരുന്നു, ഇതേ പാതയിലാണോ പരിമിത ഓവർ ക്രിക്കറ്റിലെ സ്ഥാനവും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.