ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിസ്റ്റര്‍ കൂള്‍ എം എസ് ധോണി അപൂര്‍വ്വമായ ഒരു ലോകറെക്കോര്‍ഡിലേക്ക്. റെക്കോര്‍ഡ് എന്ന് കേട്ട് സന്തോഷിക്കുകയൊന്നും വേണ്ട. ആര്‍ക്കും സ്വന്തമാക്കാനിഷ്ടമില്ലാത്ത ഒരു റെക്കോര്‍ഡാണ് ഇന്ത്യന്‍ ക്യാപ്റ്റനെ തേടിയെത്താന്‍ പോകുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിംഗിന്റെയും ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറയുടെയും പേരിലാണ് ഇപ്പോള്‍ ഈ റെക്കോര്‍ഡ്.
ഇത്രയും പ്രത്യേകതയുള്ള ഈ റെക്കോര്‍ഡ് എന്താണ് എന്നല്ലേ. വിദേശത്ത് ഏറ്റവും അധികം ടെസ്റ്റ് മത്സരങ്ങള്‍ തോറ്റ ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡാണ് ഇത്. 16 ടെസ്റ്റുകളാണ് ഫ്‌ളെമിംഗും ലാറയും ക്യാപ്റ്റന്‍മാരായി തോറ്റത്. ക്യാപ്റ്റന്‍ ധോണിയുടെ വിദേശത്തെ തോല്‍വികളുടെ എണ്ണം ഈ കുറഞ്ഞ കാലം കൊണ്ട് തന്നെ 13 ല്‍ എത്തിയിട്ടുണ്ട്. ഇനി നാല് ടെസ്റ്റ് കൂടി തോറ്റാല്‍ റെക്കോര്‍ഡ് ധോണിക്ക് സ്വന്തം.

ന്യൂസിലന്‍ഡിലെ ടെസ്റ്റ് പരമ്പരയിലെ ദയനീയ തോല്‍വിയോടെ സൗരവ് ഗാംഗുലി, മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവരെ ഇക്കാര്യത്തില്‍ ധോണി മറികടന്നിരുന്നു. പത്ത് ടെസ്റ്റുകളാണ് ഇരുവരും ക്യാപ്റ്റന്മാരായി വിദേശത്ത് തോറ്റത്. വെല്ലിംഗ്ടണിലെ തോല്‍വി ക്യാപ്റ്റന്‍ ധോണിയുടെ കരിയറിലെ പതിനൊന്നാമത്തേതായിരുന്നു.
വിദേശത്ത് ഏറ്റവും അധികം ടെസ്റ്റ് വിജയങ്ങള്‍ക്ക് പക്ഷേ ധോണിക്ക് ഏറെ ദൂരം യാത്ര ചെയ്യാനുണ്ട്. 11 ടെസ്റ്റുകള്‍ വിദേശത്ത് ജയിച്ച സൗരവ് ഗാംഗുലിയാണ് ഇക്കാര്യത്തില്‍ കേമന്‍. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ഓരോ പരമ്പര വിജയങ്ങളും ദാദയുടെ അക്കൗണ്ടിലുണ്ട്. ഗാംഗുലിയുടെ കീഴില്‍ വെസ്റ്റ് ഇന്‍ഡീസിലും ശ്രീലങ്കയിലും സിംബാവെയിലും ഇന്ത്യ ടെസ്റ്റ് ജയിച്ചിട്ടുണ്ട്.