ഈ ഫോമില്‍ മക്കുല്ലം വിരമിക്കുകയോ.. വിശ്വാസം വരാതെ ആരാധകര്‍!
ക്രൈസ്റ്റ്ചര്‍ച്ച് : 27 പന്തില്‍ 47 റണ്‍സടിച്ച് ട്വന്റി 20യില്‍ നിന്നും വിരമിച്ചു. ഇപ്പോഴിതാ അതുക്കും മേലെ ഒരു തട്ടുപൊളിപ്പന്‍ പ്രകടനത്തോടെ ടെസ്റ്റില്‍ നിന്നും വിരമിക്കുന്നു. അവസാന ടെസ്റ്റില്‍ മക്കുല്ലം അടിച്ചെടുത്തത് ലോക ചരിത്രത്തിലെ ഏറ്റവും വേഗം കൂടി സെഞ്ചുറി. 79 പന്തില്‍ 21 ഫോറും 6 സിക്‌സും പറത്തി 145 റണ്‍സെടുത്ത് പുറത്തേക്ക് നടക്കുമ്പോള്‍ ആരാധകര്‍ ഒരേ സ്വരത്തില്‍ ചോദിക്കുന്നു... മക്കുല്ലം വിരമിക്കുകയോ, അതും ഈ ഫോമില്‍....
ലോകത്ത് ഒരു ബാറ്റ്‌സ്മാനും ഇത്രയധികം കരുത്തോടെ തന്റെ അവസാന ടെസ്റ്റ് കളിച്ചിട്ടുണ്ടാകില്ല. സച്ചിനും ഗാവസ്‌കറും പോണ്ടിംഗും എന്തിനധികം ബ്രാഡ്മാന്‍ പോലും. ഒരുപക്ഷേ അവസരം കിട്ടിയിരുന്നെങ്കില്‍ വീരേന്ദര്‍ സേവാഗ് കളിച്ചേനെ. കളി ആദ്യത്തേതായാലും അവസാനത്തേതായാലും സ്വന്തം ശൈലിയില്‍ കളിക്കാന്‍ സേവാഗിനെയും മക്കുലത്തെയും പോലെ വളരെ കുറച്ച് പേരേ കാണൂ എന്നാണ് കളിയാരാധകര്‍ക്ക് പറയാനുള്ളത്. മക്കുലത്തിന്റെ കുറച്ച് കളിവിശേഷങ്ങള്‍ ഇങ്ങനെ..

അതൊരു കൊടുങ്കാറ്റ്
ടെസ്റ്റ് മത്സരത്തില്‍ 54 പന്തില്‍ സെഞ്ചുറി. വിശ്വസിക്കാന്‍ പ്രയാസം തോന്നുന്ന ഈ ഇന്നിംഗ്‌സും കളിച്ച് ബ്രണ്ടന്‍ മക്കുലം ടെസ്റ്റിനോട് വിടപറയുകയാണ്. അതും മുപ്പത്തിനാലാം വയസ്സില്‍. ഇത്ര നേരത്തെ മക്കുലം എന്തിനിങ്ങനെ ഒരു തീരുമാനം എടുത്തു.

ഭൂമിയോളം താഴെ
റെക്കോര്‍ഡ് ഇന്നിംഗ്‌സ കഴിഞ്ഞ് മക്കുലം പറഞ്ഞത് കേട്ടോ. തന്റെ ആരാധ്യപുരുഷനായ വിവ് റിച്ചാര്‍ഡ്‌സിന്റെ പേരിലുള്ള റെക്കോര്‍ഡ് താന്‍ തകര്‍ക്കേണ്ടായിരുന്നു എന്ന്... വേറെ ആര് കാണിക്കും ഈ ലാളിത്യം.

ഐ പി എല്ലിന് തുടക്കമിട്ട മാലപ്പടക്കം
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഒന്നാമത്തെ മത്സരം ഓര്‍മയുണ്ടോ. ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെതിരെ കൊല്‍ക്കത്തയ്ക്ക് വേണ്ടി ഓപ്പണ്‍ ചെയ്ത് മക്കുലം 158 റണ്‍സടിച്ച കളി. ഐ പി എല്ലിനെ ഇത്ര വലിയ ഹിറ്റാക്കിയതില്‍ ആ തുടക്കത്തിനുള്ള പങ്ക് ചെറുതല്ല

ലോകകപ്പ് ഫൈനലില്‍
ശരാശരി ടീമായ ന്യൂസിലന്‍ഡിനെ ലോകകപ്പിന്റെ ഫൈനല്‍ വരെ എത്തിച്ചു ബ്രണ്ടന്‍ മക്കുലം കഴിഞ്ഞ വര്‍ഷം പക്ഷേ ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റു. 2015 ലോകകപ്പില്‍ ന്യൂസിലന്‍ഡിന്റെ ഏക തോല്‍വിയായിരുന്നു ഇത്.

ട്രിപ്പിള്‍ സെഞ്ചുറി
ഇന്ത്യക്കെതിരായ 302 റണ്‍സാണ് മക്കുലത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ന്യൂസിലന്‍ഡ് ഒന്നാമിന്നിംഗ്‌സില്‍ 246 റണ്‍സിന് പിന്നില്‍. 52ന് മൂന്ന് എന്ന നിലയില്‍ പതറുമ്പോള്‍ ക്രീസിലെത്തിയ മക്കുല്ലം പാറ പോലെ ഉറച്ചു. ഒടുവില്‍ പുറത്താകുമ്പോള്‍ കീവിസിന്റെ സ്‌കോര്‍ 625 ന് 7. കളി സമനില.

തട്ടുപൊളിപ്പന്‍ കരിയര്‍
ടെസ്റ്റിലും ഏകദിനത്തിലും ആറായിരത്തിന് മേല്‍ റണ്‍സ്. ടെസ്റ്റില്‍ 12ഉം ഏകദിനത്തില്‍ അഞ്ചും ട്വന്റി 20യില്‍ 2 ഉം സെഞ്ചുറികള്‍. ഏകദിനത്തില്‍ നൂറിനോടടുത്തും ട്വന്റി 20യില്‍ 136ന് മേലും നില്‍ക്കുന്ന സ്‌ട്രൈക്ക് റേറ്റ്. ഇതൊക്കെയാണ് മക്കുലം.

ഐ പി എല്ലില്‍ കാണാം
അന്താരാഷ്ട്ര ക്രിക്കറ്റ് വിട്ടെങ്കിലും ഐ പി എല്ലില്‍ ഇനിയും കുറേ വര്‍ഷങ്ങള്‍ കൂടി മക്കുലത്തിന്റെ കളി കാണാം. സുരേഷ് റെയ്‌നയുടെ രാജ്‌കോട്ട് ലയണ്‍സിലാണ് മക്കുലം ഈ സീസണ്‍ മുതല്‍ കളിക്കുക. കഴിഞ്ഞ വര്‍ഷം വരെ ധോണിക്കൊപ്പം ചെന്നൈ ടീമിലായിരുന്നു.

കേരളത്തിന്റെ പ്രിയപ്പെട്ടവന്‍
സ്വന്തമായി ഐ പി എല്‍ ടീമുണ്ടായിരുന്ന ഒരേ ഒരു സീസണില്‍ കൊച്ചിന്‍ ടസ്‌കേഴ്‌സിന് വേണ്ടി മക്കുലം കളിച്ചിരുന്നു. സച്ചിന്‍ സെഞ്ചുറിയടിച്ച കളിയില്‍ മുംബൈയ്‌ക്കെതിരെ തട്ടുപൊളിപ്പന്‍ അടികളോടെ മക്കുലം കേരളത്തെ ജയിപ്പിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications