സിഡ്‌നി: ഒരു ച്യൂയിങ് ഗം ഇങ്ങനെ പണി തരുമെന്ന് ബ്രണ്ടന്‍ മക്കല്ലം സ്വപ്‌നത്തില്‍ പോലും വിചാരിച്ചു കാണില്ല. അത്രയേറെ ബുദ്ധിമുട്ടാണ് ഒരു ച്യൂയിങ് ഗം കാരണം മക്കല്ലത്തിന് അനുഭവിക്കേണ്ടി വന്നത്. ഓസ്ട്രലിയയിലെ ബിഗ് ബാഷ് ടി ട്വന്റി ലീഗിലെ മത്സരത്തിനിടെയാണ് മക്കല്ലത്തിന്റെ തൊണ്ടയില്‍ ച്യൂയിങ് ഗം കുടുങ്ങിയത്.
ബിഗ് ബാഷ് ലീഗില്‍ ബ്രിസ്‌ബെയ്ന്‍ ഹീറ്റ്‌സും മെല്‍ബണ്‍ റിനിഗേഡ്‌സും തമ്മിലുള്ള മത്സരത്തിനിടെയായിരുന്ന സംഭവം. പതിവു പോലെ വായില്‍ ച്യൂയിംങ് ഗം ചവച്ചുകൊണ്ടാണ് മക്കല്ലം ബ്രിസ്‌ബെയ്ന്‍ ഹീറ്റ്‌സിന് വേണ്ടി ബാറ്റ് ചെയ്യാനിറങ്ങിയത്. ബാറ്റിംഗിനിടയില്‍ പെട്ടെന്നാണ് ചുമച്ചു കൊണ്ട് മക്കല്ലം ഗ്രൗണ്ടില്‍ തളര്‍ന്നിരുന്നത്.

മക്കല്ലം ശക്തമായി ചുമയ്ക്കുന്നത് കണ്ട സഹകളിക്കാര്‍ സംഭവമെന്തെന്നറിയാതെ ഞെട്ടിത്തരിച്ച് നിന്നു. പിന്നീടാണ് മക്കല്ലം ഗ്രൗണ്ടില്‍ ഛര്‍ദിക്കാന്‍ തുടങ്ങിയത്. ഇതുകണ്ട കളിക്കാരും കാണികളും ശരിക്കും ഭയന്നു. എന്നാല്‍ തൊണ്ടയില്‍ ച്യൂയിങ് ഗം കുടുങ്ങിയതിനാലാണ് ഛര്‍ദിച്ചതെന്ന് മക്കല്ലം പറഞ്ഞതോടെയാണ് മറ്റുള്ളവര്‍ക്ക് ആശ്വാസമായത്.
ഏറെ പണിപെട്ടാണെങ്കിലും തൊണ്ടയില്‍ കുടുങ്ങിയ ച്യൂയിങ് ഗം മക്കല്ലം പുറത്തെടുത്തു. ശേഷം ബ്രിസ്‌ബെയ്ന്‍ ഹീറ്റ്‌സിന് വേണ്ടി ബാറ്റിംഗ് പുനരാരംഭിച്ച മക്കല്ലം വെറും പതിനെട്ട് പന്തില്‍ നിന്ന് അര്‍ധശതകം നേടുകയും ചെയ്തു. പക്ഷേ മത്സരത്തില്‍ ബ്രിസ്‌ബെയ്ന്‍ ഹീറ്റ്‌സ് മെല്‍ബണ്‍ റിനിഗേഡ്‌സിനോട് ഒരു റണ്ണിന് പരാജയപ്പെട്ടു.